Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിയറിൽ എന്നും രണ്ടാമൂഴക്കാരൻ; ഈ കയ്യടി, കാലം കാത്തുവച്ച കാവ്യനീതി!

Rahul-Dravid-2

കിങ്സ്റ്റൺ സബീന പാർക്കിലും ഹെഡിങ്‌ലിയിലും അഡ്‍ലെയ്ഡ് ഓവലിലുമായി തീ തുപ്പുന്ന പന്തുകൾക്കു പ്രതിരോധം തീർത്തു ടീം ഇന്ത്യയെ രക്ഷിക്കുമ്പോൾ കിട്ടാതിരുന്ന അഭിനന്ദനങ്ങളാണു മൗണ്ട് മൗഗ്നൂയിലെ കൗമാരകിരീടത്തോടെ  രാഹുൽ ദ്രാവിഡിനെ തേടിയെത്തുന്നത്.

അംഗീകാരവും ശ്രദ്ധയും പരിധി കടന്നതോടെ ഒടുവിൽ ദ്രാവിഡിനു തന്നെ പറയേണ്ടിവന്നു– ടീം അംഗങ്ങൾക്കും തുല്യപങ്കുള്ള സപ്പോർട്ട് സ്റ്റാഫിനും കൂടി അവകാശപ്പെട്ടതാണ് ഈ ലോക കിരീടം. 

 പൂജിക്കപ്പെടാത്ത വിഗ്രഹം

പോരാട്ടത്തിന്റെ ക്രീസുകളിൽ എന്നും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ട ക്രിക്കറ്റർക്കായി കാലം കാത്തുവച്ചതാണ് ഇന്നു ട്വിറ്ററിലും ഫെയ്സ്ബുക്കിലുമായി പെയ്തിറങ്ങുന്ന നല്ല വാക്കുകൾ. ഏകദിന താരമെന്ന നിലയിൽ ദ്രാവിഡിന്റെ വിജയയാത്രയ്ക്കു തുടക്കം കുറിച്ച അതേ  മണ്ണിൽതന്നെയാണു പരിശീലകനായി ലോകകപ്പ് ഉയർത്തിയെന്നതും യാദൃച്ഛികം. അരങ്ങേറ്റം മുതൽക്കേ രാഹുലിന്റെ സന്തതസഹചാരിയാണു നേട്ടത്തിന്റെ മാറ്റു കുറയ്ക്കുന്ന ഭാഗ്യദോഷങ്ങൾ. ലോർഡ്‌സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറിക്കരികെയെത്തിയ ഇന്നിങ്സിന്റെ ശ്രദ്ധ കവർന്നതു സഹതാരം ഗാംഗുലിയുടെ സെഞ്ചുറിയും അംപയർ ഡിക്കി ബേഡിന്റെ വിടവാങ്ങലും. വിമർശകരുടെ വായടപ്പിച്ചെത്തിയ ആദ്യ ഏകദിന ശതകമാകട്ടെ സയീദ് അൻവറിന്റെ റെക്കോർഡ് വേട്ടയിൽ കൊഴിഞ്ഞുവീണു. കൊൽക്കത്തയിൽ ഓസ്ട്രേലിയൻ ശൗര്യത്തെ ചവിട്ടിമെതിക്കുമ്പോഴും വിവിഎസ് ലക്ഷ്മണിന്റെ നിഴൽമറയിലായിരുന്നു ദ്രാവിഡ്.

പരാതിയും പരിഭവവുമില്ലാതെ ടീമിന്റെ ആവശ്യങ്ങൾക്കു മുൻഗണന നൽകി ഓപ്പണറായും ഏഴാമനായും കീപ്പറായുമെല്ലാം ഇന്ത്യ കണ്ട ഏറ്റവും മികച്ച ‘ടീം മാൻ’ ആകുകയായിരുന്നു രാഹുൽ ശരദ് ദ്രാവിഡ്. ടീമിന്റെ ആവശ്യം കണ്ടറിഞ്ഞു വിക്കറ്റ് കീപ്പറുടെ അധികഭാരം ഏറ്റെടുത്തു ഈ മിതഭാഷി. ഇരട്ട റോളിനു തയാറായില്ലെങ്കിലും വൈസ് ക്യാപ്റ്റൻ കൂടിയായ ദ്രാവിഡിനു ടീമിൽ ഒരിടം ഉറപ്പായിരുന്നു. ഇംഗ്ലണ്ട് ലോകകപ്പിലെ ടോപ് സ്കോററെ കൂടാതെ ദക്ഷിണാഫ്രിക്കയിലൊരു ലോകകപ്പ് അന്നത്തെ ഇന്ത്യൻ ടീമിനു സ്വപ്നം പോലും കാണാനാകുമായിരുന്നില്ല.

