Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലി കളിക്കുന്നത് ജയിക്കാൻ മാത്രം, ആ ശരീരത്തിൽ ‘നെഗറ്റീവ്’ എന്നൊന്നില്ല: അശ്വിൻ

Kohli-Ashwin അശ്വിൻ കോഹ്‍ലിക്കൊപ്പം.

ചെന്നൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെയും കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെയും പുകഴ്ത്തി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന വ്യക്തിയാണ് കോഹ്‍ലിയെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. കോഹ്‍ലിയുടെ ക്രിയാത്മകമായ ശരീരഭാഷ മറ്റു കളിക്കാരെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരായ മൽസരത്തിനുശേഷം സംസാരിക്കുമ്പോഴാണ് അശ്വിൻ കോഹ്‍ലിയെ പുകഴ്ത്തിയത്. ക്രിക്കറ്റ് കണ്ടിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റൻമാരുടെ ഗണത്തിലേക്കുള്ള വളർച്ചയിലാണ് കോഹ്‍ലിയെന്നും അശ്വിൻ പറഞ്ഞു.

എന്തൊക്കെ സംഭവിച്ചാലും കളി ജയിക്കണം എന്ന വാശി പുലർത്തുന്നയാളാണ് കോഹ്‍ലി. അദ്ദേഹത്തിന്റെ ശരീരത്തിൽ ‘നെഗറ്റീവ്’ എന്നൊരു ഘടകമില്ല. ജയത്തേക്കുറിച്ച് മാത്രമേ കോഹ്‍ലി സംസാരിക്കാറുള്ളൂ. മുന്നോട്ട്, മുന്നോട്ട് എന്നതാണ് കോഹ്‍ലിയുടെ ശൈലി. ഓരോ കളിക്കാരിൽനിന്നും ക്യാപ്റ്റൻ എന്താണ് പ്രതീക്ഷിക്കുന്നതെന്ന വ്യക്തമായ ബോധ്യം എല്ലാവർക്കുമുണ്ട് എന്നതാണ് ഇതിന്റെയൊരു നല്ല വശം. ടീമിന് വലിയ കെട്ടുറപ്പു നൽകാനും ഇതിലൂടെ കോഹ്‍ലിക്കു സാധിക്കുന്നുണ്ട് – അശ്വിൻ പറഞ്ഞു.

മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ കോഹ്‍ലിയുടെ ആദ്യ സമ്പൂർണ വിദേശ പര്യടനമാണിത്. ലോകത്തിലെ എല്ലാ മികച്ച ക്യാപ്റ്റൻമാരും സ്വന്തം നാട്ടിൽ ഒട്ടേറെ മൽസരം കളിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ക്രിക്കറ്റ് കണ്ടിട്ടുള്ള മികച്ച ക്യാപ്റ്റൻമാരുടെ ഗണത്തിലാണ് കോഹ്‍ലിയുള്ളത്. ഇന്ത്യയുടെ വിജയങ്ങൾക്കു പിന്നിൽ കോഹ്‍ലിയുടെ വ്യക്തമായ സ്വാധീനമുണ്ട് – അശ്വിൻ ചൂണ്ടിക്കാട്ടി.

താൻ കൂടി പങ്കാളിയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയെക്കുറിച്ചും അശ്വിൻ മനസ്സു തുറന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലും എനിക്കു മികച്ച രീതിയിൽ ബാറ്റു ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ബോളിങ്ങിന്റെ കാര്യത്തിൽ കുറച്ചുകൂടി മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ കുറച്ചു നിരാശയുണ്ട്. എങ്കിലും മൊത്തത്തിൽ നോക്കിയാൽ മികച്ച പ്രകടനമായിരുന്നെന്നാണ് ഞാൻ കരുതുന്നത് – അശ്വിൻ പറഞ്ഞു.

വ്യക്തിപരമായി നോക്കിയാൽ, ആ പരമ്പരയിലൂടെ നേടാവുന്നതെല്ലാം നേടിയിട്ടുണ്ട്. ഉദ്ദേശിച്ചത്രെ വിക്കറ്റുകൾ നേടാൻ സാധിച്ചിട്ടുണ്ടാവില്ല. കൈവിട്ട ചില ക്യാച്ചുകളും ഇതിനു കാരണമായി. ഇതെല്ലാം കളിയുടെ ഭാഗമാണ് – അശ്വിൻ പറഞ്ഞു.

പരമ്പര ദക്ഷിണാഫ്രിക്കയാണ് നേടിയതെങ്കിലും കടുത്ത പോരാട്ടമാണ് ഇന്ത്യ നടത്തിയതെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. കേപ്ടൗൺ, സെഞ്ചൂറിയൻ ടെസ്റ്റുകളിൽ അവസാന പന്ത് എറിയുന്നതുവരെ നമുക്കും അവസമുണ്ടായിരുന്നു. മികച്ച കളിയാണ് ടീം പുറത്തെടുത്തതെന്നും അശ്വിൻ പറഞ്ഞു. ആദ്യ രണ്ടു ടെസ്റ്റുകളിലും ടോസ് ലഭിച്ചിരുന്നെങ്കിൽ ഫലം മാറിയേനെ. ജൊഹാനസ്ബർഗ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയം ഇന്ത്യ അർഹിച്ചിരുന്നതാണെന്നും അശ്വിൻ പറഞ്ഞു.

ഐപിഎല്ലിൽ ഇത്തവണ പഞ്ചാബ് സൂപ്പർ കിങ്സിലേക്ക് മാറേണ്ടി വന്നതിനെക്കുറിച്ച് അശ്വിന്റെ അഭിപ്രായമിങ്ങനെ: തീർച്ചയായും ചെറിയ നിരാശയുണ്ട്. കഴിഞ്ഞ 10 വർഷമായി ഞാൻ ചെന്നൈയിലുണ്ട്. ചെപ്പോക്ക് സ്റ്റേഡിയം എന്റെ സ്വന്തം സ്ഥലം പോലെയായിക്കഴിഞ്ഞിരുന്നു. ഇവിടെ ബോൾ ചെയ്യുമ്പോൾ എനിക്കു ലഭിച്ചിരുന്ന പിന്തുണ തീർച്ചയായും മിസ് ചെയ്യും. ഐപിഎൽ താരലേലം എപ്പോളും അപ്രവചനീയമായിരിക്കും. ഇത്തവണ ചെന്നൈയ്ക്കായി കളിക്കാനാകാത്തതിൽ ചെറിയ നിരാശയുണ്ട്. പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അശ്വിൻ പറഞ്ഞു.

related stories