ജമാൽ ഖഷോഗിയുടെ അവസാന വാക്കുകൾ: ‘എനിക്കു ശ്വാസം മുട്ടുന്നു’

ജമാൽ ഖഷോഗി

വാഷിങ്ടൻ ∙ ‘എനിക്കു ശ്വാസം കിട്ടുന്നില്ല’– മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ അവസാനവാക്കുകൾ ഇതായിരുന്നുവെന്ന് സിഎ‍ൻഎൻ റിപ്പോർട്ട് ചെയ്തു. കൊലപാതകികളോടാണ് ഖഷോഗി 3 തവണ ഇങ്ങനെ പറഞ്ഞത്. സംഭവം നടക്കുമ്പോളെടുത്ത ഓഡിയോ റെക്കോർഡിങ്ങിന്റെ രേഖ കണ്ട ആളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സിഎൻഎൻ വ്യക്തമാക്കി. കൊലപാതക വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഫോൺ വിളികളും ഉണ്ടായി. ഇതെല്ലാം തെളിയിക്കുന്നത് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ്. ഫോൺ വിളികൾ റിയാദിലെ ഉന്നതോദ്യോഗസ്ഥർക്കായിരുന്നുവെന്നു കരുതുന്നു.

എല്ലു മുറിക്കുന്ന ഉപകരണം കൊണ്ടാണ് ശരീരം കീറിമുറിച്ചതെന്നും കൊലപാതകികളിലൊരാളെ ഖഷോഗി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. സൗദിയിലെ മുതിർന്ന ഇന്റലിജൻസ് ഓഫിസർ ജനറൽ മഹർ മുത്രബ് എന്നയാൾ ‘നിങ്ങൾ (സൗദിയിലേക്ക്) തിരിച്ചുപോരുകയാണ്’ എന്നു പറയുന്നതും ‘അതു നടക്കില്ല, പുറത്തു ആളുകൾ കാത്തിരിപ്പുണ്ട്’ എന്ന് ഖഷോഗി പറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. മുത്രബ് ആണ് അപ്പപ്പോൾ വിവരങ്ങൾ ഫോണിൽ കൈമാറിയത്. ഖഷോഗിയുടെ തുർക്കിക്കാരിയായ കാമുകി ഹാറ്റിസ് സെൻഗിസ് അപ്പോൾ കോൺസുലേറ്റിനു മുന്നിൽ കാത്തിരിപ്പുണ്ടായിരുന്നു. ഖഷോഗിക്കു ലഹരിമരുന്നു നൽകി മയക്കിയതായി സൂചനയില്ല.