സുഷമ – ഇവാൻക കൂടിക്കാഴ്ച; ട്വിറ്ററിൽ പുകഴ്ത്തൽ

ന്യൂയോർക്ക് ∙ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയും യുഎൻ പൊതുസഭാ വേദിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സുഷമയെ പുകഴ്ത്തി ഇവാൻകയുടെ ട്വീറ്റ്. നവംബർ 28 മുതൽ 30 വരെ ഹൈദരാബാദിൽ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഉച്ചകോടിയിൽ യുഎസ് പ്രതിനിധിസംഘത്തെ നയിക്കുന്നത് ഇവാൻകയാണ്. ഇരുരാജ്യങ്ങളിലും വനിതാ സംരംഭകരുമായി ബന്ധപ്പെട്ട കാര്യങ്ങളാണു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന് ഇവാൻക ട്വീറ്റ് ചെയ്തു. ‘ഇന്ത്യയുടെ ഊർജസ്വലയായ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതൊരു ബഹുമതിയായി കാണുന്നു’ എന്നായിരുന്നു ട്രംപിന്റെ ഉപദേശകകൂടിയായ ഇവാൻകയുടെ ട്വീറ്റ്.