പായ്ക്കറ്റ് ഫുഡ് കഴിക്കും മുൻപ് ഇതൊന്നു വായിക്കൂ

ഫാസ്റ്റ് ഫുഡിന്റെയും പാക്കേജ്ഡ് ഫുഡിന്റെയും ഇക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തുന്ന രാസവസ്തുക്കൾ എന്തെല്ലാം മാറ്റങ്ങളും രോഗങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നതെന്ന് അറിയാതെ പോകരുത്. ആഹാരം കഴിച്ചു വയറു നിറഞ്ഞാലും മതിയായില്ലെന്ന തോന്നൽ പലപ്പോഴും ഉണ്ടാകുന്നതിനുള്ള കാരണക്കാരനെ പായ്ക്കു ചെയ്ത ഭക്ഷണത്തിൽ നിന്നാണു കിട്ടുക. എക്സിറ്റൊ ടോക്സിൻ എന്ന അമിനോ ആസിഡാണ് കക്ഷി. നാവറിയുന്ന അഞ്ചാമതു രുചിയായ ഉമാമിയെ ആണിത് സ്വാധീനിക്കുന്നത്. രുചി കൂടുതലായി തോന്നിക്കുന്ന എക്സിറ്റൊ ടോക്സിൻ റസ്റ്ററന്റ് ഫുഡിലും പ്രോസസ്ഡ് ഫുഡിലുമാണ് കൂടുതലായുണ്ടാവുക. 

സൂപ്പർ മാർക്കറ്റുകളിൽ നിന്നു വാങ്ങുന്ന പാക്കേജ്ഡ് ഫുഡിൽ മിക്കവാറും എല്ലാത്തിലുംതന്നെ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാവും. ഭക്ഷ്യവസ്തുക്കൾ വേഗത്തിൽ ചീയാതിരിക്കാനും ഉൽപാദനച്ചെലവ് കുറയ്ക്കാനും കാഴ്ചഭംഗിക്കും വേണ്ടിയാണിതു ചേർക്കുന്നത്. 

പാക്കേജ്ഡ് ഫുഡ്, സോസ്, അച്ചാറുകൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയിൽ ചേർക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് വളരെയേറെ ഹാനികരമായവയാണ്. പ്രധാനമായും രോഗപ്രതിരോധ ശേഷിയെയാണിതു കുറയ്ക്കുന്നത്. പുതിയ കോശങ്ങളുണ്ടാകുന്നതിനെ തടയുന്നതിലൂടെ ബാക്ടീരിയകളുടെ ആക്രമണത്തെ ശരീരത്തിന് പ്രതിരോധിക്കാനാവാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഞരമ്പുകളിലൂടെയുള്ള സംവേദനം സാധ്യമാകുന്ന ഡോപമീൻ, അഡ്രിനാലിൻ എന്നിവയുടെ അളവ് കുറയ്ക്കുന്നതിലൂടെ കൊഴുപ്പ് കത്തിച്ചുകളയുന്നത് കുറച്ച് വിശപ്പ് കൂട്ടുന്നു. ഭക്ഷണം ഊർജമാക്കി മാറ്റാൻ മസിലുകളെ സഹായിക്കുന്ന ATPase നെ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന രാസവസ്തുക്കൾ ആക്രമിക്കുന്നു. ഇതുമൂലം ഭക്ഷണം കഴിച്ചാലും ക്ഷീണവും മന്ദതയും അനുഭവപ്പെടും.

പായ്ക്കറ്റിലെത്തുന്ന ഭക്ഷണങ്ങളിൽ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്ന ആസ്പർടേം ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം കൂട്ടുന്നു. ഇതുമൂലം ഊർജം ഗ്ലൈക്കൊജൻ ആയോ കൊഴുപ്പായോ ശരീരത്തിൽ സംഭരിക്കപ്പെടുന്നു. ആസ്പർടേം കൃത്രിമമായുള്ളതായതിനാൽ കരളിന്റെ ജോലി കൂടുന്നു. ഹൃദ്രോഗത്തിനും അമിതവണ്ണത്തിനുമുള്ള കാരണങ്ങളിലൊന്നാണ് ഈ രാസവസ്തുവെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. സോഡയിലിത് മധുരത്തിനായി ഉപയോഗിക്കുന്നുണ്ട്. 

