എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഡേറ്റ്സ്, കിസ്മിസ് പുളിയിഞ്ചി

ചേരുവകൾ:

1. നല്ല കാമ്പുള്ള ഈന്തപ്പഴം (ഡേറ്റ്സ്) ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത് – മുക്കാൽ കപ്പ്. 2. ഗോൾഡൻ കളറിലുള്ള നല്ലയിനം കിസ്മിസ് – അരക്കപ്പ്. 3. വെളിച്ചെണ്ണ – 2–3 ടേബിൾ സ്പൂൺ. 4. ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1. ടേബിൾ സ്പൂൺ വീതം. 5. പച്ചമുളക് പൊടിയായി അരിഞ്ഞത് – 1. ടേബിൾ സ്പൂൺ. 6. ചെറിയ ഉള്ളി ചെറുതായരിഞ്ഞത് 1. ടേബിൾ സ്പൂൺ. 7. മുളകുപൊടി – 1. ടീസ്പൂൺ. 8. മഞ്ഞൾപ്പൊടി – ഒരു നുള്ള്. 9. പുളി കട്ടിയായി പിഴിഞ്ഞെടുത്തത് – 1 കപ്പ്. 10. ശർക്കര – 2 അച്ച്. 11. ഉപ്പ് – ആവശ്യത്തിന്. 12. കടുക് – അര ടീസ്പൂൺ. 13. ഉലുവ – കാൽ ടീസ്പൂൺ. 14. ചുകന്ന മുളക് – 2–3 എണ്ണം നുറുക്കിയത്. 15. കറിവേപ്പില – കുറച്ച്.

പാകപ്പെടുത്തുന്നവിധം:

ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയഉള്ളി എന്നിവ യഥാക്രമം ചേർത്തു വഴറ്റണം. നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം. കിസ്മിസ് വീർത്തു വന്നാൽ മുളകുപൊടി, മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി പുളി ഒഴിച്ചുകൊടുക്കണം. ഉപ്പും ശർക്കരയും ചേർത്തു കുറച്ചുനേരം അടച്ചുവച്ചു തിളച്ച് ഒന്നുകുറുകിയാൽ ഇറക്കിവയ്ക്കാം.

അൽപം വെളിച്ചെണ്ണയിൽ കടുക്, ഉലുവ, ചകുന്ന മുളക്, കറിവേപ്പില, എന്നിവ മൂപ്പിച്ച് പുളിയിഞ്ചിയിലേക്കൊഴിച്ചു പാത്രത്തോടെ ചുറ്റിക്കുക. രുചികരമായ ഡേറ്റ്സ്, കിസ്മിസ് പുളിയിഞ്ചി റെഡി. ചോറിനോടൊപ്പം കഴിക്കാനാണ് ഏറ്റവും നല്ലത്. ദോശ, ഇഡ്ഡലി തുടങ്ങിയവയോടൊപ്പവും നന്നായിരിക്കും. ഈ പുളിയിഞ്ചി കുറെദിവസം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്നു കേടുവരുന്നതല്ല. ഫ്രിജിൽ വച്ച് ആവശ്യാനുസരണം ഉപയോഗിച്ചാൽ കൂടുതൽ ദിവസം കേടുവരാതെ ഉപയോഗിക്കാം.