Rahul-Dravid-5

2011 ലെ ലോകകപ്പിന്റെ വേദി ഇന്ത്യൻ മണ്ണിലായതും ദ്രാവിഡിന്റെ ഏകദിന കരിയറിൽ പ്രതിഫലിച്ചു. സ്വന്തം നാട്ടിലെ ‘ബാറ്റ്‌സ്മാൻമാരുടെ സ്വന്തം’ ലോകകപ്പിൽ ടീമിനു ദ്രാവിഡിന്റെ ആവശ്യമില്ലെന്ന ഒറ്റക്കാരണത്തിലാണ് ഈ കർണാടകക്കാരൻ ഏകദിന പരിഗണനയ്ക്കു പുറത്തായത്. 2007 ൽ ഇംഗ്ലിഷ് പേസാക്രമണത്തെ തലങ്ങും വിലങ്ങും പായിച്ച 63 പന്തിൽ 92 റൺസെന്ന ബ്രിസ്റ്റോളിലെ തകർപ്പൻ പ്രകടനം കഴിഞ്ഞു വിരലിൽ എണ്ണാവുന്നത്ര ഇന്നിങ്സ് മാത്രമേ ദ്രാവിഡിനു കളിക്കാനായുള്ളൂ. നീണ്ട ഇടവേളയ്ക്കു ശേഷവും അപകടം പതിയിരിക്കുന്ന വിദേശ പിച്ചുകളിൽ അതേ സിലക്ടർമാർ ദ്രാവിഡിന്റെ സഹായം തേടിയെന്നതും ചരിത്രം (ട്വന്റി 20 ഉൾപ്പെടെ !) .

ടെസ്റ്റിലും ഭിന്നമായിരുന്നില്ല ദ്രാവിഡിനോടുള്ള കളത്തിനു പുറത്തെ സമീപനം. ഇംഗ്ലണ്ടിൽ ചരിത്രം കുറിച്ച പരമ്പര നേട്ടത്തിനു പിന്നാലെ നായകസ്ഥാനം തന്നെ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട് ഇന്ത്യയുടെ ‘മിസ്റ്റർ ഡിപ്പെൻ‍ഡബിൾ’ന്.  ഇന്ത്യയുടെ ബാറ്റിങ് ഹീറോകൾ ഒരുമിച്ചു കീഴടങ്ങിയ 2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ശതകങ്ങളുമായി ഒറ്റയ്ക്കു പട നയിച്ച ദ്രാവിഡ് പിന്നീടു കളിച്ചത് ഒരേയൊരു പരമ്പരയിൽ മാത്രം. ഓസ്ട്രേലിയയിൽ ടീമിനൊപ്പം പരാജിതനായതോടെ താരം കളി മതിയാക്കി. സീനിയർ താരങ്ങളുടെ കൂട്ടസാന്നിധ്യം ചോദ്യം ചെയ്യപ്പെട്ടതോടെ ഒറ്റ പരമ്പരയിലെ വീഴ്ച മാത്രമുള്ള ദ്രാവിഡ് സ്വയം പടിയിറങ്ങുകയായിരുന്നു. ഡിസംബറിൽ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ പുരസ്കാരം ഏറ്റുവാങ്ങിയ താരം ഒരു വിടവാങ്ങൽ മൽസരത്തിന്റെ അകമ്പടി പോലുമില്ലാതെ  മാർച്ചിൽ കളമൊഴിഞ്ഞു. 

