ഉരുളക്കിഴങ്ങു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

പച്ചക്കറികളായ ഉരുളക്കിഴങ്ങ്, തക്കാളി, ക്യാപ്സിക്കം, വഴുതനങ്ങ തുടങ്ങി നൈറ്റ് ഷേഡ് വിഭാഗത്തിൽ വരുന്ന പലതും നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്. സൊളനേസിയെ കുടുംബത്തിൽപ്പെട്ട ഇവയിൽ പലതും ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വാതം, സന്ധിവാതം, കരപ്പൻ, സോറിയാസിസ്, ഉദരരോഗങ്ങൾ, നെഞ്ചെരിച്ചിൽ, ആസ്മ, ചർമാർബുദം എന്നീ രോഗങ്ങളുള്ളവർ ഈ വിഭാഗത്തിൽപ്പെട്ട പച്ചക്കറികൾ കഴിക്കുന്നത് ഗുരുതരപ്രശ്നങ്ങൾക്കിടയാക്കും. മാത്രമല്ല, ഇവയിൽ ചെറിയ അളവിൽ നിക്കോട്ടിനും അടങ്ങിയിട്ടുണ്ട്. 

നൈറ്റ് ഷേഡ് വിഭാഗത്തിലുള്ള പച്ചക്കറികളിൽ സൊലനൈൻ എന്ന ആൽക്കലോയ്ഡിന്റെ അളവു കൂടുതലാണ്. ഇതു സന്ധികളുടെ ആരോഗ്യത്തെയും പേശികളുടെ ചലനത്തേയും ബാധിക്കും. ആൽക്കലോയ്ഡ് പ്രകൃതിദത്ത കീടനാശിനിയാണ്. ഇതു നീരിനും സമ്മർദ്ദത്തിനും കാരണമാകും. സൊലനൈൻ നാഡീകോശങ്ങളിലെ ഒരു എൻസൈമിന്റെ പ്രവർത്തനത്തെ തടയുന്നതിലൂടെ സന്ധികളുടെ പ്രവർത്തനത്തെ ബാധിച്ചു വേദനയ്ക്കിടയാക്കുന്നു. 

നൈറ്റ് ഷേഡുകളിൽ കാൽസിട്രിയോൾ എന്ന ഹോർമോൺ ഉണ്ട്. ഇതു ശരീരത്തിലേക്കുള്ള കാൽഷ്യം ആഗിരണം കൂട്ടുന്നു. മാത്രമല്ല,  ശരീരത്തിലെ മൃദുകോശജാലങ്ങളിൽ കാൽഷ്യം കൂടുതൽ അടിയാൻ ഇടയാക്കുകയും എല്ലുകളിലെ കാൽഷ്യത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇതിനാൽ വാതം, രക്തവാതം, സന്ധിവേദന എന്നിവയുള്ളവർക്ക് നൈറ്റ് ഷേഡ് പച്ചക്കറികളുടെ ഉപയോഗം നന്നല്ല. മൂന്നുമാസം ഇവ ഒഴിവാക്കി നോക്കിയ ശേഷം പിന്നീടുള്ള ഓരോ ആഴ്ചയും ഓരോ പച്ചക്കറി വീതം കഴിച്ചുനോക്കി വ്യത്യാസം മനസിലാക്കാവുന്നതാണ്. 

എന്നാൽ നൈറ്റ് ഷേഡ് പച്ചക്കറികൾ സാധാരണ പെട്ടെന്ന് ഊർജം കൂട്ടുന്നവയും സമ്മർദ്ദം കുറച്ചു മനഃശാന്തി നൽകുന്നവയുമാണ്. ഇതിനാലാണ് ഉരുളക്കിഴങ്ങ് ചിപ്സ്, പീത്‌സ, തക്കാളി സൂപ്പ്, കെച്ചപ്പ് എന്നിവയോട് ഇഷ്ടം കൂടുന്നതിനു കാരണം. എന്നാൽ ഇവ സൂക്ഷിച്ച് ഉപയോഗിക്കണം. ആവി കയറ്റൽ, തിളപ്പിക്കൽ, ബേക്ക് ചെയ്യൽ എന്നിവയിലൂടെ ഇവയിലെ ആൽക്കലോയ്ഡിന്റെ അളവ് കുറയ്ക്കാനാവും. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യം ഉരുളക്കിഴങ്ങ് പൊടിച്ചാൽ ഇതിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്റെ അളവ് മൂന്നിരട്ടിയായി മാറുമെന്നതാണ്. പച്ച തക്കാളിയിൽ നിക്കോട്ടിന്റെ അളവ് കൂടുതലാണ്. പഴുക്കുന്തോറും ഇതു കുറഞ്ഞുകുറഞ്ഞു വരും.