രഞ്ജിയിൽ കേരളം ടേണിങ് പോയിന്റിൽ

ക്രിക്കറ്റിൽ രാജ്യത്ത് ഏറ്റവും പിൻനിരയിലായിരുന്ന കേരളം എങ്ങനെ രഞ്ജിട്രോഫിയുടെ ക്വാർട്ടറിലെത്തി? വ്യാഴാഴ്ച ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോൾ, കേരള ക്രിക്കറ്റിൽ സംഭവിച്ച മാറ്റങ്ങളെ മുൻ രാജ്യാന്തര അംപയറും ക്രിക്കറ്റ് നിരീക്ഷകനുമായ ഡോ. കെ.എൻ.രാഘവൻ വിലയിരുത്തുന്നു

മുൻപും കേരളം രഞ്ജി ട്രോഫി രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ടെങ്കിലും രാജ്യത്തെ മികച്ച എട്ട് ടീമുകളിലൊന്നായി ക്വാർട്ടർ ഫൈനൽ പ്രവേശനം നേടുന്നത് ഇതാദ്യം. ഏറ്റവും പിന്നാക്കാവസ്ഥയിൽ നിന്നാണ് അഭിമാനകരമായ മുന്നേറ്റം. നിലവിലെ ചാംപ്യൻമാരും സെമി ഫൈനലിസ്റ്റും ഉൾപ്പെടെ മികച്ച ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ആറിൽ അഞ്ചു മൽസരവും ജയിച്ച് ആധികാരികമായാണു ക്വാർട്ടർ പ്രവേശനം എന്നതാണ് ഏറ്റവും ശ്രദ്ധേയം. കേരള ക്രിക്കറ്റിന് എങ്ങനെ ഈ മാറ്റം സംഭവിച്ചു? ഏഴ്-എട്ട് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ അടിസ്ഥാന തലത്തിൽ നടത്തിയ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമാണ് കൊയ്തു തുടങ്ങിയിരിക്കുന്നത്.

മുൻപ് കേരളത്തിലെ ക്രിക്കറ്റ് തിരുവനന്തപുരം, കൊച്ചി, തലശേരി എന്നിവിടങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു. മികച്ചൊരു ടർഫ് വിക്കറ്റ് ഉണ്ടാവുന്നത് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ രാജ്യാന്തര മൽസരം വന്നപ്പോഴാണ്. ഫസ്റ്റ് ക്ലാസ് മൽസരങ്ങളെല്ലാം ടർഫ് വിക്കറ്റിലായിരിക്കെയായിരുന്നു കേരളത്തിന്റെ ഈ ദുരവസ്ഥ.

എന്നാൽ കഴിഞ്ഞ ഏഴ്-എട്ട് വർഷത്തിനിടെ കെസിഎ എല്ലാ ജില്ലകളിലും ഒന്നാംതരം ടർഫ് വിക്കറ്റുകളോടു കൂടിയ ഗ്രൗണ്ടുകൾ ഒരുക്കി. സ്കൂൾ തലത്തിൽ നിന്നു തന്നെ മികവുള്ളവരെ കണ്ടെത്തി വളർത്താൻ ജില്ലകളിൽ ജൂനിയർ തലത്തിലുള്ള അക്കാദമികളും സ്ഥാപിച്ചു. ബിസിസിഐ അംഗീകാരമുള്ള നല്ല പരിശീലകരെയും ഈ അക്കാദമികളിൽ നിയോഗിച്ചു. ഫലം എതു പ്രദേശത്തുള്ള കളിക്കാർക്കും തൊട്ടടുത്ത് നല്ല വിക്കറ്റുകളിൽ നല്ല പരിശീലകർക്കു കീഴിൽ കളിച്ചു വളരാനായി. താഴെത്തട്ടിൽ ടൂർണമെന്റുകളുമുണ്ടായി.

അങ്ങനെ ശാസ്ത്രീയമായി കളിച്ചു വളർന്ന കേരളത്തിലെ ആദ്യ തലമുറയാണ് ഇപ്പോൾ ഈ നേട്ടങ്ങൾ സംഭാവന ചെയ്യുന്നത്. ഇന്നത്തെ കേരള ടീം പരിശോധിച്ചാൽ ചുരുക്കം ജില്ലകളൊഴികെ മറ്റെല്ലായിടത്തു നിന്നുമുള്ള കളിക്കാരുണ്ട്. ഇടുക്കി പോലൊരു പിന്നാക്ക ജില്ലയിൽ നിന്നുള്ള സച്ചിൻ ബേബിയാണു ടീം ക്യാപ്റ്റൻ. മഴയാണു കേരളത്തിലെ ക്രിക്കറ്റിന് വലിയ വെല്ലുവിളി. ഇതിനു പരിഹാരമായി കെസിഎ ഇൻഡോർ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. ആദ്യത്തേത് തിരുവല്ലയിൽ ആരംഭിച്ചു കഴിഞ്ഞു.

ടീം ജയിക്കാൻ നല്ല കളിക്കാർ മാത്രമല്ല നല്ല തന്ത്രങ്ങളും വേണം. കളിയുടെ ഗതി വിഗതികൾക്ക് അനുസരിച്ച് ഈ തന്ത്രങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും അത് ആത്മവിശ്വാസത്തോടെ നടപ്പാക്കാൻ അവരെ പ്രചോദിപ്പിക്കാനും ഒരു നല്ല വഴികാട്ടിയുടെ കുറവുണ്ടായിരുന്നു. അതാണു പരിചയ സമ്പന്നനായ ഡേവ് വാട്മോർ നികത്തിയത്. മുൻപ് ഒരു നീണ്ട ഇന്നിങ്സ് കേരള ക്രിക്കറ്റിൽ അപൂർവമായിരുന്നു. എന്നാൽ ഇപ്പോൾ ക്രീസിൽ ക്ഷമയോടെ പിടിച്ചു നിന്നു കളിക്കാൻ നമ്മുടെ കളിക്കാരും പഠിച്ചിരിക്കുന്നു. വലിയ മാറ്റമാണത്.