മിസ്റ്റർ പെർഫെക്ട് 

ക്രിക്കറ്റ് എന്ന ഗെയിമിനോടുള്ള  സമീപനത്തിലും സമർപ്പണത്തിലും, എന്തിനു ഹെയർ സ്റ്റൈലിൽ പോലും അണുവിട മാറ്റം വരുത്താതെ ഒന്നര ദശാബ്ദക്കാലമാണു ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്റെ കാവലാളായത്. ഒരിക്കലും പദവികൾക്കും റെക്കോർഡുകൾക്കും പിന്നാലെ പോയിട്ടില്ല  എന്നതും ദ്രാവിഡിന്റെ കാര്യത്തിൽ എടുത്തു പറഞ്ഞേതീരൂ. ടീമിനു വേണ്ടി വെള്ളത്തിനു മുകളിലൂടെ നടക്കാൻ ആവശ്യപ്പെട്ടാൽ എത്ര മൈൽ വേണമെന്നാകും ദ്രാവിഡിന്റെ ചോദ്യമെന്ന ഹർഷ ഭോഗ്‌ലെയുടെ നിരീക്ഷണം മാത്രം മതിയാകും പരിശീലകരെക്കാൾ വലിയ താരങ്ങളുള്ള ഇന്ത്യൻ ക്രിക്കറ്റിൽ ഈ കർണാടകക്കാരന്റെ  മൂല്യം അറിയാൻ.

താരത്തിന്റെ അർധസമ്മതം മാത്രമുണ്ടായിരുന്നെങ്കിൽ പോലും സീനിയർ ടീമിന്റെ പരിശീലകസ്ഥാനം രാഹുൽ ദ്രാവിഡിനെത്തേടിയെത്തുമായിരുന്നു. സച്ചിനും ഗാംഗുലിയും ഉൾപ്പെട്ട സിലക്‌ഷൻ പാനലിൽ ദ്രാവിഡിനെ ബിസിസിഐ ഉൾപ്പെടുത്താതിരുന്നതും ആ പദവി അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കുന്നതിനാലാണ്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും തലപ്പത്തേതെന്നു പറയാവുന്ന പദവിയിൽ നിന്നു ദ്രാവിഡ് ഒഴിഞ്ഞുമാറി. ജൂനിയർ താരങ്ങളുടെ പരിശീലനച്ചുമതല നൽകിയപ്പോൾ സസന്തോഷം അതേറ്റെടുക്കുകയും ചെയ്തു. അപ്പോഴും ഐപിഎല്ലിലെ പങ്കാളിത്തം ഉയർത്തി താരത്തിന്റെ ആത്മാർഥത ചോദ്യം ചെയ്യാനും ചിലർ തയാറായി.

Rahul-Dravid-3

ഏതൊരു വിവാദത്തെയും പോലെ മറുപടിക്കു മുതിരാതെ ഏറ്റെടുത്ത കർത്തവ്യത്തിൽ വ്യാപൃതനാകുകയായിരുന്നു ദ്രാവിഡ്. ഒടുവിൽ സമയം വന്നപ്പോൾ വേണ്ടിടത്തുതന്നെ ദ്രാവിഡ് മറുപടി നൽകി. വാക്കുകളിലായിരുന്നില്ല, പ്രവൃത്തിയിലൂടെയായിരുന്നു മറുപടി. പണവും പ്രതാപവുമുള്ള പ്രീമിയർ ലീഗ് അല്ലെങ്കിൽ പകിട്ടും പ്രശസ്തിയും കുറവുള്ള ജൂനിയർ ടീം എന്ന ബിസിസിഐ അന്വേഷണത്തിനു മുന്നിൽ രണ്ടാമതു തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യയുടെ പകരം വയ്ക്കാനില്ലാത്ത ‘പെർഫെക്ട് ജെന്റിൽമാൻ’.

