Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിച്ചത് 10 ഏകദിനങ്ങൾ മാത്രം; എന്നിട്ടും കോഹ്‍ലിയുടെ വർഷമാണ് 2018!

kohli-century-vs-wi

മുംബൈ∙ ഈ കലണ്ടർ വർഷത്തിൽ (2018) ഏകദിന ഫോർമാറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോളം വിശ്രമം അനുവദിക്കപ്പെട്ട മറ്റൊരു താരമുണ്ടോ എന്നു സംശയമാണ്. ഏഷ്യാകപ്പിലും ശ്രീലങ്കയും ബംഗ്ലദേശും ഉൾപ്പെട്ട നിദാഹാസ് ട്രോഫിയിലുമെല്ലാം സിലക്ടർമാർ കോഹ്‍ലിക്കു വിശ്രമം അനുവദിച്ചതോടെ ഈ വർഷം ഏകദിനത്തിൽ കോഹ്‍ലി ആകെ കളിച്ചത് 10 ഏകദിനങ്ങളിൽ മാത്രമാണ്. ഇംഗ്ലണ്ട് താരങ്ങൾ 20–23 മൽസരങ്ങൾ കളിച്ച സ്ഥാനത്താണിത്. എന്നിട്ടും ഏകദിന ഫോർമാറ്റിൽ ഇതു കോഹ്‍ലിയുടെ വർഷമായി വിലയിരുത്തണമെങ്കിൽ അയാളുടെ പ്രതിഭ എത്രത്തോളമായിരിക്കും!

നിലവിൽ 10 മൽസരങ്ങളിൽനിന്ന് 889 റൺസുമായി ഈ വർഷത്തെ ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്താണ് കോഹ്‍ലി. 127 ആണ് കോഹ്‍ലിയുടെ ശരാശരി. 111 റൺസ് കൂടി നേടിയാൽ ഈ കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ 1000 റൺസ് തികയ്ക്കാനും കോഹ്‍ലിക്ക് അവസരമുണ്ട്. ചെറുടീമുകൾക്കെതിരായ മൽസരങ്ങളിൽ മിക്കപ്പോഴും വിശ്രമം അനുവദിക്കപ്പെട്ട കോഹ്‍ലി ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വമ്പർമാർക്കെതിരെ അവരുടെ നാട്ടിലാണ് കൂടുതൽ മൽസരങ്ങൾ കളിച്ചതെന്നതും ശ്രദ്ധേയം.

22 മൽസരങ്ങളിൽനിന്ന് 46.59 റൺസ് ശരാശരിയിൽ 1025 റൺസുമായി ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയാണ് ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളതും ഇംഗ്ലണ്ടുകാർ തന്നെ. ഈ വർഷം ഇരുപതിലധികം മൽസരങ്ങൾ കളിച്ചതിന്റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് താരങ്ങൾ പട്ടികയിൽ തലപ്പത്തു നിൽക്കുന്നതെന്നു വ്യക്തം. 23 മൽസരങ്ങളിൽനിന്ന് 62.40 റൺസ് ശരാശരിയിൽ 936 റൺസാണ് ജോ റൂട്ടിന്റെ സമ്പാദ്യം. കോഹ്‍ലിയേക്കാൾ 13 മൽസരങ്ങൾ കൂടുതൽ കളിച്ചിട്ടും അധികം നേടാനായത് 47 റൺസ് മാത്രം! ജേസൺ റോയി 21 മൽസരങ്ങളിൽനിന്ന് 42.38 റൺസ് ശരാശരിയിൽ നേടിയത് 890 റൺസ്. 11 മൽസരങ്ങൾ അധികം കളിച്ച് കൂടുതലായി നേടിയത് ഒരേയൊരു റൺ!

