പൊട്ടിയ കയ്യുമായി വീണ്ടുമെത്തി ബംഗ്ലദേശ് താരം; തമീമിന് കയ്യടിച്ച് ആരാധകര്‍

ശ്രീലങ്കയ്ക്കെതിരായ മൽസരത്തില്‍ ഒറ്റക്കൈ കൊണ്ട് ബാറ്റു ചെയ്തുന്ന ബംഗ്ലദേശ് താരം തമീം ഇഖ്ബാൽ

ദുബായ്∙ ശ്രീലങ്കയ്ക്കെതിരെ 137 റണ്‍സിന്റെ ആധികാരിക ജയത്തോടെ ബംഗ്ലദേശ് ഏഷ്യാകപ്പില്‍ വിജയക്കുതിപ്പു തുടങ്ങി. രണ്ടു റണ്‍സ് എത്തിയപ്പോഴേക്കും മൂന്നുപേര്‍ പവിലിയനിലെത്തിയ അവസ്ഥയില്‍നിന്ന് ബംഗ്ല കടുവകളെ രക്ഷിച്ചതു മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ കരുത്തന്‍ സെഞ്ചുറിയാണ്. 150 പന്തില്‍നിന്ന് 11 ഫോറും നാലു സിക്സുമടിച്ച് 144 റണ്‍സെടുത്ത റഹീം 63 റണ്‍സടിച്ച മുഹമ്മദ് മിഥുനുമായി ചേര്‍ന്ന് ഇന്നിങ്സ് കരയ്ക്കടുപ്പിക്കുകയായിരുന്നു. 

എന്നാല്‍ സെഞ്ചുറിയുടെ പകിട്ടിനും മേലെ നില്‍ക്കുന്നൊരു ആത്മാര്‍ഥതയെയും അര്‍പ്പണ ബോധത്തെയും വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. മല്‍സരത്തില്‍ പരുക്കേറ്റു പുറത്തായ ബംഗ്ലദേശ് ഓപ്പണര്‍ തമീം ഇഖ്ബാലാണു വീരകഥയിലെ നായകന്‍. ഇടതുകൈയ്യന്‍ ബാറ്റ്സ്മാനായ തമീമിനു മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ പരുക്കേറ്റു. രണ്ടു റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ സുരംഗ ലക്മലിന്റെ പന്തില്‍ പുള്‍ഷോട്ടിനു ശ്രമിക്കുമ്പോള്‍ ഇടതു കൈയിന്റെ റിസ്റ്റില്‍ പന്തുകൊള്ളുകയായിരുന്നു. 

വേദനകൊണ്ടു പുളഞ്ഞ തമീം ഉടനെ വൈദ്യസഹായം തേടി റിട്ടയേര്‍ഡ് ഹര്‍ട്ടായി. പ്രശ്നം ഗുരുതരമെന്നു കണ്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എക്സ്റേയില്‍ കൈയ്ക്കു പൊട്ടലുണ്ടെന്നു വ്യക്തമായി. ടൂര്‍ണമെന്റ് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പ്. എന്നാല്‍ പിന്നീട് നടന്നത് ബംഗ്ലദേശ് ആരാധകര്‍ക്ക് എക്കാലവും ഓര്‍ക്കാന്‍ വക നല്‍കുന്ന ടീം സ്പിരിറ്റിന്റെ തമീം ഭാഷ്യമാണ്. 47ാം ഓവറില്‍ ഒന്‍പതാം വിക്കറ്റായി മുസ്തഫിസുര്‍ റഹ്മാന്‍ മടങ്ങുമ്പോള്‍ പലരും ധരിച്ചത് ബംഗ്ലദേശ് ഇന്നിങ്സ് അവസാനിച്ചെന്നാണ്. 

എന്നാല്‍ ഒറ്റക്കൈയ്യില്‍, അതും തന്റെ ശക്തി കുറഞ്ഞ വലതുകൈയില്‍ ബാറ്റുമായി തമീം വീണ്ടും എത്തി. ഇടതുകൈ വച്ചുകെട്ടി ഒരുവിധം ക്രീസിലെത്തിയതായിരുന്നു. അവസാന വിക്കറ്റില്‍ ഒരറ്റം കാത്ത് മുഷ്ഫിഖറിനൊപ്പം 32 റണ്‍സ് ചേര്‍ത്തു തമീം. ഇതിനിടെ നേരിടേണ്ടിവന്ന ഒരു ബൗണ്‍സര്‍ ഒറ്റക്കൈ കൊണ്ട് തട്ടിയിടുകയും ചെയ്തു. ആ 32 റണ്‍സ് കൂടി ഇല്ലായിരുന്നെങ്കില്‍ 261 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ബംഗ്ലദേശ് എത്തില്ലായിരുന്നു. മല്‍സരശേഷം തമീമിനോടുള്ള ആദരവുകള്‍ കൊണ്ട് സമൂഹ മാധ്യമങ്ങള്‍ നിറഞ്ഞു. ബംഗ്ലദേശികളുടെ ഹൃദയം നിറഞ്ഞു തുളുമ്പി.