കാർത്തിക്കിന്റെ വീരോചിത പ്രകടനത്തിന്റെ ഓർമകളുമായി ഇന്ത്യ ഇന്ന് ബംഗ്ലദേശിനെതിരെ

ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനെതിരായ മൽസരത്തിനിടെ.

ദുബായ്∙ തന്ത്രങ്ങൾ മാറ്റിപ്പിടിച്ച് സൂപ്പർ ഫോറിലെ ആദ്യ മൽസരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഹോങ്കോങ്ങിനെതിരെ വിറച്ചെങ്കിലും ചിരവൈരികളായ പാക്കിസ്ഥാനെ എട്ടു വിക്കറ്റിനു തറപറ്റിച്ചതിന്റെ ആവേശത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളികൾ. പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ മൽസരവും ഇന്നു നടക്കും.

ശ്രീലങ്ക കൂടിയുൾപ്പെട്ട നിദാഹാസ് ട്രോഫി ട്വന്റി20 ഫൈനലിൽ ദിനേഷ് കാർത്തിക്കിന്റെ വീരോചിത പ്രകടനം സമ്മാനിച്ച വിജയത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത് ഇതാദ്യമാണ്. അന്ന് തോൽവി ഉറ്റുനോക്കിയ ഇന്ത്യയെ വെറും എട്ടു പന്തുകളിൽ 29 റൺസ് അടിച്ചുകൂട്ടിയാണ് കാർത്തിക്ക് രക്ഷിച്ചത്. ഈ തോൽവിയുടെ വേദന മറക്കാൻ വിജയം ലക്ഷ്യമിട്ടാകും ബംഗ്ലദേശ് ഇറങ്ങുക.

അതേസമയം, ഹാർദിക് പാണ്ഡ്യയ്ക്കു പിന്നാലെ പേസ് ബോളർ ഷാർദുൽ താക്കൂർ, സ്പിന്നർ അക്സർ പട്ടേൽ എന്നിവരും പരുക്കുമൂലം ഏഷ്യാ കപ്പിനുള്ള ടീമിനു പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പാണ്ഡ്യയ്ക്കു പകരം രാജസ്ഥാൻ താരം ദീപക് ചാഹറിനെ നേരത്തേതന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. താക്കൂറിനു പകരം സിദ്ധാർഥ് കൗളിനെയും അക്സർ പട്ടേലിനു പകരം രവീന്ദ്ര ജഡേജയെയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഇന്ത്യ ഇന്ന് മനീഷ് പാണ്ഡെയ്ക്ക് അവസരം നൽകിയേക്കും. ഹാർദികിനു പകരം മൂന്നാം പേസർക്കാണ് ഇന്ത്യ അവസരം നൽകുന്നതെങ്കിൽ ഖലീൽ അഹമ്മദാകും ടീമിൽ ഇടം പിടിക്കുക.

മറുവശത്ത്, തങ്ങളുടേതായ ദിനത്തിൽ ഏത് എതിരാളികളെയും തോൽപ്പിക്കാൻ ശേഷിയുള്ള ടീമാണ് ബംഗ്ലദേശ്. 2007 ലോകകപ്പിൽ ബംഗ്ലദേശിനോട് അഞ്ചു വിക്കറ്റിന് തോറ്റാണ് ഇന്ത്യ പുറത്തായത്. അഞ്ചു വർഷങ്ങൾക്കുശേഷം ഏഷ്യാകപ്പിലും ബംഗ്ലദേശിനോട് അഞ്ചു വിക്കറ്റിന് തോറ്റ് പുറത്തായതിന്റെ ക്ഷീണം ടീമിനെ വിട്ടൊഴിഞ്ഞിട്ടില്ല.

അതേസമയം, ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മൽസരത്തിൽ അഫ്ഗാനിസ്ഥാനോട് 136 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് ബംഗ്ല കടുവകൾ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടിയപ്പോൾ, ബംഗ്ലദേശിന്റെ മറുപടി 42.1 ഓവറിൽ 119 റൺസിൽ അവസാനിച്ചു. ഈ കൂറ്റൻ തോൽവിയുടെ ക്ഷീണം മാറും മുൻപാണ് കരുത്തരായ ഇന്ത്യയെ നേരിടാൻ ബംഗ്ലദേശ് എത്തുന്നത്.