ചരിത്രം ടെന്നിസിനായി കാത്തുവച്ച ‘സ്വിസ് നിക്ഷേപം’; റോജർ, നീയല്ലേ ചരിത്രം!

റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമായി.

കണ്ണീരിലാണ്, റോജർ ഫെഡററുടെ എല്ലാ വിജയങ്ങളും ആഘോഷിക്കപ്പെടുന്നത്. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. ടെന്നിസിന്റെ മറ്റൊരു പേരാണ് ഫെ‍ഡററെന്ന് ലോകമെഴുതിയ പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ കീഴടക്കി ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. ചരിത്രം ടെന്നിസിനായി കാത്തുവച്ച സ്വിസ് നിക്ഷേപമാണ് ഈ സ്വിറ്റ്സർലൻഡുകാരൻ. ലോക ടെന്നിസ് ചരിത്രത്തിൽ ഏറ്റവുമധികം ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടി റെക്കോർഡിട്ട ഫെഡററുടെ കിരീടങ്ങളുടെ എണ്ണം ഇക്കഴിഞ്ഞ ദിവസം 20 തികഞ്ഞു. ഒരുപക്ഷേ, ഇനിയൊരിക്കലും മറ്റാർക്കും നേടാനാകാത്ത ആ ലക്ഷ്യം ഫെഡറർ നേടിയത് 36–ാമത്തെ വയസ്സിൽ!. ഊർജമേറെ വേണ്ട ടെന്നിസ് കളത്തിൽ ഇനിയാർക്കാണ് ഇത്തരമൊരു കുതിപ്പിനു ബാല്യം ബാക്കിയുണ്ടാകുക? 

ഫെഡറർ ഒരു വിസ്മയമാണ്; ഒരൊന്നൊന്നര വിസ്മയം! ലോകം എഴുതിത്തള്ളിയൊരു കാലം കടന്നാണ് ഈ ബഹുമാന്യസുന്ദരൻ മൂന്നു കിരീടങ്ങൾ നേടിയത്. 2012 ലെ വിമ്പിൾഡൻ കിരീടം നേടുമ്പോൾ ഫെഡററുടെ പട്ടികയിൽ 17 ഗ്രാൻസ്‌ലാം കിരീടങ്ങളെത്തിയിരുന്നു. 18–ാം കിരീടം നേടാൻ ഫെഡറർ കാത്തിരുന്നത് അ‍ഞ്ചു സംവൽസരങ്ങൾ. ആർ‌ക്കും മനസ്സും ശരീരവും മടുത്തുപോകുന്ന സുദീർഘകാലം. എന്നിട്ടും വറ്റാത്ത ഇച്ഛാശക്തി ഈ താരത്തിനു വിജയത്തിലേക്കുള്ള കാന്തികോർജമായി. 18–ാം കിരീടം ഫെഡറർ നേടുന്നത് 2017 ഓസ്ട്രേലിയൻ ഓപ്പണിലാണ്; 35–ാം വയസ്സിൽ. പിന്നെയും രണ്ടു കിരീടങ്ങൾ. അതിലൊന്നാണ് കഴിഞ്ഞ ദിവസം മെൽബണിലെ നീലമൈതാനത്ത് ഫെഡറർ സ്വന്തമാക്കിയത്. ഇളം നീലക്കണ്ണിൽ സന്തോഷാശ്രുക്കൾ നിറച്ച് ഫെഡറർ ലോകത്തിന്റെ ആദരമേറ്റുവാങ്ങിയ അനർഘനിമിഷം.

മൂന്നു മണിക്കൂറും മൂന്നു മിനിറ്റും! ക്രൊയേഷ്യക്കാരൻ സിലിച്ചിനെ അ‍ഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കുമ്പോൾ ഫെഡറർ ലോകത്തിനു മുന്നിൽ ജ്വലിച്ചത് ടെന്നിസിന്റെ സമസ്ത സൗന്ദര്യത്തോടുംകൂടിയാണ്. ടെന്നിസ് കോർട്ട് ഒരു നൃത്തവേദിയായി സങ്കൽപ്പിച്ചാൽ അതിലേറ്റവും അഴകും ലാവണ്യവുമുള്ള നർത്തകനാണ് ഫെഡറർ. എന്തു കുലീനമാണ് ആ പെരുമാറ്റം. എത്ര മാന്യമാണ് ആ സമീപനം. കളിയെ കലയാക്കിമാറ്റുന്ന മാന്ത്രികത. അതുകൊണ്ടല്ലേ, സ്പാനിഷ് വീര്യം നിറയുന്ന റാഫേൽ നദാലും സെർബിയയുടെ നൊവാക് ജോക്കോവിച്ചും അടക്കമുള്ളവർ പടുതിരി കത്തുമ്പോഴും ഏഴു തിരിയിട്ട നിലവിളക്കുപോലെ ഫെഡറർ ജ്വലിച്ചുനിൽക്കുന്നത്. 

