Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തിയുമായി ഐഫെൽ ടവറിൽ കയറാനെത്തിയ യുവാവ് അറസ്റ്റിൽ

പാരിസ് ∙ കത്തിയുമായി ഐഫെൽ ടവറിൽ ബലമായി പ്രവേശിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ മൂന്നുമണി) സംഭവം. ഇയാൾ 19 വയസ്സുള്ള ഫ്രഞ്ച് പൗരനാണെന്ന് അറിയുന്നു. ഏതാനും മാസങ്ങളായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലായിരുന്ന ഇയാളെ നാലിനാണ് രണ്ടു ദിവസത്തേക്കു പുറത്തു വിട്ടത്.

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗമായ ആൾ പറഞ്ഞതനുസരിച്ച് ഒരു സൈനികനെ കുത്താനാണു കത്തിയുമായി വന്നതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി അറിയുന്നു. അറസ്റ്റിനുശേഷം പൊലീസ് ടവറും പരിസരവും പരിശോധിക്കുകയും സന്ദർശകരെ ഒഴിപ്പിക്കുകയും ചെയ്തു. സംശയാസ്പദമായി ഒന്നും കണ്ടുകിട്ടിയില്ല.

സാധാരണ കുറ്റകൃത്യമെന്ന നിലയിലാണു തുടക്കത്തിൽ സംഭവത്തെ കണ്ടതെങ്കിലും പിന്നീട് അന്വേഷണം ഭീകരവിരുദ്ധ വിഭാഗത്തിനു കൈമാറി. 2015 ജനുവരിയിൽ ഫ്രാൻസിൽ 239 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആ വർഷംതന്നെ നവംബറിൽ പാരിസ് റസ്റ്ററന്റിലെ ഭീകരാക്രമണത്തിൽ 130 പേരാണു കൊല്ലപ്പെട്ടത്.