ടീം ഇന്ത്യ വിൻഡീസിൽ; ഒരു ‘കലക്കു കലക്കും’

അങ്ങനെ വിരാട് കോഹ്‌ലി ജയിച്ചു. തനിക്കുമേല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ മറ്റാരുമില്ലെന്ന വീരാടവീര്യ വിജയം. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെക്കാലം ഒറ്റയ്ക്കു താങ്ങിനിർത്തിയ സാക്ഷാല്‍ അനില്‍ കുംബ്ലെയ്ക്കുപോലും രക്ഷയില്ല. കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ഇന്ത്യയെ വിജയങ്ങളില്‍നിന്നു വിജയങ്ങളിലേക്കു നയിച്ച കുംബ്ലെ പെട്ടിമടക്കി വീട്ടിലിരിക്കുമ്പോള്‍, ഇതാ കോഹ്‌ലിയുടെ അടുത്ത അങ്കപ്പുറപ്പാട്.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസിസും പരമ്പര ഇന്നാരംഭിക്കുകയാണ്. അ‍ഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും അടങ്ങിയ പരമ്പര. ഇന്ത്യൻ സമയം ഇന്നു വൈകീട്ട് ആറരമുതൽ പോരാട്ടത്തിനു തുടക്കമാകും. കോഹ്‌ലിയുടെ തൊപ്പിയിൽ മറ്റൊരു നാഴികക്കല്ലാകും ഈ പരമ്പരയെന്നാണു സൂചന. മുഖ്യ പരിശീലകന്റെ അഭാവത്തിലും നായകമികവോടെ ഇന്ത്യയെ വിജയിപ്പിക്കുന്നതിന്റെ തിളക്കമേറിയ തൊപ്പിയും ശിരസ്സിലേറ്റിയാകും കോഹ്‌ലി ഇന്ത്യയിലേക്കു മടങ്ങുക. 

കാര്യം നിസ്സാരമാണ്. ഒട്ടും ആലോചിച്ചു തല പുകയ്ക്കേണ്ടതില്ല. ഈ വെസ്റ്റ് ഇൻഡീസ് പഴയ വിൻഡീസ് ടീമിന്റെ നിഴലിന്റെ ഫോട്ടോസ്റ്റാറ്റ് മാത്രമാണ്. കോഹ്‌ലിപ്പടയ്ക്കു ചുമ്മാ ഇട്ടുതട്ടാനുള്ളൊരു കൂട്ടം. അതിലേറെപ്പറഞ്ഞാൽ ക്രിക്കറ്റ് ദൈവങ്ങൾ കോപിക്കും. രാജ്യാന്തര ക്രിക്കറ്റിൽ ഇന്നലെ ടെസ്റ്റ് പദവി നേടിയ അഫ്ഗാനിസ്ഥാനോ

ടുള്ള ഏകദിനപരമ്പരയിൽ മുട്ടിടിച്ച ടീമാണ് ഇപ്പോഴത്തെ വെസ്റ്റ് ഇൻഡീസ്. മൂന്നു മൽസര പരമ്പര 1–1നു സമനിലയിലാക്കി അവർ മുഖം രക്ഷിച്ചു. അല്ലെങ്കിൽ നാണക്കേടിന്റെ പടുകുഴിയിലായേനെ അവർ. എന്തായാലും ഇന്ത്യയോട് ഒരു മൽസരമെങ്കിലും ജയിക്കാനായാൽ ഇപ്പോഴത്തെ ഫോമിൽ അവർക്കു ലോകകപ്പ് കിട്ടിയ സന്തോഷമാകും. 

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം.

