Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

60 റൺസിനിടെ 10 വിക്കറ്റ് നഷ്ടം; ‘റെക്കോർഡ് ബുക്കി’ൽ ഓസീസ് മൂന്നാമത്, മുന്നിൽ ഇന്ത്യ

pakistan-vs-australia-test-dubai ഓസ്ട്രേലിയയ്ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ.

ദുബായ്∙ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്തതിനുശേഷം കൂട്ടത്തകർച്ചയെ നേരിട്ട ഓസ്ട്രേലിയ ‘റെക്കോർഡ് ബുക്കിൽ’. ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്തശേഷം വെറും 60 റൺസിനിടെ 10 വിക്കറ്റും നഷ്ടമാക്കിയ ഓസ്ട്രേലിയ, 202 റൺസിന് ഓൾഔട്ടായിരുന്നു. ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിനു ശേഷമുള്ള കൂട്ടത്തകർച്ചയുടെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് ഓസീസിന്.

ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 1946ൽ ഇംഗ്ലണ്ടിനെതിരെ ഓൾഡ് ട്രാഫോഡിൽ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ശേഷം വെറും 46 റൺസിനിടെയാണ് ഇന്ത്യ 10 വിക്കറ്റുകൾ നഷ്ടമാക്കിയത്. 170 റൺസിന് ഓൾഔട്ടാവുകയും ചെയ്തു. അന്ന് ഓപ്പണിങ് വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇന്ത്യ 46 റൺസുകൂടി ചേർക്കുമ്പോഴേക്കും ഓൾഔട്ടായത്.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടിനുശേഷം വെറും 51 റൺസിനിടെ 10 വിക്കറ്റും നഷ്ടമാക്കിയ ന്യൂസീലൻഡാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്. 1974ൽ ഓക്‌ലൻഡിൽ ഓസ്ട്രേലിയയ്ക്കെതിരായണ് ന്യൂസീലൻഡ് നാണം കെട്ടത്. വിക്കറ്റ് നഷ്ടം കൂടാതെ 107 റൺസ് എന്ന നിലയിലായിരുന്ന ന്യൂസീലൻഡ് പിന്നീട് 158 റൺസിന് എല്ലാവരും പുറത്തായി.

2001ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓപ്പണിങ് വിക്കറ്റിൽ 164 റൺസ് കൂട്ടിച്ചേർത്തശേഷം 228 റൺസിന് പുറത്തായ സിംബാബ്‍വെ ഇക്കാര്യത്തിൽ നാലാം സ്ഥാനത്തുണ്ട്. അന്ന് 64 റൺസിനിടെയാണ് സിംബാബ്‍വെ 10 വിക്കറ്റുകൾ വിൻഡീസിന് അടിയറവു വച്ചത്. ഓപ്പണിങ് വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തശേഷം ബംഗ്ലദേശിനെതിരെ 164 റൺസിന് പുറത്തായി ഇംഗ്ലണ്ട് നാണം കെട്ടത് രണ്ടു വർഷം മുൻപാണ്.

മൽസരത്തിലെ മറ്റു ചില റെക്കോർഡുകളിലൂടെ:

∙ 42 റൺസിനിടെയാണ് ഓസീസിന് അവരുടെ അവസാന ഒൻപതു വിക്കറ്റുകൾ നഷ്ടമായത്. ഇക്കാര്യത്തിൽ കഴിഞ്ഞ 50 വർഷത്തിനിടെ അവരുടെ ഏറ്റവും മോശം പ്രകടനമാണിത്. അർധസെഞ്ചുറി നേടിയ ഓപ്പണർമാർക്കുശേഷം ഓസീസിന്റെ ടോപ് സ്കോറർ 12 റൺസ് നേടിയ മിച്ചൽ മാർഷ് ആയിരുന്നു. ഇവർക്കു പുറമെ രണ്ടു പേർ കൂടി മാത്രമേ രണ്ടക്കം കടന്നുള്ളൂ.

