Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരിവരിയായി പുറത്തേക്ക്, തടയണകെട്ടി ധോണി; മറക്കുമോ ഈ ഷോക്ക്?

Dhawan-Rohit-Karthik ധരംശാല ഏകദിനത്തിൽ പുറത്തായി പവലിയനിലേക്ക് മടങ്ങുന്ന ധവാൻ, രോഹിത് ശർമ, ദിനേഷ് കാർത്തിക് എന്നിവർ.

ധരംശാല ∙ ദക്ഷിണാഫ്രിക്കയിലെ വേഗമേറിയ പിച്ചുകളിൽ മികവ് മാറ്റുരയ്ക്കാൻ തയാറെടുക്കുന്ന ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ധരംശാലയിലെ മൈതാനത്ത് ശ്രീലങ്കൻ ബോളർമാർ നൽകിയത് അടുത്തങ്ങും മറക്കാനാകാത്ത ഷോക്ക് ട്രീറ്റ്മെന്റ്. തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കുശേഷം മഹേന്ദ്രസിങ് ധോണിയുടെ അർധസെഞ്ചുറി മികവിൽ ഇന്ത്യ ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ശ്രീലങ്ക മറികടക്കുമ്പോൾ ലങ്കൻ ഇന്നിങ്സിൽ ബാക്കിയായത് ഏഴു വിക്കറ്റുകളും 176 പന്തുകളും! ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ശ്രീലങ്ക 1–0ന് മുന്നിലെത്തുകയും ചെയ്തു.

സ്കോർ: ഇന്ത്യ – 38.2 ഓവറിൽ 112. ശ്രീലങ്ക – 20.4 ഓവറിൽ മൂന്നിന് 114

ഐപിഎല്ലിലെ വിജയത്തിളക്കമുള്ള നായകമികവുമായി ആദ്യമായി രാജ്യാന്തര മൽസരത്തിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയുടെ തുടക്കവും ഇതോടെ നിരാശയുടേതായി. ഈ മൽസരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച പാതി മലയാളിയായ ശ്രേയസ് അയ്യർക്കും അരങ്ങേറ്റ മൽസരം കയ്പേറിയ അനുഭവമായി. 27 പന്തിൽ ഒൻപതു റൺസാണ് അരങ്ങേറ്റ മൽസരത്തിൽ അയ്യരുടെ സ്കോർ. ഇന്ത്യൻ ഇന്നിങ്സിലെ വിക്കറ്റ് വീഴ്ചയുടെ പട്ടികയിലുണ്ട് മൽസരത്തിൽ ടീം നേരിട്ട തകർച്ചയുടെ രത്നച്ചുരുക്കം. അതിങ്ങനെ:

1-0 (ശിഖർ ധവാൻ, 1.6 ov), 2-2 (രോഹിത് ശർമ, 4.1 ov), 3-8 (ദിനേശ് കാർത്തിക്, 8.5 ov), 4-16 (മനീഷ് പാണ്ഡെ, 12.5 ov), 5-16 (ശ്രേയസ് അയ്യർ, 13.2 ov), 6-28 (ഹാർദിക് പാണ്ഡ്യ, 15.2 ov), 7-29 (ഭുവനേശ്വർ കുമാർ, 16.4 ov), 8-70 (കുൽദീപ് യാദവ്, 25.3 ov), 9-87 (ജസ്പ്രീത് ബുംറ, 34.3 ov), 10-112 (എം.എസ്. ധോണി, 38.2 ov)

രഹാനെയെ ഒഴിവാക്കി തുടക്കം

മൽസരത്തിൽ ഏറെ നിർണായകമാകുമെന്ന് ഉറപ്പായിരുന്നു ടോസ് ഭാഗ്യം അനുഗ്രഹിച്ചത് ശ്രീലങ്കൻ നായകൻ തിസാര പെരേരയെ. പ്രതീക്ഷിച്ചതുപോലെ അവർ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ പടയൊരുക്കം. ടെസ്റ്റ് പരമ്പരയിൽ ഫോം കണ്ടെത്താനാകാതെ ഉഴറിയ അജിങ്ക്യ രഹാനയെ ഒഴിവാക്കിയ ടീം മാനേജ്മെന്റ്, പാതിമലയാളി കൂടിയായ ശ്രേയസ് അയ്യർക്ക് അരങ്ങേറ്റത്തിനും അവസരമൊരുക്കി.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരെ നഷ്ടപ്പെട്ട ഇന്ത്യ തുടക്കത്തിലേ പതറി. ശിഖർ ധവാൻ (ആറു പന്തിൽ 0), ക്യാപ്റ്റൻ രോഹിത് ശർമ (13 പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായത്. രോഹിതിനെ സുരംഗ ലക്മലും ധവാനെ ഏഞ്ചലോ മാത്യൂസും പുറത്താക്കി. സ്കോർ എട്ടിലെത്തിയപ്പോൾ ദിനേശ് കാർത്തിക്കും പുറത്തായി. റണ്ണൊന്നുമെടുക്കാതെ 18 പന്തുകൾ നേരിട്ട കാർത്തിക്കിനെ സുരംഗ ലക്മൽ എൽബിയിൽ കുരുക്കി.