ടൊമാറ്റൊ കെച്ചപ്, ജാം, ജെല്ലി, ഫ്രൂട് ജ്യൂസ്, സോഫ്ട് ഡ്രിങ്ക് എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജിലേബിയിലും ലഡുവിലും മഞ്ഞ നിറത്തിനായി മെറ്റലൈൻ യെല്ലോ ആണ് ഉപയോഗിക്കുന്നത്. വയറിന്റെയും കരളിന്റെയും ആവരണത്തെ ബാധിക്കുന്ന വളരെ അപകടകരമായൊരു രാസവസ്തുവാണിത്. മനുഷ്യന്റെ പ്രത്യുൽപാദന പ്രക്രികയെ പോലും ഇതു ബാധിക്കുന്നുണ്ട്. മെറ്റലൈൻ യെല്ലോ 5, യെല്ലോ 6, റെഡ് 40 എന്നിവ കാൻസറിനും കാരണമാകുന്നു.   കൃത്രിമനിറങ്ങൾ കുട്ടികളിൽ അലർജി, ഹൈപ്പർ ആക്ടിവിറ്റി, പഠനവൈകല്യങ്ങൾ, കോപം തുടങ്ങിയവയ്ക്കു കാരണമാകുന്നു. 

പായ്ക്കറ്റുകളിൽ വരുന്ന സംസ്കരിച്ച ഇറച്ചി, പാസ്ത, ന്യൂഡിൽസ്, ഫ്രൂട് ഡ്രിങ്കുകൾ തുടങ്ങിയവയിലുള്ള രാസവസ്തുക്കൾ തലവേദന, ശ്വാസതടസ്സം, കാൻസർ എന്നിവയ്ക്കു കാരണമാകും. സോഡിയം നൈട്രേറ്റ് നമ്മുടെ ദഹനസംവിധാനത്തിലുള്ള ഏതെങ്കിലും രാസവസ്തുക്കളുമായി ചേരുമ്പോഴാണ് മിട്രോസമീൻ ഉണ്ടാക്കുന്നത്. ഇതു കാൻസർ ഉണ്ടാക്കുന്ന കോശങ്ങൾ രൂപപ്പെടാനിടയാക്കുന്നു. കൂടുതൽ കാലം കേടുവരാതിരിക്കാനായി സിട്രസ് ഡ്രിങ്കുകളിൽ ഉപയോഗിക്കുന്ന ബിവിഒ (ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ) തീപിടിത്തം തടയുന്നതിനായി ഫർണിച്ചറുകളിലും മറ്റും സ്പ്രേ ചെയ്യുന്നതാണ്. ഇതു കൂടുതൽ ശരീരത്തിലെത്തുന്നത് ഓർമക്കുറവ്, ത്വക് രോഗങ്ങൾ തുടങ്ങിയവയ്ക്കും കാരണമാകും. ജപ്പാനും യൂറോപ്പും ഈ വിഷവസ്തുവിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിഷവസ്തുക്കൾ ശരീരത്തിൽ കടക്കുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം ഇതിനെ ക്രമീകരിക്കാൻ നോക്കും. ഇതു സാധിക്കാതെ വരുമ്പോഴാണ് കാൻസർ ഉണ്ടാകുന്നത്. ആന്റി ഓക്സിഡന്റായ വൈറ്റമിൻ സിയുടെ ആഗിരണത്തെ ഇതു  തടയുകയും ചെയ്യും. 

പായ്ക്കറ്റിലുള്ള ഭക്ഷണം വാങ്ങുമ്പോൾ കവറിനു പുറത്ത് അതിലുപയോഗിച്ചിട്ടുള്ള കൃത്രിമ രാസവസ്തുക്കൾ സംബന്ധിച്ച വിവരങ്ങളുണ്ടാകും. ബിഎച്ച്എ, ബിഎച്ച്എഫ്, എംഎസ്ജി (അജിനോമോട്ടോ), ആസ്പെർടേം, സച്ചാറിൻ തുടങ്ങിയവയെല്ലാം ഭക്ഷ്യവസ്തുക്കളിലുപയോഗിക്കുന്ന കൃത്രിമരാസവസ്തുക്കളാണ്. ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ വച്ച് ചൂടാക്കുകയോ, തണുപ്പിക്കുകയോ ചെയ്യരുത്. പായ്ക്കറ്റിലുള്ള ഭക്ഷണം എത്രയും കുറച്ചു കഴിക്കുന്നോ അത്രയും ആരോഗ്യം സംരക്ഷിക്കാനാവും.