Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിക്കരുത്തിൽ ചെന്നൈ തന്നെ !

എറൗണ്ട് ദ് ക്രീസ് – ഡിവില്ലിയേഴ്സ്
Royal Challengers Bangalore

ഞങ്ങൾക്കു പരാതിപ്പെടാൻ ന്യായങ്ങളില്ല. ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെ തോൽപിച്ചിരുന്നെങ്കിൽ യോഗ്യത നേടാൻ ഞങ്ങൾക്കും അവസരമുണ്ടായിരുന്നുവെന്ന് ഓർക്കുമ്പോൾ നിരാശയുണ്ട്. മൽസരത്തിന്റെ ഒരു ഘട്ടത്തിൽ ഞങ്ങൾ വിജയത്തിലേക്കു കുതിക്കുകയായിരുന്നു. പക്ഷേ സ്പിന്നർമാർ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പല മൽസരങ്ങളിലും ഞങ്ങൾ അനാവശ്യമായി റൺസ് വഴങ്ങി. എന്നാൽ റൺസ് നേടേണ്ട ഘട്ടങ്ങളിൽ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിഞ്ഞതുമില്ല. ട്വന്റി20 ക്രിക്കറ്റിൽ മാർജിനുകൾ ചെറുതായിരിക്കും. പക്ഷേ, പലപ്പോഴും ഞങ്ങൾക്കായിരുന്നു പിഴവു പറ്റിയത്.

ആദ്യ ഐപിഎൽ മുതൽ അതിന്റെ ഭാഗമാകാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും 2018 സീസൺ ആയിരുന്നു ഏറ്റവും ആസ്വദിച്ചത്. ബാംഗ്ലൂർ ടീമിനുള്ളിലെ ഒരുമയും ആവേശവും അവിസ്മരണീയം. നല്ലസമയത്തും മോശം സമയത്തും ടീം ഒരുമിച്ചു നിന്നു. അടുത്ത സീസൺ കൂടുതൽ മികവുറ്റതാക്കാൻ ഈ സൗഹൃദം സഹായിക്കും. 2019 ഐപിഎൽ അടുത്ത ആഴ്ച തുടങ്ങിയിരുന്നെങ്കിൽ എന്നു പോലും ഞാൻ ആഗ്രഹിക്കുന്നു.

ഈ സീസണിന്റെ കിരീടം ആർക്കെന്നതാണ് അടുത്ത ചോദ്യം. നാലു ടീമുകൾക്കും സാധ്യത നിലനിൽക്കുന്നു. ഐപിഎല്ലിൽ മനോഹരമായ അനിശ്ചിതത്വം തുടരുകയാണ്. എങ്കിലും ഒരു പ്രവചനം നടത്താൻ എന്നോട് ആവശ്യപ്പെട്ടാൽ കെയ്ൻ വില്യംസൺ ഉജ്വലമായി നയിക്കുന്ന സൺറൈസേഴ്സും ചെന്നൈ സൂപ്പർ കിങ്സും ഫൈനലിൽ കളിക്കുമെന്നാവും ഉത്തരം. ഒരിക്കൽക്കൂടി ധോണി മാജിക്കിൽ ചെന്നൈ കിരീടത്തിലെത്തുമെന്നും ഞാൻ കരുതുന്നു.

related stories