Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ സ്കോർ മലയാളിയിലൂടെ

ramesh-scorer ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ ഇന്ത്യ-ഹോങ്കോങ് മത്സരം സ്കോർ ചെയ്യുന്ന രമേഷ്

അബുദാബി∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക്ക് പോരാട്ടത്തിന്റെ സ്കോർ ലോകത്തെ അറിയിക്കുന്നതു മലയാളി. തൃശൂർ കണ്ടശാംകടവ് സ്വദേശി രമേഷ് മന്നത്താണ് ഒഫീഷ്യൽ സ്കോറർമാരിലെ ഏക മലയാളി. ഔദ്യോഗിക സ്കോറർമാരിലെ മറ്റ് അഞ്ചു പേരിൽ നാലുപേർ പാക്കിസ്ഥാനികളും ഒരാൾ ഹൈദരാബാദുകാരനുമാണ്. ഏഴു വർഷമായി സ്കോറിങ് രംഗത്തുള്ള രമേഷ് 75 രാജ്യാന്തര മത്സരങ്ങളിൽ ഇലക്ട്രോണിക്-മാന്വൽ സ്കോററായി പ്രവർത്തിച്ചിട്ടുണ്ട്.

അണ്ടർ–19 വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി സ്കോറിങ് ചെയ്‌തിട്ടുണ്ടെങ്കിലും ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി ആദ്യമായി സ്കോറിങ് ചെയ്യാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണു രമേഷ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ ഇന്ത്യ-ഹോങ്കോങ് മത്സരം സ്കോർ ചെയ്തതും രമേഷ് ആയിരുന്നു. സ്ക്രീനിലും വാഗൺവീലിലും പേപ്പറിലും സ്കോർ രേഖപ്പെടുത്തണം. മാച്ച് റഫറി, അംപയർ എന്നിവരുമായുള്ള ആശയവിനിമയവും പ്രധാനമാണെന്നു രമേഷ് പറഞ്ഞു.

കേരളത്തിൽ ജിംഖാനയിലൂടെ ക്രിക്കറ്റ് ലോകത്തെത്തിയ രമേഷിനു ബോളിങ്ങാണ് ഇഷ്ടം. വൈ.സി.സി, കേരളവർമ കോളജ് എന്നിവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ദുബായിലെത്തിയശേഷം നാലുവർഷത്തോളം ഇവിടത്തെ തൃശൂർ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി കളിച്ചശേഷമാണു സ്കോറിങ് രംഗത്തേക്കു കളംമാറി ചവിട്ടിയത്. പിന്നീട് ഇന്റർനാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്നു വിദഗ്ധ പരിശീലനം നേടിയശേഷം രാജ്യാന്തര സ്കോറിങ് രംഗത്തു ചുവടുറപ്പിക്കുകയായിരുന്നു. ഏഷ്യാ കപ്പിൽ ദുബായിൽ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും സ്കോറിങ് ചെയ്യുന്നതു രമേഷ് തന്നെ. ദുബായിൽ സാനിപെക്സ് കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലിചെയ്തുവരികയാണു രമേഷ്.

related stories