ഇറാഖിൽ 202 പൊതുകുഴിമാടങ്ങൾ കണ്ടെത്തി; ഐഎസ് കൂട്ടത്തോടെ മറവു ചെയ്തത് 12000 പേരെ

ഇറാഖിൽ കൂട്ടക്കുഴിമാടങ്ങളിലൊന്നിൽനിന്നു കണ്ടെത്തിയ തലയോട്ടി.

ബഗ്ദാദ് ∙ ഭീകരസംഘടനയായ ഐഎസ് നിയന്ത്രിച്ചിരുന്ന ഇറാഖ് പ്രവിശ്യകളിൽ ഇതുവരെ 202 പൊതു കുഴിമാടങ്ങൾ കണ്ടെത്തിയതായി ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) റിപ്പോർട്ട്. ഇതിൽ ഇറാഖ് അധികൃതർ തുറന്നു പരിശോധിച്ച 28 എണ്ണത്തിൽനിന്ന് 1258 മൃതദേഹങ്ങൾ വീണ്ടെടുത്തു. 6000 മുതൽ 12000 വരെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഇവിടെ അടക്കിയിട്ടുണ്ടാകുമെന്നാണു കണക്ക്.

ഐഎസ് ആധിപത്യം നിലനിന്ന 3 വർഷം യസീദികൾ, ക്രിസ്ത്യാനികൾ‌ എന്നീ മതന്യൂനപക്ഷങ്ങളെയും എതിരാളികളെയും അടക്കം ഇറാഖിൽ മൊത്തം 33,000 പൗരന്മാർ കൊലപ്പെട്ടതായാണു കണക്ക്. 55,000 പേർക്കു പരുക്കേൽക്കുകയും ചെയ്തു. പകുതിയോളം പൊതുകുഴിമാടങ്ങൾ നിനെവേഹ് പ്രവിശ്യയിലാണ്.

ഐഎസ് ആസ്ഥാനമാക്കിയ മൊസൂൾ ഈ മേഖലയിലാണ്. ഇപ്പോൾ കണ്ടെത്തിയ 202 എണ്ണം കൂടാതെ പൊതുകുഴിമാടങ്ങൾ വേറേയും ഉണ്ടാകുമെന്നു കരുതുന്നു. ഇറാഖിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലും സിറിയയോടു ചേർന്നുകിടക്കുന്ന നാലു പ്രവിശ്യകളിലുമാണു പൊതുകുഴിമാടങ്ങൾ കണ്ടെത്തിയത്.