സൗദിയിൽ മലയാളികളെ ഉൾപ്പെടെ ജീവനോടെ കുഴിച്ചിട്ട കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ് ∙ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മർദിച്ചു ജീവനോടെ കുഴിച്ചുമൂടിയ കേസിൽ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

8 വർഷം മുൻപു സഫ്‌വയിലെ കൃഷിയിടത്തിലായിരുന്നു സംഭവം. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കൊല്ലം സ്വദേശികളായ കണ്ണനല്ലൂർ ഷെയ്ഖ് ദാവൂദ്, ശാസ്താംകോട്ട വിളത്തറ ഷാജഹാൻ അബൂബക്കർ എന്നിവരും രണ്ടു കന്യാകുമാരി സ്വദേശികളുമാണു കൊല്ലപ്പെട്ടത്. 

ഫാം ഹൗസിലേക്ക് അഞ്ചു പേരെയും വിളിച്ചുവരുത്തിയ പ്രതികൾ കൈകാലുകൾ ബന്ധിച്ച് മർദിച്ചും ലഹരിമരുന്ന് കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയും വലിയ കുഴിയെടുത്ത് മൂടുകയായിരുന്നു. 2014 ഫെബ്രുവരി ഏഴിനാണു മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

 മദ്യനിർമാണത്തിലും വിതരണത്തിലും കൊല്ലപ്പെട്ടവരുമായി മുഖ്യപ്രതി സഹകരിച്ചിരുന്നു. കൂട്ടത്തിലൊരാൾ സ്‌പോൺസറുടെ മകളെയും മറ്റു സ്ത്രീകളെയും മാനഭംഗപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ക്രൂരകൃത്യമെന്നായിരുന്നു പ്രതികളുടെ വിശദീകരണം.