Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കളിയായി കണ്ടത് ‘കൈവിട്ട’ കളിയായി; ടീം ഇന്ത്യ പരീക്ഷണങ്ങൾ തുടരും

Rohit-Sharma

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 മല്‍സരങ്ങള്‍ ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കുട്ടിക്കളിയാണെന്ന ധാരണ എത്ര പെട്ടെന്നാണ് തെറ്റിദ്ധാരണയായി മാറിയത്! ധരംശാല ഏകദിനം തുടങ്ങും വരെ അപരാജിത ശക്തികളായി കുതിച്ചിരുന്ന ഇന്ത്യ എത്ര പെട്ടെന്നാണ് അവിശ്വസനീയമായ രീതിയിൽ തകർന്നടിഞ്ഞത്. എന്തായാലും ദീര്‍ഘമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പത്തെ പരിശീലനക്കളരിയായി ഈ പര്യടനത്തെ സമീപിക്കുന്നത് ഗുണമേ നൽകൂ എന്ന് വ്യക്തം. ധരംശാല ഏകദിനം തങ്ങളുടെ കണ്ണുതുറപ്പിച്ചതായി താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ ഏറ്റുപറയുകയും ചെയ്തു.

ഈ പരമ്പരയിൽ ഒട്ടേറെ പരീക്ഷണങ്ങള്‍ നമുക്ക് കാണാമെന്ന സൂചന ആദ്യ മൽസരം തന്നെ നൽകുന്നുണ്ട്. പല പൊസിഷനുകളും പുതുമുഖങ്ങള്‍ ഏറ്റെടുക്കും. ആദ്യ മൽസരത്തിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ തന്നെ ഉദാഹരണം. ആദ്യ മൽസരം കയ്പേറിയ അനുഭവമായെങ്കിലും കോഹ്‍ലിയെക്കാള്‍ മികച്ച ക്യാപ്റ്റൻ എന്ന് ഐപിഎല്ലില്‍ പേരെടുത്ത രോഹിത് ശര്‍മയ്ക്ക് കഴിവു തെളിയിക്കാന്‍ കിട്ടുന്ന ഉത്തമ അവസരമാണ് പരമ്പരയിലെ ശേഷിക്കുന്ന മൽസരങ്ങൾ‍. ഒരു മല്‍സരം തോറ്റാല്‍ ഒന്നാം റാങ്കിലെത്താനുള്ള അവസരം നഷ്ടപ്പെടുമെങ്കിലും റാങ്കിലല്ല കണ്ണ് എന്നുവേണം ടീമിലെ പുതുമുഖങ്ങളെക്കാണുമ്പോള്‍ മനസ്സിലാക്കാന്‍.

ടീം വാര്‍ക്കല്‍ തുടങ്ങുന്നു

2019 ഏകദിന ലോകകപ്പിനുള്ള ടീമിന്റെ വാര്‍ക്കപ്പണിയിലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്. നിലവിലെ ടീമിലെ പലരും പ്രധാന ചേരുവകളാണെങ്കിലും ഉറപ്പും ബലവും കൂട്ടാന്‍ പുറമെ നിന്ന് പുതിയ സാമഗ്രികളും പിന്നാലെയെത്തും. ആരെയൊക്കെ പുറന്തള്ളണമെന്നും ആരെയൊക്കെ കൂടെക്കൂട്ടണമെന്നും ഉരച്ചുനോക്കുകയാണ് മാനേജ്‌മെന്റ്. സൂചനകള്‍ ശരിയെങ്കില്‍ ടെസ്റ്റിലെ പ്രധാന സ്പിന്നര്‍മാരായ ആര്‍.അശ്വിനും ആര്‍.ജഡേജയും ഈ പറഞ്ഞ മിക്‌സിനു പുറത്താണ്. വിരാട് കോഹ്‍ലിയെയും രോഹിത് ശര്‍മയെയും മാറ്റി നിര്‍ത്തിയാല്‍ പിന്നെ സ്ഥാനമുറപ്പുള്ളത് പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ബുംറയ്ക്കും മാത്രമാണ്. മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ കാര്യംപോലും അത്രയ്ക്കു തീര്‍ച്ചപോരാ.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇറങ്ങാന്‍ ശിഖര്‍ ധവാനാണ് പ്രഥമ പരിഗണന. ലോകേഷ് രാഹുലും അജിന്‍ക്യ രഹാനെയുമാണ് കൂടെയോടാനുള്ളത്. രഹാനെയുടെ സമീപകാല ഫോം അദ്ദേഹത്തിനു പ്രതികൂലമാണ്. ഈ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലും മങ്ങിയാല്‍ ടീമില്‍നിന്നു പുറത്തേക്കാകും വഴി. ആദ്യ മൽസരത്തിൽ ടീമിൽ ഇടം നേടാൻപോലും രഹാനെയ്ക്ക് സാധിച്ചുമില്ല. ടീമിലുണ്ടായിട്ടും അടുത്തൊന്നും കളിക്കാന്‍ അവസരം ലഭിക്കാതെപോയ രാഹുലിന് പക്ഷേ, ഇത്തവണ ടീമില്‍ സ്ഥാനം നേടാനായിട്ടില്ല. എങ്കിലും റഡാറിനു പുറത്തായി എന്നു പറയാന്‍ വയ്യ.

