Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷസ് പരമ്പരയ്ക്ക് നാളെ തുടക്കം; വാക്പോരിന് നേരത്തേ തുടക്കം

Moeen-Ali ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ മോയിൻ അലി പരിശീലനത്തിൽ.

ബ്രിസ്ബേൻ ∙ ചാരംനിറച്ചൊരു കൊച്ചു ട്രോഫി, ചാരമാകാതിരിക്കാൻ ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ക്രിക്കറ്റിനെ പെറ്റവരും പോറ്റിയവരും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു നാളെ തുടക്കം. ചരിത്രത്തിന്റെ മനോഹാരിതയും പോരാട്ടങ്ങളുടെ സ്‌മരണകളും ഇരമ്പുന്ന പരമ്പരയ്ക്ക് ഇത്തവണ ഓസ്ട്രേലിയയാണു വേദി. ആധുനിക ക്രിക്കറ്റിലെ മികച്ച രണ്ടു താരങ്ങളായ സ്റ്റീവ് സ്മിത്തും ജോ റൂട്ടും നായകൻമാരായി നേർക്കുനേർ എത്തുന്നതു മൽസരച്ചൂടേറ്റും. ബ്രിസ്ബേനിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാണ് ആദ്യ ടെസ്റ്റ്. 2015ൽ നടന്ന അവസാന ആഷസ് പരമ്പര ഇംഗ്ലണ്ട് നേടിയിരുന്നു.

സൂപ്പർ താരം ബെൻ സ്റ്റോക്സിന്റെ അഭാവം, ബോളിങ്ങിൽ ഓസീസ് പേസർമാരുടെ മേധാവിത്വം; എല്ലാറ്റിനുമുപരി ആതിഥേയരോടു കൂറുകാട്ടുന്ന ആഷസിന്റെ ചരിത്രവും. ആശങ്കകളധികവും ഇംഗ്ലണ്ടിനാണ്. നാലു വർഷം മുൻപ് ഓസ്ട്രേലിയൻ മണ്ണിൽ അഞ്ചു ടെസ്റ്റിലും സമ്പൂർണ തോൽവി വഴങ്ങിയതിന്റെ ഓർമകളും സന്ദർശകരെ അലട്ടുന്നുണ്ടാകും. സ്വന്തം മണ്ണിൽ 36 ആഷസ് മൽസരങ്ങളിൽ ഇരുപത്തിനാലിലും ജയമെന്ന മോഹിപ്പിക്കുന്ന റെക്കോർഡാണ് ഓസീസിനുള്ളത്. മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻ എന്നീ ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണ നിരയിലാണു പ്രതീക്ഷകൾ.

ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർക്ക് ഓസ്ട്രേലിയൻ ഗ്രൗണ്ടി‍ൽ നല്ല രാശിയാണ്. എഴുപതിനു മുകളിലാണു സ്മിത്തിന്റെ ബാറ്റിങ് ശരാശരി. വാർണർക്ക് അറുപതും. പരിചയ സമ്പന്നനായ ഉസ്മാൻ ഖാജ വൺഡൗൺ പൊസിഷനിലേക്കു മടങ്ങിയെത്തിയതും ഓസീസിനു പ്രതീക്ഷയാണ്. 

മറുവശത്ത് ഓപ്പണിങ്ങിലെ വലിയൊരു പ്രതിസന്ധിക്കു പരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് ഇംഗ്ലണ്ട്. ആൻഡ്രൂസ് സ്ട്രോസ് വിരമിച്ചതിനുശേഷം ഓപ്പണിങ്ങിൽ ഒരു സ്ഥാനം കറങ്ങുന്ന കസേരയായിരുന്നു. അലെയ്സ്റ്റർ കുക്കിനു പങ്കാളിയായി ഇതുവരെ പതിനാലുപേരെ പരീക്ഷിച്ച ഇംഗ്ലണ്ടിന്റെ ഒടുവിലത്തെ കണ്ടെത്തലാണു മാർക് സ്റ്റോൻമാൻ.

വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പരയിൽ തിളങ്ങിയ താരം ഓസ്ട്രേലിയൻ ഇലവനെതിരായ സന്നാഹ മൽസരത്തിൽ സെഞ്ചുറിയും നേടിയത് ഇംഗ്ലണ്ടിന്റെ മനസ്സു നിറച്ചു. ബാറ്റിങ്ങിൽ വൺഡൗൺ സ്ഥാനത്തു പരിചയക്കുറവാണു പ്രശ്നം. ആറു ടെസ്റ്റിൽ 19.27 ശരാശരിയുള്ള ജയിംസ് വിൻസും പത്തു ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ഗാരി ബല്ലാൻസുമാണ് ഈ സ്ഥാനത്ത് ഇംഗ്ലണ്ട് പരീക്ഷിക്കുന്ന രണ്ടുപേർ. സ്റ്റുവർട്ട് ബ്രോഡും ജയിംസ് ആൻഡേഴ്സ്ണും നയിക്കുന്ന പേസ് നിരയ്ക്കൊപ്പം സ്പിന്നർ മൊയിൻ അലിയുടെ പ്രകടനങ്ങളിലുമാണ് ആഷസ് നിലനിർത്താനൊരുങ്ങുന്ന ഇംഗ്ലണ്ട് കണ്ണുവയ്ക്കുന്നത്. 

ഇംഗ്ലണ്ടുകാരുടെ കഥ കഴിക്കും: നേഥൻ, സ്വന്തം കഥകഴിയാതെ നോക്കൂ: പ്രയർ 

മെൽബൺ ∙ ആഷസിനു മുൻപേ വിവാദത്തിന്റെ കനലെരി‌യിച്ച് ഓസീസ് സ്പിന്നർ നേഥൻ ലയൺ. ഇംഗ്ലണ്ട് താരങ്ങളുടെ കരിയർ അവസാനിപ്പിക്കാൻ ഓസ്ട്രേലിയ ഒരുങ്ങിക്കഴിഞ്ഞെന്ന നേഥനിന്റെ പരാമർശമാണ് വിവാദമായത്. 2013ൽ ഓസ്ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയ്ക്കിടെ പരുക്കേറ്റ് മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ തിരിച്ചുപോയ സംഭവം പരാമർശിച്ച ഓസീസ് സ്പിന്നർ ഇത്തവണയും അത് ആവർത്തിച്ചേക്കുമെന്ന് പ്രഖ്യാപിച്ചു.

നേഥനിന്റെ പരാമർശത്തെ അപലപിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ അടക്കം പ്രമുഖർ രംഗത്തെത്തി. ആഷസിനിടെ നേഥൻ തന്റെ കഥ കഴിയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഇംഗ്ലണ്ട് താരം മാറ്റ് പ്രയർ തിരിച്ചടിച്ചു.

ഓസ്ട്രേലിയയിലെത്തുന്നതിനു മുൻപേ പേടിച്ച് മുട്ടിടിച്ചു നിൽക്കുകയാണ് ഇംഗ്ലണ്ടു താരങ്ങളിൽ പലരും. ‍150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിയുന്ന രണ്ടു താരങ്ങൾ ഞങ്ങൾക്കുണ്ടെന്നതാണ് അവരെ പേടിപ്പിക്കുന്നത്. 2013ൽ അവസാനത്തെ രണ്ടുടെസ്റ്റിൽ പങ്കെടുക്കാതെ ഇംഗ്ലണ്ട് താരം മാറ്റ് പ്രയർ ഒളിച്ചോടുകയായിരുന്നെന്നും നേഥൻ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. 

related stories