ദ്രാവിഡ്, സഹീർ നിയമനങ്ങൾക്ക് അംഗീകാരമായില്ല

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളിൽ ഉപദേശവും പരിശീലനവും നൽകാൻ തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരുടെ നിയമനങ്ങൾക്കു ബിസിസിഐ ഇടക്കാല സമിതിയുടെ യോഗത്തിൽ അംഗീകാരമായില്ല. രവി ശാസ്ത്രിയുമായി ആലോചിച്ച ശേഷം മതി നിയമനമെന്നു സമിതി അധ്യക്ഷൻ വിനോദ് റായിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. 

മുഖ്യ പരിശീലകനായി രവി ശാസ്ത്രിയുടെ നിയമനത്തിനു യോഗം അംഗീകാരം നൽകി. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരുൾപ്പെട്ട ഉപദേശക സമിതി ശാസ്ത്രിക്കു പുറമേ ദ്രാവി‍ഡിനെയും സഹീറിനെയും തിരഞ്ഞെടുത്തതിൽ ഭരണസമിതിക്ക് അതൃപ്തിയുണ്ടെന്ന സൂചനകൾ നേരത്തേ പുറത്തുവന്നിരുന്നു. മുഖ്യപരിശീലകനെ മാത്രം തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ട ഉപദേശക സമിതി അധികാരപരിധി ലംഘിച്ചു മറ്റു രണ്ടു പേരെക്കൂടി നിയോഗിച്ചതാണു വിവാദമായത്. 

പരിശീലക നിരയിലേക്കു രാഹുലിന്റെയും സഹീറിന്റെയും പേരുകൾ ശുപാർശകൾ മാത്രമാണെന്നും അവർ നിയമിതരായിട്ടില്ലെന്നും വിനോദ് റായ് വ്യക്തമാക്കി. ഉപദേശക സമിതിയുടെ ശുപാർശകളിൽ ഭരണസമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മുഖ്യപരിശീലകനുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 22ന് അകം ടീമിലെ സഹപരിശീലക സംഘത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നു യോഗശേഷം ഭരണസമിതി വ്യക്തമാക്കി. 

ശാസ്ത്രിയുടെയും പരിശീലക സംഘത്തിലെ മറ്റുള്ളവരുടെയും വേതനം നിശ്ചയിക്കാൻ  നാലംഗ സമിതിക്കു യോഗം രൂപംനൽകി.