വണ്‍ ഡൗണില്‍ കോഹ്‌ലിയുള്ളപ്പോള്‍ പകരം ആളെവേണ്ട. എന്നാല്‍ നാലാമനായി ആരും ഇതുവരെ സെറ്റായിട്ടില്ല. യുവ്‌രാജ് സിങ്ങും റെയ്‌നയുമൊക്കെ പലപ്പോഴായി ഇറങ്ങിയ സ്ഥാനത്ത് ഇപ്പോള്‍ ദിനേഷ് കാര്‍ത്തിക്കിനെ വച്ചാണ് പരീക്ഷണം. ന്യൂസീലന്‍ഡിനെതിരെ തരക്കേടില്ലാതെ കളിച്ച കാര്‍ത്തിക് ശ്രീലങ്കയ്‌ക്കെതിരെയും നാലാമനായേക്കുമെന്ന സൂചനയാണ് ആദ്യമൽസരം നൽകുന്നത്.

പിന്നീടുള്ള സ്ഥാനങ്ങളിലേക്ക് ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവര്‍ തമ്മിലാകും മല്‍സരം. വമ്പനടികളും ഉശിരന്‍ ഫീല്‍ഡിങ്ങും ബോളിങ്ങും പാണ്ഡ്യയെ ടീമിന്റെ അവിഭാജ്യ ഘടകമാക്കുന്നു. കിട്ടിയ അവസരം മുതലാക്കാന്‍ ശ്രേയസ് അയ്യര്‍ക്കു കഴിഞ്ഞാല്‍ കുറെ നാളായി ടീമിലുണ്ടായിട്ടും ശോഭിക്കാന്‍ കഴിയാത്ത മനീഷ് പാണ്ഡെയുടെ വഴിയടയും. കീപ്പര്‍ സ്ഥാനത്ത് ലോകകപ്പിനു ധോണിയുണ്ടാകുമോയെന്നത് മില്യന്‍ ഡോളര്‍ ചോദ്യമായി തുടരും.

യുവ സ്പിന്‍ തുര്‍ക്കികള്‍

ഇടവേളയ്ക്കുവച്ച കൃഷി, പ്രധാന വിളയായി മാറിയപോലെയാണ് ചാഹലിന്റെയും കുല്‍ദീപിന്റെയും അക്‌സര്‍ പട്ടേലിന്റെയും കാര്യം. ഒരു വിശ്രമം പോലെ അശ്വിനെയും ജഡേജയെയും മാറ്റി നിര്‍ത്തി പകരമെടുത്തതാണ് ഇവരെ. പിന്നീട് മൂവരും മാറി മാറി സ്പിന്‍ വിഭാഗം നയിക്കുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. ചാഹലിനാണ് സ്ഥാനം നിലനിര്‍ത്താന്‍ സാധ്യത കൂടുതല്‍. കുല്‍ദീപും അക്‌സറും അവസരത്തിനായി മല്‍സരിക്കേണ്ടിവരും.

അടുത്തിടെ ഇന്ത്യന്‍ ടീമിന് ഏറ്റവും സന്തോഷം പകരുന്നത് പേസര്‍മാരുടെ ഫോമാണ്. ഓപ്പണിങ്ങിലും ഡെത്തിലും മനോഹരമായി ബോള്‍ ചെയ്യുന്ന ഭുവനേശ്വര്‍ കുമാര്‍- ബുംറ സഖ്യം ഇന്ന് ഏത് ടീമിന്റെയും പേടിസ്വപ്‌നമാണ്. ഹാര്‍ദിക് കൂടി മികച്ചു നിന്നാല്‍ ബോളിങ്ങില്‍ വലിയ തലവേദനയില്ലാതെ വരും.

ട്വന്റി20 യും പരീക്ഷണശാല

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചപ്പോഴും ഒരു കാര്യം വ്യക്തമായി. ഇവിടെയും പരീക്ഷണങ്ങൾ തുടരാൻ തന്നെയാണ് സെലക്ടർമാരുടെ തീരുമാനം. ബേസില്‍ തമ്പി, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വാഷിങ്ടന്‍ സുന്ദര്‍ തുടങ്ങിയ പുതു മുഖങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നിട്ടാണ് ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചത്. മികച്ചു നിന്നാല്‍ അത് ഒരുപക്ഷേ ദക്ഷിണാഫ്രിക്കയിലേക്കുവരെയുള്ള ടിക്കറ്റായിക്കൂടെന്നില്ല.

related stories