Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കുറപ്പിന്റെ കളി, ആവേശപ്പോരാട്ടം

പവർ പ്ലേ – ഹർഷ ഭോഗ്‌ല
Rajasthan Royals

എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു ടീമുകൾ ഇന്ന് ഏറ്റുമുട്ടുന്നു. പരാജയപ്പെടുന്നവർ പുറത്താകുന്ന മത്സരം. ഇത് കളിയാണ്, യുദ്ധമല്ല. ഫലം എന്തായാലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാൻ റോയൽസിനും അഭിമാനിക്കാവുന്ന ടൂർണമെന്റായിരുന്നു ഇത്തവണത്തേത് എന്നതിൽ സംശയമില്ല.

മികച്ച വിദേശ കളിക്കാരെ ഇറക്കാനില്ലാതെ വിഷമിച്ച ടീമായിരുന്നു കെകെആർ. സൂപ്പർതാരം മിച്ചൽ സ്റ്റാർക് പരുക്കുമൂലം ടൂർണമെന്റ് തുടങ്ങും മുൻപേ പിന്മാറി. എന്നാൽ പൊരുതാൻ ചങ്കുറപ്പുള്ള ഈ ടീം ഒരു മികച്ച പോരാളിയെ നായകനാക്കി അവസരത്തിനൊത്തുയർന്നു. വിദേശകളിക്കാരായ ലിൻ, നരെയ്ൻ, റസ്സൽ എന്നിവർ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തു. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള കാർത്തിക് വേണ്ടസമയത്ത് മികവു കാട്ടി. ഉത്തപ്പ മങ്ങിയ ഫോമിലാണെങ്കിലും പ്രതീക്ഷ നിലനിർത്തുന്നു. ബോളർമാർ അവസരത്തിനൊത്തുയർന്നു. ഇന്നത്തെ കളിയിൽ മുൻതൂക്കം കെകെആറിനാണെന്ന് കരുതുന്നു. അവർ ഫൈനലിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല.

രാജസ്ഥാൻ റോയൽസ് ടീം സന്തുലിതം. ലേലത്തിൽ മികച്ച കളിക്കാരെ സ്വന്തമാക്കിയ അവർ പകരക്കാരുടെ കാര്യത്തിൽ ഏറെ ബലഹീനമാണുതാനും. വിലക്കു മൂലം സ്റ്റീവ് സ്മിത്തിനെ നഷ്ടമായതിന്റെ ആഘാതം ചെറുതല്ല. വൻവിലയ്ക്കു വാങ്ങിയ സ്റ്റോക്സിനു തിളങ്ങാനുമായില്ല. രഹാനെയും ഉനദ്കട്ടും ഡാർസി ഷോർട്ടും വല്ലപ്പോഴും മാത്രം തിളങ്ങി. നല്ലൊരു ടീമിന് ഒരു തീപ്പൊരി മതി ആളിക്കത്താൻ. ബട്‍ലറെ ഓപ്പണറാക്കാനുള്ള തീരുമാനവും ജോഫ്ര ആർച്ചറുടെ വരവും ഇത്തരത്തിലുള്ളതായിരുന്നു. ബട്‍ലറുടെ മികച്ച ഇന്നിങ്സുകൾ ടീമിന് പുത്തനുണർവേകി. എന്നാൽ, ബട്‍ലറും സ്റ്റോക്സും (ഒപ്പം ടീം മെന്റർ ഷെയ്ൻ വോണും) ഇല്ലാതിരുന്ന കളിയിൽ അവർ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ കാട്ടിയ മികവ് ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി. ശ്രേയസ് ഗോപാലും കൃഷ്ണപ്പ ഗൗതവും പരമാവധി മികവു കാട്ടി ടീമിലെ താരങ്ങളായി. കൈയിലുള്ള ആയുധങ്ങൾ പ്രഗദ്ഭമായി ഉപയോഗിക്കുന്നതിൽ ക്യാപ്റ്റൻ രഹാനെയും തിളങ്ങി.

സ്വന്തം നാട്ടിൽ അറുപതിനായിരത്തിലേറെ ആരാധകരുടെ മുന്നിൽ കളിക്കുന്നതിന്റെ ആവേശം കെകെആറിന് കരുത്തേകും. എന്തും നേരിടാൻ തയാറായെത്തിയിട്ടുള്ള രാജസ്ഥാൻ തെല്ലും വിട്ടുകൊടുക്കില്ല എന്നത് കളി ആവേശക്കൊടുമുടിയേറ്റുകയും ചെയ്യും. 

related stories