നമ്മുടെ താരനിരയേയും അവരുടെ താരനിരയേയും താരതമ്യം ചെയ്തു നേരം കളയേണ്ട. പറയാൻ മാത്രമൊന്നുമില്ല വിൻഡീസ് താരങ്ങളുടെ കണക്കിൽ. ഒരൊറ്റ താരതമ്യം മാത്രം മതിയാകും ഈ അജഗജ അന്തരം വ്യക്തമാകാൻ. വിൻ‍ഡീസ് നിരയിൽ ഏറ്റവുമധികം മൽസരങ്ങൾ കളിച്ച ക്യാപ്റ്റൻ ജേസൻ ഹോൾഡറുടെ ക്രെഡിറ്റിൽ 58 എകദിനങ്ങൾ. ഹോൾഡർ അടക്കം വിൻഡീസിന്റെ 13 താരങ്ങളും കൂടി കളിച്ചത് ഏകദിനമൽസരങ്ങൾ 213. ടീം ഇന്ത്യൻ നിരയിൽ യുവരാജ് സിങ്ങും (301) എം.എസ്. ധോണിയും (291) ഒറ്റയ്ക്ക് ഇതിലേറെ മൽസരങ്ങളിലിറങ്ങിയിട്ടുണ്ട്; ക്യാപ്റ്റൻ കോഹ്‌ലിയാകട്ടെ 184 മൽസരങ്ങളിലും. 

വിൻഡീസെന്നു കേട്ടാൽ ലോകക്രിക്കറ്റിനു മുട്ടിടിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ക്ലൈവ് ലോയ്ഡും വിവിയൻ റിച്ചാർഡ്സും കേർട്‌ലി അംബ്രോസും ഇയാൻ ബിഷപ്പും കോട്നി വാൽഷും ബ്രയാൻ ലാറയും ചന്ദർപോളും തുടങ്ങി എത്രയെത്ര ലോകോത്തര താരങ്ങൾ. അംബ്രോസിന്റെയും മറ്റും കുത്തിപ്പറന്നു ഹെൽമറ്റ് തകർത്തെന്നോണം പറക്കുന്ന പന്തുകൾ ഏതു ബാറ്റ്സ്മാനെയും പേടിപ്പിച്ചിരിക്കുന്നു. ലോയ്ഡും റിച്ചാർഡ്സും ലാറയുമൊക്കെ കാണിച്ചുതന്ന ബാറ്റിങ്ങിന്റെ നിറവിസ്മയങ്ങൾ ഏതൊരു ബോളറെയും ആശങ്കപ്പെടുത്തിയിരുന്നു.  മൈതാനത്ത് ഇരപിടിയൻമാരെപ്പോലെ വിഹരിച്ച അവരുടെ ഫീൽഡർമാർ പകർന്ന ഊർജം വലുതായിരുന്നു. അതൊരു കാലം! ആ കാലത്തിന്റെ പിന്മുറക്കാരിലേക്ക് ക്രിക്കറ്റ് പകർന്നാടിയപ്പോൾ ഏതു ടീമിനും തോൽപ്പിക്കാവുന്ന നിരയെന്ന പേരുദോഷം മാത്രമായി കൂട്ടിന്. ഓർക്കുക; ക്രിക്കറ്റ് റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ ഉൾപ്പെട്ട ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് ടീമിന് ഇടമുണ്ടായിരുന്നില്ല. 

അഹങ്കാരികളാണ് ഇന്ത്യൻ ക്രിക്കറ്റർമാർ എന്നു പറയാറുണ്ട്; അതു കാലം തെളിയിച്ചതുമാണ്. വിനയം കൊണ്ടും പ്രതിഭ കൊണ്ടും ഒരു കാലം വാണ സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡും തുടങ്ങി മാന്യന്മാരുടെ പേരുകളുണ്ടെങ്കിലും കൂടുതലും അഹങ്കാരികളെന്ന ലേബലിനാണ് അർഹർ. അതുകൊണ്ടാകുമല്ലോ ടീമിനെ വിജയങ്ങളിലേക്കു നയിക്കുന്ന കോച്ചുപോലും പുഷ്പം പോലെ വലിച്ചെറിയപ്പെടുന്നത്. പിന്നെ, പണത്തിനുമേൽ പരുന്തും പറക്കില്ലെന്നു വിശ്വസിക്കുന്ന ഒരു ഭരണസമിതിയുടെ പിൻബലമുള്ളപ്പോൾ ഏതു താരത്തിനു ഏതളവുവരെയും പോകുകയും ചെയ്യാമല്ലോ.