അണ്ടർ–19 ടീമിലും ഇന്ത്യ എ ടീമിലുമായി ‘ഭാവി ദേശീയ താരങ്ങൾ’ ഇന്ത്യയുടെ വിശ്വസ്തതാരത്തിന്റെ യഥാർഥ മൂല്യമറിയുകയായിരുന്നു ഈ നാളുകളിൽ. ക്യാംപുകളിലും നെറ്റ്സിലും മാത്രം ഒതുങ്ങാതെ, മൽസരപരിചയം കൂടി ചേർന്നാലേ തയാറെടുപ്പു പൂർണമാകൂ എന്ന ദ്രാവിഡിന്റെ വാശിയിലാണ്  ഇന്ത്യയുടെ ‘എ’ ടീമംഗങ്ങൾക്കു നാട്ടിലും വിദേശത്തും അവസരം ഒരുങ്ങിയത്. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ബാലികേറാമലകളിൽ ചെന്നാണു യുവതാരങ്ങൾ ദ്രാവിഡിനു കീഴിൽ കരുത്തു തെളിയിച്ചത്. മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ ....

dravid-world-cup

കരുതൽ ശേഖരത്തിൽ ദ്രാവിഡിന്റെ നോട്ടമെത്തിയതിനു പിന്നാലെ അനായാസമാണു സിലക്ടർമാർ സീനിയർ ടീമിലേക്കു താരങ്ങളെ തേടിയത്. ദ്രാവിഡിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ട താരങ്ങൾ തന്നെയാണു പരിശീലകന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ. ഐപിഎല്ലിൽ മുംബൈയുടെ കാമിയോ റോളുകളിലൂടെ കടന്നുവന്ന ഹാർദിക് പാണ്ഡ്യയുടെ വാക്കുകൾ തന്നെ ഉത്തമോദാഹരണം. ക്രിക്കറ്റർ എന്ന നിലയിൽ തനിക്ക് ആത്മവിശ്വാസമേകിയത് ഓസ്ട്രേലിയൻ പര്യടനത്തിനിടയിലെ ദ്രാവിഡിന്റെ ഇടപെടലാണെന്നാണ് ഇന്നു കപിൽദേവിന്റെ പിൻഗാമിയെന്നു പോലും നിരീക്ഷിക്കപ്പെടുന്ന പാണ്ഡ്യയുടെ വാക്കുകൾ. പാണ്ഡ്യ മാത്രമല്ല, നമ്മുടെ സഞ്ജു മുതൽ കെവിൻ പീറ്റേഴ്സൺ വരെയുണ്ട് ‘വൻമതിലിന്റെ തണലിൽ’ സ്വന്തം മികവിന്റെ അളവുകോൽ ഉയർത്തിയവരിൽ.  

കരിയറിലെ രണ്ടാമൂഴം 

സ്വന്തം നാട്ടിലെ ഐപിഎൽ ക്ലബ് റോയൽ ചാലഞ്ചേഴ്സിൽ നിന്നുള്ള പടിയിറക്കമാണു പരിശീലകനായുള്ള ദ്രാവിഡിന്റെ വരവിനു വേഗവും ആക്കവും കൂട്ടിയത്. ക്യാപ്റ്റനും മെന്ററുമായുള്ള രാജസ്ഥാൻ റോയൽസിലെ ദ്രാവിഡദൗത്യം ഒരുപറ്റം യുവതാരങ്ങളുടെ ജാതകം തന്നെ മാറ്റിയെഴുതി. ആഭ്യന്തര ക്രിക്കറ്റിൽ വിജയത്തിന്റെ ഒരുപാട് സീസണുകൾ എഴുതിച്ചേർത്തിട്ടും മുഖ്യധാരയിൽ നിന്ന് അകന്നു സഞ്ചരിച്ചിരുന്നയാളാണ് അജിൻക്യ രഹാനെ. മുംബൈ ഇന്ത്യൻ‌സിൽ ഇടംകിട്ടിയെങ്കിലും ടെസ്റ്റ് മെറ്റീരിയൽ എന്നു ചാർത്തി അവസരം നിഷേധിക്കപ്പെട്ട താരത്തെ ഇന്നത്തെ രഹാനെയാക്കിയതിനു പിന്നിൽ ദ്രാവിഡിന്റെ ഒരു ഫോൺ വിളിയാണ്. റോയൽസിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം തരാമെന്ന ദ്രാവിഡിന്റെ ഉറപ്പിലാണു രഹാനെ ജയ്പൂരിനു വണ്ടി കയറിയത്. പിന്നെ സംഭവിച്ചതെല്ലാം ഐപിഎല്ലിന്റെ സ്കോർ കാ‍ർഡുകളിലുണ്ട്. രഹാനെ തനിച്ചല്ല, കരുൺ നായരും സഞ്ജു സാംസണും ഋഷഭ് പന്തും പോലുള്ളവരുടെ സംഘമാണ് ആ കളിക്കൂട്ടം.