തുടർന്നെത്തിയ മനീഷ് പാണ്ഡെ അരങ്ങറ്റ മൽസരം കളിക്കുന്ന ശ്രേയസ് അയ്യർക്കൊപ്പം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്കോർബോർഡിൽ 14 റൺസുള്ളപ്പോൾ പുറത്തായി. 15 പന്തിൽ രണ്ടു റൺസെടുത്ത മനീഷ് പാണ്ഡെയെ സുരംഗ ലക്മലാണ് മടക്കിയത്. അരങ്ങേറ്റ മൽസരം കളിക്കുന്ന ശ്രേയസ് അയ്യരുടേതായിരുന്നു അടുത്ത ഊഴം. 27 പന്തുകൾ നീണ്ട ഇന്നിങ്സിനൊടുവിൽ ഇന്ത്യൻ ഇന്നിങ്സിൽ അതുവരെ പിറന്ന ഏക ബൗണ്ടറി ഉൾപ്പെടെ ഒൻപതു റൺസെടുത്ത അയ്യരെ പ്രദീപാണ് മടക്കിയത്. അതോടെ അഞ്ചിന് 16 റൺസെന്ന നിലയിലായി ഇന്ത്യ.

വഴിമാറി നാണക്കേടിന്റെ ‘റെക്കോർഡ്’

ധോണിക്കൊപ്പം ഭേദപ്പെട്ട രീതിയിൽ ബാറ്റു ചെയ്തുവന്ന ഹാർദിക് പാണ്ഡ്യയെയും പുറത്താക്കി ശ്രീലങ്ക വീണ്ടും ആഞ്ഞടിച്ചതോടെ ഏകദിനത്തിലെ ചെറിയ സ്കോറിൽ ഇന്ത്യ പുതിയ ‘റെക്കോർഡ്’ സ്ഥാപിക്കുമോ എന്ന ആശങ്കയിലായി ആരാധകർ. 15.3 ഓവറിൽ ആറിന് 28 റൺസ് എന്ന നിലയിലായിരുന്നു ഈ സമയത്ത് ഇന്ത്യ. 10 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 10 റൺസെടുത്ത പാണ്ഡ്യ പ്രദീപിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് പുറത്തായത്. തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ ഭുവനേശ്വർ കുമാറും പുറത്തായതോടെ ടീം വീണ്ടും തകർന്നു. അഞ്ചു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ സുരംഗ ലക്മലാണ് ഭുവനേശ്വറിനെ പുറത്താക്കിയത്. ഈ സമയത്ത് 17 ഓവറിൽ ഏഴിന് 29 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴു വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഏകദിന ചരിത്രത്തിൽ ഇന്ത്യ കുറിക്കുന്ന ഏറ്റവും ചെറിയ സ്കോറായിരുന്നു ഇത്.

തുടർന്നായിരുന്നു ധോണിയുടെ പടപ്പുറപ്പാട്. നിലയുറപ്പിക്കാൻ സമയമെടുത്തെങ്കിലും എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനെ കൂട്ടുപിടിച്ച് ധോണി ഇന്ത്യയെ പതുക്കെ കരകയറ്റി. ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ, ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും താഴ്ന്ന സ്കോർ മുതലായ നാണക്കേടിന്റെ ഭീഷണികളിൽനിന്ന് ടീമിനെ കരകയറ്റിയ ധോണി സ്കോർ 100 കടത്തുകയും ചെയ്തു.