20–ാം കിരീടത്തിന്റെ പകിട്ടിനെ അടുത്തൊന്നു കാണുക: ആദ്യസെറ്റ് മിന്നായം പോലെ 6–2 നു ഫെഡറർ സ്വന്തമാക്കുന്നു. വേണ്ടിവന്നത് 24 മിനിറ്റു മാത്രം. ഏകപക്ഷീയമെന്നു തോന്നിപ്പിച്ച ആദ്യ സെറ്റിനുശേഷം ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ രണ്ടാം സെറ്റ്. ടൈബ്രേക്കറിലേക്കു നീങ്ങിയ സെറ്റ് ഒടുവിൽ സിലിച്ചിന്റെ യുവത്വത്തിനൊപ്പം (7–6). രണ്ടാം സെറ്റ് സ്വന്തമാക്കാൻ സിലിച്ച് വിയർത്തത് കൃത്യം ഒരു മണിക്കൂർ!. മൂന്നാം സെറ്റിൽ വീണ്ടും കഥ മാറി. ഫെഡറർ സാക്ഷാൽ ഫെഡററായി. സിലിച്ചിനെ ശരിക്കും അമ്പരപ്പിച്ച പ്രകടനമായിരുന്നു ഈ സെറ്റിൽ. കരുത്തൻ സെർവുകൾക്ക് എത്ര കൃത്യമായ മറുപടികളായിരുന്നു ഫെഡറർ നൽകിയത്.

കോർട്ടിന്റെ മൂലകളിൽനിന്ന് എതിർമൂലയിലേക്ക് അളന്നുകുറിച്ചെന്നവണ്ണം പറന്ന എണ്ണം പറഞ്ഞ റിട്ടേണുകൾ. സിലിച്ചിനെ നിഷ്പ്രഭനാക്കുന്ന എയ്സുകൾ. 6–3 നു സെറ്റ് സ്വന്തമാക്കുമ്പോൾ ഭാര്യ മിർക്ക അടക്കമുള്ളവർ ഗാലറിയിലെ ബോക്സിൽ വിജയമുറപ്പിച്ച ചിരിയഴകായി. നാലാം സെറ്റിന്റെ തുടക്കത്തിലേ ഫെഡറർക്ക് രണ്ടു ഗെയിമുകളുടെ ലീഡ്.  അനായാസം കിരീടമെന്ന ആരാധകപ്രതീക്ഷയെ സിലിച്ചിന്റെ പോരാട്ടവീര്യം അണകെട്ടിനിർത്തുന്നു. തുടർച്ചയായ പോയന്റുകൾ. ഒടുവിൽ അവിശ്വസനീയമാംവണ്ണം 3–6 ന് ഫെഡറർ സെറ്റ് കൈവിടുന്നു.

ഈ സെറ്റിൽ ഫെഡററുടെ ശരീരഭാഷ പോലും മാറിപ്പോയി. തോൽവി വഴങ്ങേണ്ടിവന്ന ഒരു യുദ്ധവീരനെപ്പോലെ ആ ചുമലുകൾ ഇടിഞ്ഞുതാണു. കണ്ണുകളിൽ നിരാശയും നിസ്സഹായതയും. കടുത്ത ഫെഡറർ ആരാധകർക്കെല്ലാം ഈ സെറ്റിൽ കണ്ണുനിറഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്. പക്ഷേ, അവിടെ നിന്നാണ് ഫെഡറർ തിരിച്ചുവന്നത്. ബോറിസ് ബെക്കറും ആന്ദ്രേ ആഗസിയും പീറ്റ് സാംപ്രാസുമൊക്കെ പോരാട്ടവീര്യത്തിന്റെ ആൾരൂപങ്ങളായി നിരന്ന കാലത്തിന്റെ തനിയാവർത്തനം പോലെ ഒരുയിർത്തെഴുന്നേൽപ്.

ആദ്യ ഗെയിമിൽ ഇ‍ഞ്ചോടിഞ്ചു പോരാട്ടം. ഡ്യൂസും അഡ്വാന്റേജുമൊക്കെ ആവർത്തിച്ചു. ഒടുവിൽ ഫെഡറർ ഗെയിം നേടി ചിരിച്ചു. അതൊരു ചിരിയായിരുന്നു. വിജയമുറപ്പിച്ച തൂമന്ദഹാസം. ആ നിമിഷം ഫെഡററുറപ്പിച്ചിരുന്നു 20–ാം കിരീടമെന്ന വലിയ നേട്ടം. പിന്നെ സിലിച്ച് വെറുമൊരു കാഴ്ചക്കാരനായി. ഫെഡററുടെ സർവിനും റിട്ടേണിനും സ്മാഷിനുമൊക്കെയുള്ള ഒരകമ്പടിക്കാരൻ. 6–1 നു സെറ്റ് സ്വന്തമാക്കി മുഷ്ടി ചുരുട്ടുമ്പോൾ ഫെഡറർ ഓർത്തില്ല, ഇക്കാലം വരേയും നേടിയ 19 കിരീടങ്ങൾ. ഈയൊരു കിരീടം മാത്രമായിരുന്നു മനസ്സിലെന്ന് ഫെഡററുടെ വെളിപ്പെടുത്തൽ– ‘ഇതു വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ വർഷത്തെ കിരീടം നിലനിർക്കുകയെന്നത് അദ്ഭുതകഥപോലെ’. 

