Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് ശർമയ്ക്ക് ടെസ്റ്റ് ടീമിൽ ഇടമില്ല; വിമർശനവുമായി മുൻ താരങ്ങളും ആരാധകരും

rohit-sharma രോഹിത് ശർമ

മുംബൈ∙ നായകൻ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ ടീമിനെ ഏഷ്യ കപ്പിൽ കിരീടത്തിലേക്കു നയിച്ച ഓപ്പണർ രോഹിത് ശർമയെ തൊട്ടുപിന്നാലെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിനെ വിമർശിച്ച് മുൻ താരങ്ങളും ആരാധകരും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, സ്പിന്നർ ഹർഭജൻ സിങ് എന്നിവരാണ് രോഹിതിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് രംഗത്തെത്തിയത്. ടീം പ്രഖ്യാപനത്തിനു പിന്നാലെ ആരാധകരും രോഹിതിനെ തഴഞ്ഞതിനെതിരെ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു.

രണ്ടു മൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ ഉൾപ്പെടുത്താത്തതിൽ സൗരവ് ഗാംഗുലിക്ക് അതിശയം പ്രകടിപ്പിച്ചപ്പോൾ, ഈ സിലക്ടർമാർ എന്താണു ചിന്തിക്കുന്നതെന്നായിരുന്നു ഹർഭജന്റെ ചോദ്യം. ഒക്ടോബർ നാലിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിരുന്നില്ല. കരുൺ നായർ, ശിഖർ ധവാൻ, മുരളി വിജയ് എന്നിവർക്കും അവസരം കിട്ടിയില്ല.

നേരത്തെ, ടെസ്റ്റ് ടീമിൽനിന്ന് പുറത്തായശേഷം ശ്രീലങ്കയ്ക്കെതിരെ നാഗ്പുരിൽ സെഞ്ചുറി നേടിയാണ് രോഹിത് ശർമ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ രണ്ട് അർധസെഞ്ചുറി പ്രകടനങ്ങളും താരം പുറത്തെടുത്തു. പരമ്പരയിൽ 217 റൺസ് ശരാശരിയോടെ നടത്തിയ പ്രകടനം രോഹിതിെന വീണ്ടും സിലക്ടർമാരുടെ ശ്രദ്ധയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടെങ്കിലും അവിടെ പ്രകടനം തീർത്തും മോശമായി. ആദ്യ രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിൽ 11, 10, 10, 47 എന്നിങ്ങനെയായിരുന്നു രോഹിതിന്റെ പ്രകടനം. ഇതോടെ മൂന്നാം ടെസ്റ്റിനു തൊട്ടു പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽനിന്നും രോഹിത് പുറത്തായി. ഏഷ്യാകപ്പിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനം വീണ്ടും ടെസ്റ്റ് ടീമിൽ സ്ഥാനം നേടിക്കൊടുക്കുമെന്ന് കരുതിയിരിക്കെയാണ് വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ അവസരം ലഭിക്കാതെ പോയത്.

ടീം പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററിലൂടെയാണ്, രോഹിത് ശർമയെ ഉൾ‍പ്പെടുത്താത്തതിലുള്ള ‘അതിശയം’ ഗാംഗുലി പങ്കുവച്ചത്. ഏഷ്യാകപ്പിൽ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്്റ്റെന്ന നിലയിൽ രോഹിതിനെ അഭിനന്ദിച്ച ഗാംഗുലി, ടെസ്റ്റ് ടീമിൽ അദ്ദേഹത്തിന്റെ പേരു കാണാത്തത് അദ്ഭുതപ്പെടുത്തിയെന്ന് കുറിച്ചു.

‘ഇന്ത്യൻ ടീമും രോഹിത് ശർമയും കൈവരിച്ച നേട്ടം ഉജ്വലമാണ്. നിങ്ങളുടെ പ്രകടനം അസാധ്യമായിരുന്നു. എങ്കിലും ടെസ്റ്റ് ടീമിൽ രോഹിതിന്റെ പേരു കാണാതാകുന്ന ഓരോ അവസരത്തിലും ഞാൻ അദ്ഭുതപ്പെട്ടു പോകുന്നു. എന്തായാലും ടെസ്റ്റ് ടീമിലെ സ്ഥാനം അധികം അകലെയല്ലെന്നു കരുതുന്നു’ – ഗാംഗുലി കുറിച്ചു.

രോഹിത് ടീമിൽ ഇല്ലെന്ന് അറിഞ്ഞ ഹർഭജൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

‘വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ രോഹിത് ശർമ ഇല്ല. സത്യത്തിൽ ഈ സിലക്ടർമാർ എന്താണു ചിന്തിക്കുന്നത്? ആർക്കെങ്കിലും വല്ല പിടിയുമുണ്ടോ? എനിക്കിത് ഒട്ടും മനസിലാകുന്നില്ല. ആർക്കെങ്കിലും മനസ്സിലായെങ്കിൽ ഒന്നു പറഞ്ഞു തരാമോ?’

ഇവർക്കൊപ്പം, രോഹിതിനെ തഴഞ്ഞതിൽ കടുത്ത വിമർശനമുയർത്തി ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി രോഹിതിനെ ടീമിൽനിന്ന് തഴഞ്ഞാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ സിലക്ടർമാർ നശിപ്പിച്ചതെന്ന് ചിലർ കുറിച്ചു. ഇപ്പോഴത്തെ ഫോമിൽ രോഹിത് ടെസ്റ്റ് ടീമിൽ ഇടം നേടാൻ സർവഥാ യോഗ്യനായിരുന്നുവെന്ന് ഒരു കൂട്ടം ആരാധകർ ചൂണ്ടിക്കാട്ടി.

related stories