∙ 100 റൺസിനിടെ ഓസ്ട്രേലിയയ്ക്ക് അവരുടെ 10 വിക്കറ്റും നഷ്ടമാകുന്നത് 2016നുശേഷം മാത്രം ഇത് ഏഴാം തവണയാണ്. ഇക്കാലയളവിൽ ഇതുപോലെ തകർന്നുപോയ മറ്റൊരു ടീമില്ല. 2017ൽ ബെംഗളൂരുവിൽ ഇന്ത്യയ്ക്കെതിരെ 90 റൺസിനിടെ 10 വിക്കറ്റും നഷ്ടമാക്കിയതും ഇതിലുൾപ്പെടുന്നു. നാലു തവണ വീതം 100 റൺസിനിടെ 10 വിക്കറ്റും നഷ്ടമാക്കിയ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവർ സംയുക്തമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

∙ പാക്കിസ്ഥാനായി അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനമാണ് ബിലാൽ ആസിഫിന്റേത്. 36 റൺസ് വഴങ്ങിയാണ് മുപ്പത്തിമൂന്നുകാരനായ ബിലാൽ ആറു വിക്കറ്റ് വീഴ്ത്തിയത്. ന്യൂസീലൻഡിനെതിരെ 1996ൽ 66 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സഹീദാണ് ഒന്നാമത്. ന്യൂസീലൻഡിനെതിരെ തന്നെ 1969ൽ 99 റൺസ് വഴങ്ങി ഏഴു വിക്കറ്റ് പിഴുത മുഹമ്മദ് നസീൽ രണ്ടാമതുണ്ട്. അതേസമയം, ഓസ്ട്രേലിയയ്ക്കെതിരെ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ബിലാലിന്റേത്. ഇക്കാര്യത്തിൽ നൂറു വർഷത്തിലേറെ പഴക്കമുള്ള റെക്കോർഡാണ് ബിലാൽ തിരുത്തിയത്. 1890ൽ 50 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഫ്രഡ് മാർട്ടിന്റെ പ്രകടനമാണ് ബിലാൽ മെച്ചപ്പെടുത്തിയത്.

∙ കഴിഞ്ഞ 50 വർഷത്തിനിടെ അരങ്ങേറ്റത്തിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മുപ്പത്തിമൂന്നുകാരനായ ബിലാൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2010–11ൽ 32 വയസ്സു പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച പാക്കിസ്ഥാന്റെ തന്നെ തൻവീർ അഹമ്മദാണ് ബിലാലിനു പിന്നിലായത്.

∙ അരങ്ങേറ്റ ഇന്നിങ്സിൽ രണ്ടു താരങ്ങൾ ഒരുമിച്ച് ഡക്കിനു പുറത്താകുന്നത് ഇത് ആറാം തവണ മാത്രം. ഓസ്ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡ്, മാർനൂസ് ലബൂഷനെ എന്നിവരാണ് പൂജ്യത്തിനു പുറത്തായത്. അതേസമയം, ഇതേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഓപ്പണർ ആരോൺ ഫിഞ്ച് അർധസെഞ്ചുറിയുമായി തിളങ്ങുകയും ചെയ്തു. നമ്പർ അഞ്ച്, ആറ് സ്ഥാനങ്ങളിലെ അരങ്ങേറ്റക്കാർ ഡക്കിനു പുറത്താകുന്നത് ഇതു മൂന്നാം തവണ മാത്രം.

∙ ആരോൺ ഫിഞ്ചും ഉസ്മാൻ ഖവാജയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്ത 142 റൺസ് ഏഷ്യയിൽ ഓസ്ട്രേലിയൻ താരങ്ങളുടെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. മാർക്ക് ടെയ്‌ലറും മൈക്കൽ സ്ലേറ്ററും ചേർന്ന് 1994–95ൽ പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ നേടിയ 176 റൺസാണ് ഏഷ്യയിൽ ഓസീസ് താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ട്. യുഎഇയിലെ മൽസരത്തിൽ പാക്കിസ്ഥാൻ ആദ്യ വിക്കറ്റിനായി 50 ഓവറിലധികം കാത്തിരിക്കേണ്ടി വരുന്നതും ഇതാദ്യം.

∙ പാക്കിസ്ഥാനെതിരെ ഓസീസ് നേടിയ ആകെ റൺസിൽ 72.77 ശതമാനവും ഓപ്പണർമാരുടെ സംഭാവനയാണ്. ഇക്കാര്യത്തിൽ എട്ടാം സ്ഥാനത്താണ് ഫിഞ്ചും ഖവാജയും. 2014ൽ പോർട്ട് എലിസബത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 216 റൺസിൽ 173 റൺസും ഓപ്പണർമാരുടെ സംഭാവനയായിരുന്നു. അതായത് മൊത്തം റൺസിന്റെ 80.09 ശതമാനം. ഇതാണ് ലോക റെക്കോർഡ്.

related stories