വിദേശരാജ്യങ്ങളിലെയോ ക്ലബ്ബുകളിലെയോ ഫുട്ബോൾ കോച്ചുമാരെ കണ്ടു പഠിക്കണം. എന്തു മാത്രം പ്രതാപികളാണവർ. ടീമിൽ ആരു കളിക്കണമെന്ന് അവരാണു തീരുമാനിക്കുക. എതു പൊസിഷനിൽ, ഏതു നേരത്ത്, ആര് ഇറങ്ങണമെന്ന അവരുടെ തീരുമാനത്തെ അട്ടിമറിക്കാൻ ആർക്കുമാകില്ല. ഏതു സൂപ്പർ താരമാണെങ്കിലും കോച്ചിന്റെ കൂടി പിന്തുണയുണ്ടെങ്കിലേ ടീമിൽ ഇടംനേടാനാകൂ. 

ഇന്ത്യൻ ക്രിക്കറ്റിൽ കാര്യങ്ങൾ നേരേ തിരിച്ചാണ്. കളിക്കാരാണു തീരുമാനിക്കുന്നത് ആരു കോച്ചാകണമെന്നും എത്രനാൾ പരിശീലിപ്പിക്കണമെന്നും. തങ്ങൾക്ക് ഇഷ്ടമില്ലാത്തതു ചെയ്താൽ അവരെ പുറത്താക്കാനുള്ള ചരടുവലിക്കാനും നേതൃത്വം കൊടുക്കേണ്ടത് അവരാണ്. ഇത്തരം ചരടുവലികൾക്കായി തലപുകച്ചതുകൊണ്ടാണോ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടു സമാനതകളില്ലാത്തവണ്ണം തോറ്റത്?. സാരമില്ല, നമ്മൾ ക്രിക്കറ്റ് ആരാധകർ എല്ലാം ക്ഷമിക്കുന്നവരല്ലേ. വിൻഡീസിൽ സമ്പൂർണ ജയം തേടി തിരിച്ചെടുത്തുന്ന താരങ്ങളെ കുരവയിട്ടു സ്വീകരിക്കാൻ കാത്തിരിക്കാം. ഞാൻ കഴിഞ്ഞാൽ പ്രളയമെന്ന മട്ടിൽ വിരാജിക്കുന്ന വീരന്മാരെ തിലകം ചാർത്തി വരവേൽക്കാം. 

എന്തായാലും ഒരു താരതമ്യപഠനം വേണമെങ്കിൽ ഇരു ടീമുകളിലേയും താരങ്ങളുടെ പേരുകളിതാ. വിൻഡീസ് നിരയിലെ എത്രപേരെ നിങ്ങൾ കേട്ടിട്ടുണ്ട് എന്നുകൂടി ഓർത്തുവയ്ക്കണേ.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, യുവരാജ് സിങ്, ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, അശ്വിൻ, ജഡേജ, കുൽദീപ് യാദവ്, ഷാമി, ഭുവനേശ്വർ കുമാർ, പന്ത്, ദിനേഷ് കാർത്തിക്, ഉമേഷ് യാദവ്.

ടീം  വിൻഡീസ്: ജേസൻ ഹോൾഡർ, ജൊനാഥൻ കാർട്ടർ, മിഗ്വേൽ കുമ്മിൻസ്, അൽസാരി ജോസഫ്, ജേസൻ മുഹമ്മദ്, കീറൻ പവൽ, കേസ്റിക് വില്യംസ്, ദേവേന്ദ്ര ബിഷൂ, റോസ്റ്റൻ ചേസ്, ഷായ് ഹോപ്, എവിൻ ലൂയിസ്, ആഷ്‌ലി നഴ്സ്, റോമാൻ പവൽ.