Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിങ്ങിനിടെ പരുക്കേറ്റ് പുളഞ്ഞ് ഹാർദിക്; സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു മാറ്റി

pandya-injury-out പാക്കിസ്ഥാനെതിരായ മൽസരത്തിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യയെ സ്ട്രെച്ചറിൽ മൈതാനത്തുനിന്നും മാറ്റുന്നു.

ദുബായ്∙ പാക്കിസ്ഥാനെതിരെ ഏഷ്യാകപ്പ് മൽസരത്തിൽ ആവേശ വിജയം സ്വന്തമാക്കാനായെങ്കിലും യുവതാരം ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. മൽസരത്തിൽ ബോൾ ചെയ്യുന്നതിനിടെയാണ് പാണ്ഡ്യയ്ക്ക് പരുക്കേറ്റത്.തന്റെ അഞ്ചാം ഓവറിന്റെ അഞ്ചാം പന്ത് ബോൾ ചെയ്ത ശേഷം വേദനകൊണ്ടു പുളഞ്ഞ ഹാർദിക് പാണ്ഡ്യ, മൈതാനത്ത് ഇരിക്കുകയായിരുന്നു. സ്ട്രെച്ചറിലാണ് പാണ്ഡ്യയെ മൈതാനത്തുനിന്ന് പുറത്തെത്തിച്ചത്. തുടർന്ന് താരത്തെ ആശുപത്രിയിലേക്കു മാറ്റി. ഏഷ്യാകപ്പിൽ ഇനി പാണ്ഡ്യയുടെ സേവനം ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ, പകരക്കാരനെന്ന നിലയിൽ രാജസ്ഥാൻ താരം ദീപക് ചാഹറിനെ ടീമിൽ ഉൾപ്പെടുത്തി.

ഹോങ്കോങ്ങിനെതിരായ മൽസരത്തിൽ വിശ്രമം അനുവദിക്കപ്പെട്ട പാണ്ഡ്യയെ പാക്കിസ്ഥാനെതിരായ മൽസരത്തിൽ വീണ്ടും ഉൾപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാനെതിരെ 18–ാം ഓവർ ബോൾ ചെയ്യാനെത്തിയപ്പോഴാണ് പാണ്ഡ്യ പരുക്കേറ്റു വീണത്. പുറം വേദനയ്ക്കു മുൻപും ചികിത്സ തേടിയിട്ടുള്ള പാണ്ഡ്യ, സമീപകാലത്ത് പുറം വേദന മൂലം മൽസരം നഷ്ടമാകുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്.

ഇതോടെ, പരുക്കു കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യൻ മാനേജ്മെന്റിന്റെ വീഴ്ചകൾ വീണ്ടും ചർച്ചയാകുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൽസരത്തിനിടെ പരുക്കേറ്റ പേസ് ബോളർ ഭുവനേശ്വർ കുമാർ, ടെസ്റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ പരുക്കുമായി കളിച്ച രവിചന്ദ്രൻ അശ്വിൻ എന്നിവരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ടീം മാനേജ്മെന്റിനു വീഴ്ച സംഭവിച്ചതായി വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു മാസത്തിനിടെ മറ്റൊരു പ്രമുഖ താരം കൂടി മൽസരത്തിനിടെ പരുക്കേറ്റ് മൈതാനം വിട്ടത്.

related stories