Rahul-Dravid

കളത്തിലെ തിളക്കം പരിശീലകദൗത്യത്തിൽ വിലപ്പോവില്ലെന്ന കണക്കുകൂട്ടലുകളും കൂടിയാണു ദ്രാവിഡ് പൊളിച്ചെഴുതുന്നത്. കുറവുകൾ തിരിച്ചറിഞ്ഞ, കഠിനാദ്ധ്വാനം ചെയ്യാൻ മടി കാണിക്കാത്തയാളായിരുന്നു ദ്രാവിഡ് എന്ന സ്പോർട്സ്മാൻ. അതേ മികവുകൾ തന്നെയാണ് ഇപ്പോൾ പരിശീലകനെന്ന നിലയിലും ദ്രാവിഡിന്റെ വിജയഘടകവും. ബാല്യകാലം മുതൽക്കേ പരിശീലനം നേടിയെത്തുന്ന യുവതാരങ്ങളെ സംബന്ധിച്ചു ബാറ്റിങ് ടെക്നിക്കിലും സമീപനത്തിലും ഒരു തിരുത്തു മാത്രമേ പലപ്പോഴും വേണ്ടിവരൂ. അതിനാകട്ടെ ദ്രാവിഡിനെക്കാൾ മികച്ചൊരു പാഠപുസ്തകം കുട്ടികൾക്കു കിട്ടാനുമില്ല. ഒരു വർഷത്തോളം നീണ്ട വ്യക്തമായ പദ്ധതിയിലൂടെയാണ് അണ്ടർ–19 ലോകകപ്പിനുള്ള ടീമിന്റെ ഒരുക്കവുമായി ദ്രാവിഡ് മുന്നോട്ടുനീങ്ങിയത്.

സീനിയർ ടീമിന്റെ ഭാഗമായിക്കഴിഞ്ഞ വാഷിങ്ടൻ സുന്ദർ ഉൾപ്പെടെയുള്ള 2016 ലെ ജൂനിയർ ലോകകപ്പിന്റെ ഫൈനൽ കളിച്ച ഒരുപറ്റം താരങ്ങൾ ഇക്കുറിയും സിലക്‌ഷനു ലഭ്യമായിരുന്നു. വാഷിങ്ടൻ സുന്ദർ നയിക്കുന്നൊരു ടീം ന്യൂസീലൻഡിലെത്തുമെന്നായിരുന്നു പ്രതീക്ഷകളും. പക്ഷേ, ദ്രാവിഡ് മറിച്ചാണു ചിന്തിച്ചത്. രാജ്യത്തുടനീളമുള്ള നവപ്രതിഭകളെത്തേടി ദ്രാവിഡും സംഘവും മുന്നിട്ടിറങ്ങി. ക്യാംപുകളിലും നെറ്റ്സിലും മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല തയാറെടുപ്പെന്ന പക്ഷക്കാരനാണു ദ്രാവിഡ് എന്ന കോച്ച്. ബിസിസിഐയോട് ആവശ്യപ്പെട്ട് ഇന്ത്യൻ താരങ്ങളടങ്ങിയ ബോർഡ് പ്രസിഡന്റ്സ് ടീം രൂപീകരിച്ചു അണ്ടർ–19 ടീമിനെതിരെ മൽസരിപ്പിച്ചാണു 2016 ൽ ദ്രാവിഡ് തയാറെടുപ്പു നടത്തിയത്.

