എഫ്ബിയിലെ നുഴഞ്ഞുകയറ്റം: 3 കോടി അക്കൗണ്ടിൽ പൂട്ടു പൊളിച്ചു; 2.9 കോടി വ്യക്തിവിവരം ചോർന്നു

ന്യൂയോർക് ∙ കഴിഞ്ഞ മാസം നടന്ന വൻ നുഴഞ്ഞുകയറ്റത്തിൽ 3 കോടി അക്കൗണ്ടുകൾ ബാധിക്കപ്പെട്ടെന്നു ഫെയ്സ് ബുക് അധികൃതർ. ആദ്യം 5 കോടിയെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ബാധിക്കപ്പെട്ട 3കോടിയിൽ 2.9 കോടി പേരുടെയും വ്യക്തിവിവരങ്ങൾ ചോർന്നെന്നും അധികൃതർ സമ്മതിച്ചു. എന്നാൽ ഫെയ്സ്ബുക്കിന്റെ മറ്റു സേവനങ്ങളായ ഇൻസ്റ്റഗ്രാം, മെസഞ്ചർ,വാട്സപ് ,തുടങ്ങിയവ ബാധിക്കപ്പെട്ടിട്ടില്ല. ബാധിക്കപ്പെട്ടവർക്ക് കാര്യം വിശദീകരിച്ചു ഫെയ്സ്‌ബുക് സന്ദേശം അയച്ചിട്ടുണ്ട്.

സാങ്കേതികപ്പിഴവുകൾ മുതലെടുത്ത് നാലുലക്ഷം പേരുടെ അക്കൗണ്ടിൽ കടന്നുകയറിയാണു ഹാക്കർമാർ തുടങ്ങിയത്. തുടർന്ന് ഇവരുടെ ‘ഫ്രണ്ട്സ്‌ലിസ്റ്റിലുള്ള’ അക്കൗണ്ടുകളിലേക്കും നുഴഞ്ഞുകയറി.

∙ ചോർന്ന വിവരങ്ങൾ ഫെയ്സ്ബുക് വൈസ് പ്രസിഡന്റ് ഗൈ റോസന്റെ അഭിപ്രായപ്രകാരം 3 തരം വിവരച്ചോർച്ച നടന്നു:

1. ടൈംലൈനിൽ പങ്കുവച്ച വിവരങ്ങൾ, ഫ്രണ്ട്സ്‌ ലിസ്റ്റ്, അംഗത്വമുള്ള ഗ്രൂപ്പുകൾ തുടങ്ങിയവ.

2.പേര്, വിലാസം, ഫോൺ നമ്പർ, ഇ മെയിൽ തുടങ്ങിയവ,1.5 കോടി പേരുടെ അക്കൗണ്ടിൽ ഇവ ചോർന്നു

3. ജനനത്തീയതി, റിലേഷൻഷിപ് സ്റ്റേറ്റസ് തുടങ്ങിയവ, ബാധിക്കപ്പെട്ടവർ 1.4 കോടി.