ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ ഭക്ഷ്യവിഭവം ഏതാണ്?

ചീസ് എന്ന് കേൾക്കുമ്പോൾ പീറ്റ്സയിലും ബർഗറിലും ഒക്കെ കാണുന്ന, ഉരുകി സ്റ്റിക്കിയായ രുചി ആയിരിക്കും മനസ്സിലെത്തുക. ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ ഭക്ഷ്യവിഭവമായ ചീസിനെ അങ്ങനെ ഒറ്റവാചകത്തിൽ നിർവചിക്കാനാവില്ല. പാൽ പിരിച്ചെടുത്ത് കിട്ടുന്ന മിശ്രിതം പ്രത്യേക രീതിയിൽ പല ഘട്ടങ്ങളിലായി സംസ്കരിച്ചാണ് ചീസ് അഥവാ പാൽക്കട്ടി നിർമിക്കുന്നത്. 

ചേർക്കുന്ന ഫ്ലേവറിന്റെയും നിറത്തിന്റെയും ഉപയോഗിക്കുന്ന പാലിന്റെയും ഒക്കെ അടിസ്ഥാനത്തിൽ രൂപം, രുചി, മാർദവം ഇതൊക്കെ ഓരോ ചീസിലും വ്യത്യാസപ്പെടും. മാർദവത്തിന്റെ അടിസ്ഥാനത്തിൽ സോഫ്റ്റ്, സെമി സോഫ്റ്റ്, സെമി ഹാർഡ്, ഹാർഡ് എന്നിങ്ങനെ ചീസുകളെ തിരിച്ചിട്ടുണ്ട്. 

മൊത്തം രണ്ടായിരത്തിലധികം ചീസ് ഇനങ്ങൾ ഉ‍ണ്ടത്രെ. രൂപത്തിലും ഭാവത്തിലും രുചിയിലും വ്യത്യസ്തമായവ. ലോകത്ത് പ്രതിവർഷം 21 മില്യൺ ടൺ ചീസ് നിർമിക്കുന്നുണ്ടെന്നാണ് കണക്ക്. പശു, ആട്, ചെമ്മരിയാട് തുടങ്ങിയവയുടെ മികച്ച ഗുണനിലവാരമുള്ള പാലാണ് ചീസ് നിർമിക്കുന്നതിന് സാധാരണ ഉപയോഗിക്കുന്നത്. 

ഫെറ്റ, പാർമിഷാൻ, മോസറെല്ല, ചെഡാർ, ഗൂഡ, ബ്രീ തുടങ്ങിയവയൊക്കെ പ്രശസ്തമായ ചീസുകളാണ്. പല ചീസുകളും പല രാജ്യക്കാരുടെ സംഭാവനയാണ്. ഉദാഹരണത്തിന് പീറ്റ്സയിൽ സാധാരണയായി ചേർക്കുന്ന മോസറെല്ല ചീസും പാർമീഷാനുമൊക്കെ ഇറ്റലിയിൽ നിന്നുള്ളതാണ്. ഫെറ്റ ചീസ് ഗ്രീസിൽനിന്നും ചെഡാർ ബ്രിട്ടനിൽ നിന്നുമാണ്. 

ബ്ലോക്ക്, ക്യൂബ്, സ്ലെസ്, സ്പ്രെഡ് രൂപത്തിൽ ചീസ് നമ്മുടെ നാട്ടിലെ കടകളിൽ വാങ്ങാൻ കിട്ടും. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവയൊക്കെ ധാരാളം അടങ്ങിയിട്ടുള്ള ചീസ് കുട്ടികൾക്ക് വളരെ നല്ലതാണ്. നമ്മുടെ അടുക്കളയിൽ പരിചിതമായ ലളിതമായ ചീസാണ് കോട്ടേജ് ചീസ് അഥവാ പനീർ. 

ചീസ് ബോൾ 

മോസറെല്ല ചീസ് ഗ്രേറ്റ് ചെയ്ത്–ഒരു കപ്പ്
ഉരുളക്കിഴങ്ങ്-2
സവാള-ഒന്ന്
പച്ചമുളക്-4
റൊട്ടിപ്പൊടി-ഒരുകപ്പ്
കുരുമുളക് പൊടി-അര ടീസ്പൂൺ
നാരങ്ങാനീര്-അര ടീസ്പൂൺ
ഉപ്പ്, എണ്ണ ആവശ്യത്തിന്

തയാറാക്കുന്ന വിധം: പാൻ അടുപ്പിൽ വച്ചു ചൂടാകുമ്പോൾ ചെറുതായി കൊത്തിയരിഞ്ഞ സവാളയും പച്ചമുളകും ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും റൊട്ടിപ്പൊടിയും നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി നടുക്ക് ഗ്രേറ്റ് ചെയ്ത ചീസ് വെച്ച് വീണ്ടും ഉരുട്ടിയെടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി എടുക്കുക. സോസ് കൂട്ടി കഴിക്കാം. 

ചീസ് പെപ്പർ ദോശ 

ദോശമാവ്-ഒരു കപ്പ്
സവാള-1 ചെറുത്
തക്കാളി-1
ചീസ് ഗ്രേറ്റ് ചെയ്തത്–അരക്കപ്പ്
കുരുമുളക് ചതച്ചത്-ആവശ്യത്തിന്

ദോശക്കല്ല് ചൂടാകമ്പോൾ എണ്ണപുരട്ടി മാവൊഴിച്ച് പരത്തുക. ഇതിലേക്ക് സവാള, തക്കാളി എന്നിവ പൊടിപൊടിയായി അരിഞ്ഞതും ചീസ് ഗ്രേറ്റ് ചെയ്തും കുരുമുളക് ചതച്ചതും വിതറി ദോശ ചുട്ടെടുക്കുക.