ഇത്തവണയും മൽസരപരിചയം ലക്ഷ്യമിട്ടു പൃഥ്വി ഷാ പോലുള്ള മുൻനിര താരങ്ങളെ ഇത്തവണ രഞ്ജി ട്രോഫി കളിക്കാൻ വിട്ടു. ഏഷ്യകപ്പിൽ ഒരു സംഘം പുതുതാരങ്ങളെ വച്ചുള്ള പരീക്ഷണമാണു ക്രീസിൽ ഒരിക്കലും സാഹസത്തിനു മുതിർന്നിട്ടില്ലാത്ത വൻമതിൽ നടത്തിയത്. ജൂനിയർ ലോകകപ്പ് എന്ന ഇളവുകൾ നൽകാതെയുള്ള വിശാലമായ മുന്നൊരുക്കത്തിൽ മൂന്നു ടീമുകൾ ഇറക്കാൻ വേണ്ടത്ര താരങ്ങളുടെ കഴിവുകൾ കോച്ച് പരീക്ഷിച്ചറിഞ്ഞു. കരിയറിന്റെ തുടക്കത്തിൽ മൽസരഫലം മാത്രമല്ല അവസാനവാക്കെന്ന ദ്രാവിഡിയൻ ആശയത്തിന്റെ വിജയം കൂടിയാണ് ഈ ലോകകപ്പ് നേട്ടം. തിരിച്ചടികളും നേട്ടങ്ങളും നേരിട്ട ആ കുട്ടികൾ ആരെയും കൂസാതെയാണു ലോകകപ്പിലെ കലാശപ്പോരാട്ടത്തിനു പോലും കളത്തിലെത്തിയത്.

Rahul-Dravid

കർക്കശക്കാരനായൊരു പരിശീലകന്റെ സമ്മർദമില്ലാതെ ഒരു സീനിയർ താരമെന്ന നിലയിൽ ദ്രാവിഡ് ഇടപഴകിയതിന്റെ സ്വാധീനം ടൂർണമെന്റിലുടനീളം ഇന്ത്യയുടെ പ്രകടനത്തിൽ പ്രതിഫലിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ‘ടീം മാൻ ’ തന്ത്രങ്ങളുടെ അമരത്തു വരുമ്പോൾ ശ‌ിഷ്യർ എങ്ങനെ വഴിമാറി സഞ്ചരിക്കും?  ഒരു പരിശീലന മൽസരം പോലുമില്ലാതെ ദക്ഷിണാഫ്രിക്കയിലേക്കു സീനിയർ ടീം പോയതു വാർത്തകളിൽ നിറഞ്ഞുനിന്നപ്പോഴാണു ന്യൂസീലൻഡിൽ ആദ്യമായി കളിക്കാനിറങ്ങുന്ന താരങ്ങളെയും കൊണ്ടു ദിവസങ്ങൾക്കു മുൻപേ ദ്രാവിഡ് ലോകകപ്പിനായി യാത്ര തിരിച്ചത്. ഇന്ത‌്യൻ ബാറ്റ്സ്മാൻമാരുടെ മികച്ച പ്രകടനം മാത്രം മതി പരിശീലകന്റെ തീരുമാനത്തിന്റെ മാറ്റ് അറിയാൻ.

ഇന്ത്യൻ ക്രിക്കറ്റിന് ഒരു കാലത്തും പ്രതിഭാദാരിദ്ര്യം അനുഭവിക്കേണ്ടിവന്നിട്ടില്ല. പക്ഷേ, പ്രതിഭകളെന്നു വിശേഷണം കേട്ടവർ പിന്നീടു നിരാശപ്പെടുത്തുന്ന കാഴ്ചകൾ പലതുമുണ്ടായിട്ടുണ്ട്. തുടക്കത്തിലെ കൈവന്ന താരത്തിളക്കത്തോടും പ്രതീക്ഷകളോടും പൊരുത്തപ്പെടാനാവാതെയാണു പലരും രാജ്യാന്തര ക്രിക്കറ്റിന്റെ വിലാസമാവാതെ പോയത്. അമോൽ മജുംദാറും അമയ് ഖുറാസിയയും മുതൽ അംബാട്ടി റായുഡു വരെയുള്ളവർ ഇതിനുദാഹരണം. ഋഷഭ് പന്തും പൃഥ്വി ഷായും പോലുള്ളവർക്ക് അക്കാര്യത്തിൽ ഇനി പേടി വേണ്ട. കാരണം കളത്തിലും ജീവിതത്തിലും ഒരുപോലെ തുണയ്ക്കുന്ന മാർഗനിർദേശങ്ങളുമായി ഒരു വൻമതിൽ അവർക്കൊപ്പമുണ്ടല്ലോ.

related stories