ലണ്ടൻ ∙ ഈയിടെ പോളണ്ട് സന്ദർശനത്തിനിടെ നവജാതശിശുവിനുള്ള കളിപ്പാട്ടം പാരിതോഷികമായി കിട്ടിയപ്പോൾ കെയ്റ്റിന്റെ മുഖത്തു വിടർന്ന ചെറുപുഞ്ചിരിക്ക് ഉത്തരമായി. വില്യം രാജകുമാരനും ഭാര്യ കെയ്റ്റും മൂന്നാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതായി കെൻസിങ്ടൻ കൊട്ടാരത്തിൽനിന്ന് ഔദ്യോഗിക പ്രഖ്യാപനം. ബ്രിട്ടനിൽ താരപരിവേഷമുള്ള നാലുവയസ്സുകാരൻ ജോർജ് രാജകുമാരനും രണ്ടുവയസ്സുകാരി ഷാർലറ്റ് രാജകുമാരിക്കും ഓമനിക്കാൻ അനുജനോ അനിയത്തിയോ എന്ന കാത്തിരിപ്പിനും തുടക്കം. ഗർഭകാല അസ്വസ്ഥതകൾമൂലം കെയ്റ്റ് യാത്രകളും പൊതുപരിപാടികളും റദ്ദാക്കിയിരുന്നു. പ്രസവം അടുത്ത വർഷം ഏപ്രിലിലോ മേയിലോ ആയിരിക്കുമെന്നാണു സൂചന.
രാജകിരീടവുമായി ബന്ധപ്പെട്ടു നോക്കിയാൽ പിറക്കാനിരിക്കുന്ന കുഞ്ഞ് അത്ര പ്രാധാന്യമുള്ളയാളല്ല. എലിസബത്ത് രാജ്ഞിക്കു ശേഷം മകൻ ചാൾസ് രാജകുമാരൻ, തുടർന്നു ചാൾസ്–ഡയാന ദമ്പതികളുടെ മകനായ വില്യം. തൊട്ടുപിന്നിൽ, വില്യമിന്റെ മക്കളായ ജോർജ്, ഷാർലറ്റ്. ഇനി ജനിക്കുന്ന കുട്ടിക്ക് അഞ്ചാം സ്ഥാനം മാത്രം. അതോടെ, ഡയാനയുടെ ഇളയമകൻ ഹാരിക്ക് സിംഹാസനത്തിലേക്കുള്ള പിന്തുടർച്ചയിൽ ആറാം സ്ഥാനമാകും. പുതിയ വിശേഷം അറിഞ്ഞില്ലേയെന്ന ചോദ്യത്തിനു തള്ളവിരലുയർത്തി ഹാരി പറഞ്ഞു: തകർപ്പൻ വാർത്തയല്ലേ!