റെക്കോർഡ് റോയ്; ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം

മെൽബൺ∙ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡോടെ ജാസൺ റോയ് 180 റൺസുമായി മിന്നിത്തിളങ്ങിയ ഏകദിന പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റിന്റെ ഉജ്വല വിജയം. ആഷസ് ടെസ്റ്റ് പരമ്പരയിൽ തോൽവി തുടർക്കഥയാക്കി നാണക്കേടിന്റെ പര്യായമായി മാറിയ ഇംഗ്ലണ്ട് ആദ്യമായി വിജയത്തിന്റെ സ്വാദറിഞ്ഞു. 305 റൺസ് വിജയലക്ഷ്യം ഏഴു പന്തുകൾ ബാക്കി നിർത്തി ഇംഗ്ലണ്ട് സ്വന്തമാക്കി. 

സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ എട്ടു വിക്കറ്റിന് 304

ഇംഗ്ലണ്ട് 48.5 ഓവറിൽ അഞ്ചു വിക്കറ്റിന് 308 

ചേസിങ്ങിലും ഇംഗ്ലണ്ട് മെൽബണിലെ റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ 2011ൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 297 റൺസായിരുന്നു ഇതുവരെ റെക്കോർഡ്. ടോസ് നേടി ബോൾ ചെയ്യാനുള്ള ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗന്റെ തീരുമാനം പൂർണമായി ശരിവച്ച പ്രകടനം. 

ജാസൻ റോയ് വെറും 32 പന്തുകളിൽ ആദ്യ അർധ സെഞ്ചുറി പിന്നിട്ടു. അഞ്ചാം ഏകദിന സെഞ്ചുറിയാണു റോയ് നേടിയത്. 92 പന്തുകളിൽനിന്ന് ഒൻപതു ബൗണ്ടറിയും മൂന്നു സിക്സറുമായാണു മൂന്നക്കം പിന്നിട്ടത്. 

പാക്കിസ്ഥാനെതിരെ അലക്സ് ഹെയ്ൽസ് 2016ൽ നേടിയ 171 റൺസിന്റെ റെക്കോർഡ് കടന്നാണു റോയ് മുന്നേറിയത്. 151 പന്തുകളിൽ 16 ബൗണ്ടറിയും അഞ്ചു സിക്സറും പായിച്ച ഇന്നിങ്സ് ഒരു സിക്സർ ശ്രമത്തിൽ അവസാനിച്ചു. സ്റ്റാർക്കിന്റെ പന്തിൽ ഔട്ഫീൽഡിൽ സബ്സ്റ്റിറ്റ്യൂട്ട് താരം റിച്ചാർഡ്സണു ക്യാച്ച്. 

മൂന്നാം വിക്കറ്റിൽ ജോ റൂട്ടും (91നോട്ടൗട്ട്) റോയിയും ചേർന്നെടുത്ത 221 റൺസാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്കു നയിച്ചത്. മൂന്നാം വിക്കറ്റിൽ ഇംഗ്ലണ്ടിന്റെ റെക്കോർഡുമാണിത്. ബെയർസ്റ്റോ (14), അലക്സ് ഹെയ്ൽസ് (നാല്), ഓയിൻ മോർഗൻ (ഒന്ന്), ജോസ് ബട്‌ലർ (നാല്) എന്നിവരാണു പുറത്തായ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ. 

നേരത്തെ ഒൻപതാം സെഞ്ചുറിയോടെ ആരോൺ ഫിഞ്ചാണ് (107) ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്കു നയിച്ചത്. മിച്ചൽ മാർഷ് (50), മാർക്കസ് സ്റ്റോയ്നിസ് (60) എന്നിവർ അർധ സെഞ്ചുറി നേടി.