അഞ്ച് ‘സംപൂജ്യർ’, ഒൻപതു പേർ ചേർന്ന് 13; കിവീസിൽ നാണംകെട്ട് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകൾ പിഴുത ട്രെന്റ് ബൗൾട്ടിന് സഹതാരങ്ങളുടെ അഭിനന്ദനം.

ഓക്‌ലൻഡ്∙ ഒരു ട്വന്റി ഇന്നിങ്സും എക്സ്ട്രാ നാലു പന്തുകളും! തീർന്നു ഇംഗ്ലണ്ടിന്റെ ഒരു ടെസ്റ്റ് ഇന്നിങ്സ്. ന്യൂസീലൻഡിനെതിരായ ഒന്നാം ഡേ നൈറ്റ് ടെസ്റ്റിൽ ഒരു സെഷൻ പോലും പൂർത്തിയാക്കാതെ കൂടാരം കയറിയ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ ടീം ടോട്ടലായി കുറിച്ചത് 58 റൺസ് എന്ന നാണംകെട്ട സ്കോർ.

വെടിയുണ്ട പോലെ പറന്ന ട്രെൻഡ് ബോൾട്ടിന്റെയും ടിം സൗത്തിയും പന്തുകളുടെ വിസ്ഫോടനക്കരുത്തില്‍, പ്രതിരോധത്തിനു പോലും മുതിരാതെ ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ നിസ്സഹായരായി ബാറ്റുവച്ചു കീഴടങ്ങി. ബോള്‍ട്ട് ആറു വിക്കറ്റെടുത്തപ്പോൾ അവശേഷിച്ച നാലു വിക്കറ്റുകൾ സൗത്തിയും വീഴ്ത്തി. 20.4 ഓവറില്‍ അവസാനിച്ച ഇന്നിങ്സില്‍ കിവീസ് ക്യാപ്റ്റന്‌ മറ്റൊരു ബോളറെ പന്തേല്‍പ്പിക്കേണ്ടി വന്നതുമില്ല.

ദാ വന്നു, ദേ പോയി എന്ന മട്ടിലായിരുന്നു ഇന്നലെ ഇംഗ്ലിഷ് ബാറ്റ്സ്മാരുടെ കൊഴിഞ്ഞുപോക്ക്. അഞ്ചാം ഓവറിൽ ബോൾ‌ട്ടിന്റെ പന്തിൽ അലെയ്സ്റ്റർ കുക്കാണ് ആദ്യം മടങ്ങിയത്. സ്കോർ ബോർഡ് വീണ്ടും ചലിക്കുംമുൻപേ റൂട്ടും പുറത്തായി. മൂന്നിന് 16, ആറിന് 18 എന്നിങ്ങനെ വിക്കറ്റുകൾ നിലംപൊത്തിയതോടെ കിവീസ് ആരാധകർ കയ്യടിച്ചു മടുത്തു. ഒരു ഘട്ടത്തിൽ ഒൻപതു വിക്കറ്റു നഷ്ടത്തിൽ‌ 27 എന്ന അതിദയനീയ നിലയിലായ ഇംഗ്ലണ്ടിനെ അൻപതു കടത്തിയത് അവസാന വിക്കറ്റിൽ ക്രെയ്ഗ് ഓവർട്ടൻ നേടിയ 33 റൺസാണ്. ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മോശം സ്കോറുകളിൽ ആറാമത്തേതാണിത്.

പ്രതീക്ഷിച്ചതിലും വളരെ നേരത്തേ ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കിവീസ് ബാറ്റ്സ്മാന്‍മാര്‍ പക്ഷേ ഇംഗ്ലണ്ടിനെപ്പോലെ വന്ന വേഗത്തില്‍ മടങ്ങിയില്ല. എട്ടു റണ്‍സില്‍ ഓപ്പണര്‍ ജീത് റാവലിനെ നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടോം ലാതമും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റു നഷ്ടത്തില്‍ 175 എന്ന നിലയിലാണ് ആതിഥേയര്‍. 117 റണ്‍സിന്റെ ലീഡായി. വില്യംസണ്‍ 91 റണ്‍സുമായി ക്രീസിലുണ്ട്.

ട്രെൻഡ് ബോൾട്ട്

ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ചെറിയ ടീം ടോട്ടലുകൾ

1. 45 – ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ (1887)

2. 46 – വെസ്റ്റ് ഇൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ (1994)

3. 51 – വെസ്റ്റ് ഇൻഡീസിനെതിരെ കിങ്സ്റ്റണിൽ (2009)

4. 52 – ഓസ്ട്രേലിയയ്ക്കെതിരെ ഓവലിൽ (1948)

5. 53 – ഓസ്ട്രേലിയയ്ക്കെതിരെ ലോർഡ്സിൽ (1888)

6. 58 – ന്യൂസീലൻഡിനെതിരെ ഓക്‌ലൻഡിൽ (2018)