വെങ്സർക്കാർ പറഞ്ഞത് ശരിയല്ല: ശ്രീനിവാസൻ

എൻ. ശ്രീനിവാസൻ

ചെന്നൈ ∙ വിരാട് കോഹ്‍ലിയെ ടീമിലെടുത്തതാണ് തന്റെ സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനം തെറിപ്പിച്ചതെന്ന ദിലീപ് വെങ്സർക്കാറുടെ പ്രസ്താവന പൂർണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ. 2008ൽ ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തമിഴ്നാട്ടുകാരൻ എസ്. ബദരീനാഥിനു പകരം കോഹ്‍ലിയെ ഉൾപ്പെടുത്തിയത് ശ്രീനിവാസന് ഇഷ്ടമാകാതിരുന്നതാണ് തനിക്കു സ്ഥാനം നഷ്ടമാക്കിയതെന്നായിരുന്നു ‘കേണലി’ന്റെ ആരോപണം. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്ഥാനത്തു തുടരാൻ വെങ്സർക്കാർ താൽപര്യപ്പെട്ടതുകൊണ്ടാണ് 2008ൽ സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനത്തു നിന്ന് അദ്ദേഹത്തിനു മാറേണ്ടി വന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.