തകർത്തെറിഞ്ഞ് ലങ്കൻ ബോളർമാർ

ടോസ് ലഭിച്ചതിന്റെ ആനുകൂല്യം മുതലെടുത്ത ശ്രീലങ്കൻ ബോളര്‍മാർ ഇന്ത്യൻ ബാറ്റിങ് നിരയെ കശക്കിയെറിയുകയായിരുന്നു. 10 ഓവറിൽ നാല് മെയ്ഡൻ ഉൾപ്പെടെ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന്റെ നേതൃത്വത്തിലായിരുന്നു ലങ്കൻ ആക്രമണം. ഫെർണാണ്ടോ രണ്ടും മാത്യൂസ്, പെരേര, ധനഞ്ജയ, പതിരണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

25 പന്തിൽ 19 റൺസെടുത്ത കുൽദീപ് യാദവാണ് ധോണിക്കു ശേഷം ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺെസടുത്തത്. നാലു ബൗണ്ടറികൾ അകമ്പടി ചാർത്തിയ ഈ ഇന്നിങ്സിനു പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത് കൃത്യം 10 റൺസെടുത്ത ഹാർദിക് പാണ്ഡ്യ മാത്രം. 10 പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെയാണ് പാണ്ഡ്യ 10 റൺസെടുത്തത്. ഇന്ത്യൻ നിരയിൽ അഞ്ചുപേർ സംപൂജ്യരായി.

ഒറ്റയാൾ പോരാട്ടവുമായി ധോണി

ചീട്ടുകൊട്ടാരം പോലെ തകർന്ന് നാണക്കേടിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ ഇന്നിങ്സായിരുന്നു മൽസരത്തിന്റെ സവിശേഷത. അടുത്തകാലത്തായി ഇന്ത്യൻ ക്രിക്കറ്റിനെ ചൂഴ്ന്ന് നിൽക്കുന്ന, ‘എന്തുകൊണ്ട് ധോണി?’ എന്ന ചോദ്യത്തിന് സമുദ്രനിരപ്പിൽനിന്നും ഏറെ ഉയരത്തിലുള്ള ധരംശാലയിലെ മൈതാനം ഉത്തരം തന്നു. 29 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഏകദിന ചരിത്രത്തിലെ ഏറ്റവും കുഞ്ഞൻ സ്കോറെന്ന നാണക്കേടിന്റെ ‘റെക്കോർഡി’ലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ ധോണിയെന്ന ‘വയസ്സൻ’ ചുമലിലേറ്റുന്ന കാഴ്ച ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കണ്ടത്.

ഒരു ഘട്ടത്തിൽ 30ന് താഴെ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യയെ തകർപ്പൻ അർധസെഞ്ചുറിയുമായി 100 കടത്തിയതും ധോണിയുടെ ഇന്നിങ്സ് തന്നെ. 38.2 ഓവറിലാണ് ഇന്ത്യ 112 റൺസിന് ഓൾഔട്ടായത്. 87 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 65 റൺസെടുത്ത ധോണി ഏറ്റവും ഒടുവിലാണ് പുറത്തായത്. എട്ടാം വിക്കറ്റിൽ കുൽദീപിനൊപ്പം 41, ഒൻപതാം വിക്കറ്റിൽ ബുംറയ്ക്കൊപ്പം 17, അവസാന വിക്കറ്റിൽ ചാഹലിനൊപ്പം 25 എന്നിങ്ങനെ ധോണി പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.

വീഴാതെ ശ്രീലങ്ക

113 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ തുടക്കം അത്ര അനായാസമായിരുന്നില്ല. 19 റൺസിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഓപ്പണർ ഉപുൽ തരംഗ (46 പന്തിൽ 49), ഏഞ്ചലോ മാത്യൂസ് (42 പന്തിൽ പുറത്താകാതെ 25), നിരോഷൻ ഡിക്ക്‌വല്ല (24 പന്തിൽ പുറത്താകാതെ 26) എന്നിവരുടെ ഇന്നിങ്സുകളാണ് കരുത്തായത്. ഗുണതിലക (11 പന്തിൽ ഒന്ന്), ലഹിരു തിരിമാന്നെ (മൂന്നു പന്തിൽ പൂജ്യം) എന്നിവരാണ് ലങ്കൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

തുടർച്ചയായി 12 മൽസരങ്ങൾ തോറ്റ് നാണക്കേടിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരുന്ന ശ്രീലങ്കയുടെ ആത്മവിശ്വാസമുയർത്തുന്നതായി ഈ വിജയം. 2011 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ശ്രീലങ്ക ഇന്ത്യൻ മണ്ണിൽ ഒരു വിജയം നേടുന്നത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുന്നതാകട്ടെ എട്ടു വർഷങ്ങൾക്കു ശേഷവും. വിശ്രമം അനുവദിക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ അഭാവത്തിലാണെങ്കിൽക്കൂടി ഈ വിജയത്തിന് തിളക്കമൊട്ടും കുറയുന്നില്ല.

related stories