Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ കളിക്കാരനും ഓരോ നിയമമോ? ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്ത്?: ഹർഭജൻ

harbhajan-singh ഹർഭജൻ സിങ്.

മുംബൈ∙ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വാദപ്രതിവാദങ്ങൾ അവസാനിക്കുന്നില്ല. ഹർഭജൻ സിങ്ങാണ് ഈ വിവാദത്തിൽ കക്ഷിയായ ഒടുവിലത്തെ താരം. മുൻ ഇന്ത്യൻ താരം എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു ഹർഭജന്റെ ചോദ്യം.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിലും പിന്നീട് ഇംഗ്ലണ്ട് പര്യടനത്തിലെ അ‍ഞ്ചു ടെസ്റ്റിലും അവസരം നൽകാതെ കരുൺ നായരെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ ആയിരുന്നു ഹർഭജന്റെ വിമർശനം.

‘തീർച്ചയായും ഉത്തരം കിട്ടേണ്ട ചോദ്യമാണിത്. മൂന്നു മാസത്തോളം കളത്തിലിറങ്ങാൻ അവസരം കിട്ടാതെ ബെഞ്ചിലിരുന്ന താരത്തെ എന്തടിസ്ഥാനത്തിലാണ് ടീമിൽനിന്ന് പുറത്താക്കുന്നത്? ടീമിൽ തുടരാനുള്ള അർഹതയില്ലെന്ന് എന്തടിസ്ഥാനത്തിലാണ് നാം വിധിക്കുക? – ഹർഭജൻ ചോദിച്ചു.

‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ സിലക്ഷൻ കമ്മിറ്റിയുടെ ചിന്താരീതികളും ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളും എനിക്കു മനസ്സിലാകുന്നേയില്ല. ഓരോ കളിക്കാർക്കും ഓരോ നിയമങ്ങളാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചിലർക്ക് കഴിവു െതളിയിക്കാൻ ആവശ്യത്തിലേറെ അവസരങ്ങൾ നൽകും. മറ്റു ചിലർക്ക് ഒന്നു പരാജയപ്പെടാനുള്ള അവസരം പോലും നൽകുകയുമില്ല. അത് ശരിയല്ല’ – ഹർഭജൻ ചൂണ്ടിക്കാട്ടി.

കരുൺ നായർക്കു പകരം സിലക്ടർമാർ ടീമിലെടുത്ത ഹനുമ വിഹാരി വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ പരാജയപ്പെട്ടാൽ എന്തു ചെയ്യുമെന്ന ചോദ്യവും ഹർഭജൻ ഉയർത്തി. വിഹാരി പരാജയപ്പെടണമെന്ന് താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് പ്രത്യേകം എടുത്തുപറഞ്ഞു കൊണ്ടാണ്, ഹർഭജൻ ഈ ചോദ്യം ഉന്നയിച്ചത്.

വിഹാരിയെന്നല്ല, ഒരു താരവും മോശം പ്രകടനം നടത്തരുതെന്നാണ് തന്റെ ആഗ്രഹമെന്നും ഹർഭജൻ വ്യക്തമാക്കി. അഥവാ വിഹാരി പരാജയപ്പെട്ടാൽ കരുൺ നായരെയാകും സിലക്ഷൻ കമ്മിറ്റി ആശ്രയിക്കുക. ഇത്രകാലം ടീമിനൊപ്പം കൊണ്ടുനടന്ന് ഒരു അവസരം പോലും നൽകാതെ പുറത്താക്കിയ കരുണിന്, ഇത്തരമൊരു സാഹചര്യത്തിൽ ടീമിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ കരുണിനാകുമെന്ന് കരുതുന്നുണ്ടോയെന്നും ഹർഭജൻ ചോദിച്ചു.

ഒരു പരമ്പരയിലെ അഞ്ചു മൽസരങ്ങളിലും കരുണിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് തയാറായില്ലെന്നതിൽനിന്ന്, അവരുടെ വിശ്വാസം ആർജിക്കാൻ കരുൺ പരാജയപ്പെട്ടെന്നാണ് മനസ്സിലാക്കേണ്ടതെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് കരുണിനെ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ടീം മാനേജ്മെന്റിനെ ബോധ്യപ്പെടുത്തുന്നതിൽ സിലക്ടർമാർ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി, ടീം മാനേജ്മെന്റിന് വേറെ ഏതെങ്കിലും താരത്തെ താൽപര്യമുണ്ടായിരുന്നെങ്കിൽ അക്കാര്യം സിലക്ടർമാർ ഗൗരവത്തോടെ ചർച്ച ചെയ്തോയെന്നും ഹർഭജൻ ചോദിച്ചു.

വിൻഡീസ് പരമ്പരയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുക്കുമ്പോഴെങ്കിലും സിലക്ടർമാർ ചിന്തിച്ചു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഭജൻ പറഞ്ഞു. നേരത്തെ, ഏഷ്യാകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ച രോഹിത് ശർമയെ ടീമിലേക്കു പരിഗണിക്കാത്തതിനെ വിമർശിച്ചും ഹർഭജൻ രംഗത്തെത്തിയിരുന്നു. 

related stories