കലിഫോർണിയയിൽ ബാറിൽ വെടിവയ്പ്: 12 മരണം; അക്രമിയും മരിച്ചു

കലിഫോർണിയയിൽ വെടിവയ്പു നടന്ന ബാറിലുണ്ടായിരുന്ന കോളജ് വിദ്യാർഥികൾ പൊലീസ് വാഹനങ്ങൾക്കിടയിലൂടെ സുരക്ഷിതസ്ഥാനങ്ങളിലേക്കു നീങ്ങുന്നു. ചിത്രം: എപി

ലൊസാഞ്ചലസ് (യുഎസ്) ∙ കലിഫോർണിയയിലെ തൗസന്റ് ഓക്സിൽ ബാറിലുണ്ടായ വെടിവയ്പിൽ പൊലീസുകാരനടക്കം 12 പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. സ്വയം വെടിവച്ചാണോ പൊലീസിന്റെ വെടിയേറ്റാണോ ഇയാൾ മരിച്ചതെന്നു വ്യക്തമല്ല. അക്രമിയെ തിരിച്ചറിഞ്ഞില്ലെന്നും ഭീകരപ്രവർത്തനമാണോയെന്നു പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കോളജ് വിദ്യാർഥികൾക്കായുള്ള പ്രത്യേക പരിപാടി നടക്കുകയായിരുന്നതിനാൽ ബാറിൽ നൂറു കണക്കിനു കുട്ടികളുണ്ടായിരുന്നു. അവിടേക്കു കടന്നുവന്ന അക്രമി പ്രകോപനമില്ലാതെ ആദ്യം പുകബോംബുകൾ എറിയുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ റോൺ ഹീലസും വെടിയേറ്റ് മരിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമിയടക്കം 13 പേർ മരിച്ചിരുന്നു. പിറ്റ്സ്ബർഗിൽ ജൂത ആരാധനാലയത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുൻപാണ്.