ബാറ്റിങ് ശരാശരിയുടെ കാര്യത്തിൽ ഇംഗ്ലണ്ടിന്റെ മൂവർ സംഘത്തേക്കാൾ ബഹുദൂരം മുന്നിലാണ് കോഹ്‍ലി. ഇതുവരെ കളിച്ച 10 മൽസരങ്ങളിൽനിന്ന് നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമാണ് കോഹ്‍ലി അടിച്ചുകൂട്ടിയത്. വിൻഡീസിനെതിരായ പരമ്പരയിൽ നാലു മൽസരങ്ങൾ കൂടി അവശേഷിക്കെ ഈ കലണ്ടർ വർഷത്തിൽ നേടിയ റൺസിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് താരങ്ങളെ ഇന്ത്യൻ ക്യാപ്റ്റൻ മറികടന്നാലും അദ്ഭുതപ്പെടാനില്ല.

ഈ വർഷം കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്‍ലിക്കു പിന്നിലുള്ള രണ്ടു താരങ്ങളും ഇന്ത്യക്കാരാണ്. 15 മൽസരങ്ങളിൽനിന്ന് 72.09 റൺസ് ശരാശരിയിൽ 793 റൺസുമായി രോഹിത് ശർമ തൊട്ടുപിന്നിലുണ്ട്. അത്രതന്നെ മൽസരങ്ങളിൽനിന്ന് 56.35 റൺസ് ശരാശരിയിൽ 789 റൺസുമായി ശിഖർ ധവാൻ അതിനും പിന്നിൽ. വിൻഡീസിനെതിരായ പരമ്പരയോടെ ഇംഗ്ലണ്ടിന്റെ മൂവർസംഘത്തെ പിന്നിലാക്കി മുന്നിൽക്കയറാൻ ഇന്ത്യയുടെ മൂവർസംഘത്തിന് അവസരമുണ്ടെന്നു ചുരുക്കം. ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി (നാല്) നേടിയ രണ്ടു താരങ്ങൾ കോഹ്‍‌ലിയും രോഹിതുമാണ്. യഥാക്രമം 10, 15 മൽസരങ്ങൾ കളിച്ച ഇവർക്കൊപ്പം നാലു സെഞ്ചുറികൾ നേടിയ ബെയർസ്റ്റോയ്ക്ക് അതിനു വേണ്ടിവന്നത് 22 മൽസരങ്ങൾ.

മാത്രമല്ല, ഏകദിനത്തിൽ 10,000 റൺസ് ക്ലബ്ബിൽ ഇടം നേടാനും കോഹ്‍ലിക്ക് ഇനി നൂറിൽത്താഴെ റൺസ് മതി. ഇതുവരെ 212 ഏകദിനങ്ങൾ (204 ഇന്നിങ്സ്) കളിച്ച കോ‍ഹ്‍ലി 58.69 റൺസ് ശരാശരിയിൽ 9919 റൺസാണ് നേടിയിട്ടുള്ളത്. 10,000 റൺസ് തികയ്ക്കാൻ വേണ്ടത് 81 റൺസ് കൂടി മാത്രം. ഇതോടെ ഏറ്റവും വേഗത്തിൽ 10,000 റൺസ് ക്ലബ്ബിലെത്തുന്ന താരമായി കോഹ്‍ലി മാറും. മറികടക്കുക സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനെ!

ഏകദിനത്തിലെ സെഞ്ചുറിയെണ്ണത്തിലും സച്ചിനു ഭീഷണി സൃഷ്ടിച്ചു മുന്നേറുകയാണ് കോ‍ഹ്‍ലി. അവസാനം കളിച്ച നാല് ഏകദിനങ്ങളിൽ മൂന്നിലും സെഞ്ചുറി നേടിയ കോഹ്‍ലിയുടെ ആകെ സെഞ്ചുറിനേട്ടം 36 ആയി ഉയർന്നുകഴിഞ്ഞു. 49 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടം അധികം വൈകാതെ കോഹ‍്‌ലി മറികടക്കാനാണ് സാധ്യത.

related stories