ജയിൽചാടി; ലിഫ്റ്റ് ചോദിച്ചു, പൊലീസുകാരനോട്!

വാഷിങ്ടൻ ∙ രക്ഷപെട്ട കുറ്റവാളി ഹൈവേയിൽ ലിഫ്റ്റ് ചോദിച്ചത് മറ്റൊരു പൊലീസുകാരനോട്. പുള്ളി കയ്യോടെ കുടുങ്ങി. യുഎസിലെ കെന്റക്കിയിൽ അലൻ ലെവിസി(31)ന്റെ ജയിൽചാട്ടത്തിനായിരുന്നു ഇത്തമൊരു ആന്റിക്ലൈമാക്സ്. ജയിലിൽനിന്നു യാത്ര ചെയ്യുന്നതിനിടെ മുറുക്കം കാരണം കൈ വേദനിക്കുന്നെന്നു പറഞ്ഞാണ് ലെവിസ് പൊലീസുകാരക്കൊണ്ട് വിലങ്ങ് അഴിപ്പിച്ചത്. വിലങ്ങ് അഴിച്ചതും വാഹനത്തിൽനിന്നു പുറത്തുചാടി ഓടി.

ഹൈവേയിലെത്തി വാഹനങ്ങൾക്കു ലിഫ്റ്റ് ചോദിച്ച ജയിൽപുള്ളിക്കു മുൻപിൽ മോർഹെഡ് സർവകലാശാലയിലെ ക്യാംപസ് പൊലീസ് ഓഫിസറാണ് കാർ നിർത്തിയത്. സ്വകാര്യ വാഹനത്തിലെത്തിയ പൊലീസുകാരനെ തിരിച്ചറിയാ‍ൻ ലെവിസിനു കഴിയാതിരുന്നതോടെ പണിപാളി. കാറിനുള്ളിൽ പ്രവേശിച്ച ലെവിസിന്റെ ഒരു കൈയിൽ വിലങ്ങ് കണ്ടെതോടെ പൊലീസുകാരൻ വാഹനം നേരെ സ്റ്റേഷനിലേക്കു വിടുകയായിരുന്നു.