ഏഷ്യ കപ്പിൽ ശ്രീലങ്ക– ബംഗ്ലദേശ് പോരാട്ടം ഇന്ന്

ഏഷ്യ കപ്പിൽ മൽസരിക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാർ ട്രോഫിയുമായി ഫൊട്ടോയ്ക്കു പോസ് ചെയ്യുന്നു

ദുബായ് ∙ പഴയ ഒരു കണക്കു തീർക്കാനുറച്ചാകും ഏഷ്യ കപ്പ് ക്രിക്കറ്റ് ഉദ്ഘാടന മൽസരത്തിൽ ബംഗ്ലദേശിനെതിരെ ശ്രീലങ്ക ഇന്നിറങ്ങുക. വാക്പോരും പിച്ചിനു പുറത്തെ അനിഷ്ടസംഭവങ്ങളും കുപ്രസിദ്ധമാക്കിയ നിദഹാസ് ട്രോഫിയിലാണ് ഇരു ടീമുകളും ഇതിനു മുൻപ് ഏറ്റുമുട്ടിയത്. മൽസരത്തിനിടെ ബംഗ്ല താരങ്ങൾ ശ്രീലങ്കൻ ടീമിനുനേരെ ആക്രോശവുമായെത്തിരുന്നു. ബാറ്റ് ചെയ്തിരുന്ന ബംഗ്ല താരങ്ങളോട് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ കളിയിൽനിന്നു പിൻമാറാൻ പോലും നിർദേശിക്കുകയുണ്ടായി. 

പിന്നീടു പുനരാരംഭിച്ച മൽസരത്തിൽ ജയിക്കാനായെങ്കിലും മോശം പെരുമാറ്റത്തിന്റെ പേരിൽ വെറുക്കപ്പെട്ടവരായാണ് ബംഗ്ലദേശ് അന്നു വേദിവിട്ടത്. പിന്നീടു മുഖാമുഖം വരുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളെയും തൃപ്തിപ്പെടുത്തില്ലെന്നുറപ്പ്. വിൻഡീസിനെതിരായ ഏകദിന പരമ്പര 2–1നു നേടിയതിന്റെ കരുത്തിൽ എത്തുന്ന ബംഗ്ലദേശിൽനിന്നു കടുത്ത പോരാട്ടം തന്നെ ശ്രീലങ്കയ്ക്കു പ്രതീക്ഷിക്കാം. ഗ്രൂപ്പിലെ മൂന്നാമത്തെ ടീം അഫ്ഗാനിസ്ഥാൻ ആയതിനാൽ ഇന്നത്തെ വിജയമാകും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിർണയിക്കുക.

∙ പരുക്കിൽ വലഞ്ഞ് ലങ്ക

ബംഗ്ലദേശിനെതിരായ മൽസരത്തിൽ സെയ്ഫ് സോണിൽ അല്ല ശ്രീലങ്ക. മധ്യനിര ബാറ്റ്സ്മാൻ ദിനേഷ് ചാണ്ഡിമലും ധനുഷ്ക ഗുണതിലകയും പരുക്കേറ്റ് ടീമിനു പുറത്താണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ അഖില ധനഞ്ജയ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽനിന്ന് അവധിയെടുത്തു. ചാണ്ഡിമലിന്റെ അസാന്നിധ്യത്തിൽ ശ്രീലങ്കൻ മധ്യനിരയ്ക്കു കരുത്തുപകരുക ഓൾറൗണ്ടർ ഏഞ്ചലോ മാത്യൂസാകും. വെറ്ററൻ താരം ലസിത് മലിംഗയുടെ മടങ്ങിവരവോടെ ലങ്കൻ ബോളിങ് നിരയ്ക്കു കൂടുതൽ കരുത്തു കൈവന്നിട്ടുണ്ട്. 

പ്രമുഖ താരങ്ങളൊന്നും പരുക്കിന്റെ പിടിയിലല്ലാത്തത് മൽസരത്തിൽ ബംഗ്ലദേശിനു നേരിയ മേൽക്കൈ നൽകിയേക്കും. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ബാറ്റ് വീശുന്ന തമിം ഇഖ്ബാലാണ് ബംഗ്ലദേശിന്റെ സ്റ്റാർ. ഈ വർഷം 89.83 ശരാശരിയിൽ റൺസെടുക്കുന്ന തമിം ഇതുവരെ സ്വന്തമാക്കിയത് 539 റൺസാണ്. തമിമിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ലിറ്റൻ ദാസിനെയാകും ക്യാപ്റ്റൻ മുർത്തസ നിയോഗിക്കുക. പവർപ്ലേ ഓവറുകളിൽ അതിവേഗം റൺ നേടുന്ന ഓപ്പണിങ് സഖ്യത്തിൽ പ്രതീക്ഷവയ്ക്കുന്ന ബംഗ്ലദേശിനു മഹ്മദുല്ലയുടെയും മുഷ്ഫിക്കർ‌ റഹിമിന്റെ ഫോമും മുതൽക്കൂട്ടാണ്. മധ്യ ഓവറുകളിൽ റൺറേറ്റ് ഉയർത്താനാകാത്തതാണ് ബാറ്റിങ്ങിൽ ബംഗ്ലദേശിന്റെ തലവേദന. കഴിഞ്ഞ അഞ്ചു മൽസരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടുവട്ടം വിജയം ബംഗ്ലദേശിനൊപ്പമായിരുന്നു.