ലണ്ടനിൽ വീണ്ടും തീ; കാംഡൻ ലോക് മാർക്കറ്റിൽ നാശം

കാംഡൻ ലോക് മാർക്കറ്റിലുണ്ടായ തീപിടിത്തം. ചിത്രം: റോയിട്ടേഴ്സ്

ലണ്ടൻ∙ ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ കാംഡൻ ലോക് മാർക്കറ്റിന്റെ ഭാഗങ്ങൾ കത്തിനശിച്ചു. 80 പേർ കൊല്ലപ്പെട്ട പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തിന് ഒരു മാസം തികയും മുൻപേയാണിത്.

അഗ്നിശമനസേനയുടെ വൻസംഘമെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. തീപിടിത്ത കാരണം അറിവായിട്ടില്ല. അതിരാവിലെയാണ് സംഭവം. തീ പടർന്നതോടെ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

യുകെയിലെ മുഖ്യവിനോദസഞ്ചാരകേന്ദ്രം കൂടിയാണു വടക്കൻ ലണ്ടനിലെ കാംഡൻ മാർക്കറ്റ്. 2008ലും 2014ലും മാർക്കറ്റിൽ തീപിടിത്തമുണ്ടായിരുന്നു. വിലകുറഞ്ഞ തുണിത്തരങ്ങളുടെ കേന്ദ്രമായ കാംഡൻ മാർക്കറ്റിൽ പ്രതിവർഷം 2.8 കോടി ആളുകളാണെത്തുന്നത്.