Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യുജ്വലം ഈ ഐപിഎൽ

പവർ പ്ലേ – ഹർഷ ഭോഗ്‌ല
img-98954

ഈ ഐപിഎൽ എല്ലാ അർഥത്തിലും ഉജ്വലമായിരുന്നു. വ്യത്യസ്തതയുള്ള പിച്ചുകളും സാഹചര്യങ്ങളും, തിരക്കു പിടിച്ച മൽസരക്രമം, ത്രില്ലടിപ്പിച്ച ഒട്ടേറെ മൽസരങ്ങൾ, മിന്നിയവരും മങ്ങിയവരും. ഇടവേളകൾ ചില ടീമുകളെ ഊർജം വീണ്ടെടുക്കാൻ തുണച്ചപ്പോൾ മറ്റു ചിലർക്ക് താളം തന്നെ നഷ്ടപ്പെട്ടു. താരലേലത്തിൽ ബുദ്ധിപൂർവം കളിക്കാരെ വാങ്ങേണ്ടതിന്റെയും മികവുറ്റ റിസർവ് നിരയെ കാത്തു വയ്ക്കേണ്ടതിന്റെയും ആവശ്യകത ടീമുകൾക്കു മനസ്സിലായ ടൂർണമെന്റ് കൂടിയാണിത്. 

സാധാരണ പോലെ ബാറ്റ്സ്മാൻമാരുടേതായ ഒട്ടേറെ നിമിഷങ്ങൾ ഈ ഐപിഎല്ലിലുമുണ്ടായിരുന്നു. നല്ല തട്ടുതകർപ്പൻ ഇന്നിങ്സുകൾ. പക്ഷേ, ബോളർമാർ ഉജ്വലമായി മികവു തെളിയിച്ച ടൂർണമെന്റായിട്ടാണ് ഞാൻ ഈ ഐപിഎല്ലിനെ കാണുന്നത്. ചെറിയ സ്കോറുകൾ പോലും പ്രതിരോധിക്കുന്നതിൽ അവർ അസാമാന്യമായ ആവേശം കാണിച്ചു. പല മൽസരങ്ങളും അവസാന ഓവറിൽ ഫോട്ടോഫിനിഷ് ആക്കിയതിൽ മുഖ്യപങ്ക് ബോളർമാർക്കാണ്.

ചിലതിൽ അവർ ജയിച്ചു, മറ്റുള്ളവയിൽ ബാറ്റ്സ്മാൻമാരും. ക്യാപ്റ്റൻസിയുടെ പ്രധാന്യം തെളിഞ്ഞുകണ്ട ടൂർണമെന്റ് കൂടിയാണിത്. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലൂടെ ലഭിക്കുന്ന കണക്കുകൾ വർധിച്ചതോടെ കോച്ചിനും പ്രാധാന്യമേറി. പക്ഷേ, മൈതാനത്ത് ടീമിനെ കൊണ്ടുപോകുന്നത് ക്യാപ്റ്റൻ തന്നെയാണല്ലോ. പല കളികളിലും ക്യാപ്റ്റൻമാരുടെ ദൃഢനിശ്ചയവും പതറാത്ത മനോഭാവവും ടീമുകളെ തുണച്ചു. ധോണിയെപ്പോലുള്ള കൂൾ ക്യാപ്റ്റൻമാർ കുറേയേറെ ഉയർന്നു വരുന്നുണ്ട്. 

ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനത്തിൽ ഞാൻ അതീവ സംതൃപ്തനാണ്. ദേശീയ ടീമിലെ സീനിയർ താരങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന പ്രകടനമാണ് ഋഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങൾ കാഴ്ചവച്ചത്. സീനിയർ താരങ്ങളെയും മറക്കുന്നില്ല. ഉമേഷ് യാദവ് സ്ട്രൈക്ക് ബോളറെന്ന മികവു വീണ്ടെടുത്തു. ദിനേഷ് കാർത്തിക് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കാലം ആസ്വദിച്ചു, അമ്പാട്ടി റായുഡു ഒരിക്കലും തന്നെ എഴുതിത്തള്ളരുതെന്നു വിളിച്ചുപറഞ്ഞു, കെ.എൽ. രാഹുൽ ഒരു ക്ലാസ് ബാറ്റ്സ്മാൻമാനായി രൂപം പ്രാപിച്ചു, പിന്നെ ധോണി സ്വയം നവീകരിച്ചു.

വരും സീസണുകളിൽ ഞാൻ കാണാനാഗ്രഹിക്കുന്നത് ഒന്നാന്തരം ഇന്ത്യൻ ഓൾറൗണ്ടർമാരെയാണ്. ഈ ടൂർണമെന്റിലെ എന്റെ ഇഷ്ടതാരം റാഷിദ് ഖാനാണ്. പ്രതിഭകൾ എവിടെയുമുണ്ട് എന്നത് റാഷിദിന്റെ വരവു തെളിയിക്കുന്നു. ബാറ്റു കൊണ്ടും ബോളും കൊണ്ടും എന്തൊരു ഉജ്വല പ്രകടനമായിരുന്നു കൊൽക്കത്തയ്ക്കെതിരെ. ഐപിഎല്ലിന്റെ എന്നല്ല, ലോക ക്രിക്കറ്റിന്റെ തന്നെ സൗന്ദര്യമാണ് റാഷിദ് ഖാൻ.

related stories