2003 വിമ്പിൾഡനിലാണ് ഫെഡറർ എന്ന താരോദയം ലോകത്തിനുമുന്നിൽ വെളിപ്പെട്ടത്. പിന്നീട് കിരീടനേട്ടങ്ങളുടെ എത്രയോ വർഷങ്ങൾ. വിമ്പിൾഡൻ, ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ- ഗ്രാൻസ്‌ലാം കിരീടങ്ങളുടെ പ്രിയതോഴനായി ഈ താരം. ഭാര്യയ്ക്കും മക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മൽസരവേദികളിൽ സ്ഥിരസാന്നിധ്യമായ ഫെഡറർ അക്ഷരാർഥത്തിൽ ഒരു മാതൃകാപുരുഷനായിരുന്നു; കോർട്ടിലും പുറത്തും. ഇതുപോലൊരു മകനുണ്ടായിരുന്നെങ്കിലെന്ന് അമ്മമാരും ഇതുപോലൊരു സഹോദരനുണ്ടായിരുന്നെങ്കിലെന്ന് പെൺകുട്ടികളും ഇതുപോലൊരു ഭർ‌ത്താവുണ്ടായിരുന്നെങ്കിലെന്നു യുവതികളും ഇതുപോലൊരു അച്ഛനുണ്ടായിരുന്നെങ്കിലെന്ന് മക്കളും കൊതിച്ചുപോകുന്ന വിധത്തിൽ ഫെഡറർ ലോകത്തിന് ആരാധ്യനായി. 

ടെന്നിസിനെ ശാരീരിക ശേഷിയുടെയും കരുത്തിന്റെയും വിളംബരമാക്കി മാറ്റി നദാലിനെപ്പോലുള്ള താരങ്ങൾ അവതരിച്ചപ്പോഴും മറുവശത്ത് ഫെഡറർ അക്ഷോഭ്യനായത് പ്രതിഭാസമ്പത്ത് ഒന്നുകൊണ്ടുമാത്രമാണ്. എതിരെവരുന്ന സുന്ദരിയെ നറുചിരിയാൽ തഴുകിവിടും പോലെ ഫെഡറർ പന്തിനെ എതിർകോർട്ടിലേക്കു തഴുകിവിട്ടു. എന്തൊരു ഭംഗിയാണ് ഇയാളുടെ കളി കാണാനെന്ന് ആരാധകർ പലകുറി അത്ഭുതം കൂറി. ഈ അദ്ഭുതം കൂറൽ മുപ്പത്താറാം വയസ്സിലും നിലനിർത്താനാകുന്നു എന്നതാണ് ഫെഡററുടെ വലിയ നേട്ടം. ഒരുപക്ഷേ, ഫെഡറർക്കുമാത്രം സ്വന്തമായ നേട്ടം. 

വിമ്പിൾഡനിലെ പച്ചപ്പുൽത്തകിടിയാണ് ഫെഡററുടെ വിജയാരവങ്ങൾക്ക് ഏറ്റവുമധികം സാക്ഷ്യം വഹിച്ചത്; എട്ടുതവണ. 2003 മുതൽ 2007 വരെ അ‍ഞ്ചുവർഷം ഈ കിരീടം സ്വപ്നം കാണാൻ പോലും മറ്റാർക്കും കഴിഞ്ഞില്ല. പിന്നീട് 2009, 2012, 2017 വർഷങ്ങളിൽകൂടി വിമ്പിൾ‍ഡൻ ഫെഡററുടെ കണ്ണീർച്ചിരിക്കു സാക്ഷ്യം വഹിച്ചു. ഓസ്ട്രേലിയൻ ഓപ്പണിൽ 2004 ലാണ് ആദ്യ കിരീടം. 2006, 2007, 2010, 2017 വർഷങ്ങളിൽ നേടിയ കിരീടം ഇക്കുറിയും കൂടെച്ചേർത്തു. യുഎസ് ഓപ്പണിലാകട്ടെ 2004 മുതൽ‌ 2008 വരെ തുടർച്ചയായ അ‍ഞ്ചു കിരീടങ്ങൾ. ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ട് മാത്രമാണ് ഈ ടെന്നിസ് രാജകുമാരനെ അകമഴിഞ്ഞ് അനുഗ്രഹിക്കാതെപോയത്. പാരിസിലെ ചുവന്ന നിറമുള്ള കോർട്ടിൽ ഒരിക്കൽ മാത്രമേ ഫെഡറർക്ക് വിജയിയായി നിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ; 2009ൽ. 

കരിയറിലെ 30-ാം ഗ്രാൻസ്‌ലാം ഫൈനലിൽ 20–ാം കിരീടനേട്ടം ഫെഡറർ സ്വന്തമാക്കുമ്പോൾ ഒന്നുറപ്പിക്കാം, ഈ പോരാട്ടവീര്യം ഇനിയും തുടരുമെന്ന്. ഈ വീഞ്ഞിന് ഇനിയും വീര്യം കൂടുമെന്ന്. പറയാതെ വയ്യ: ചിയേഴ്സ്, പ്രിയ ഫെഡറർ.