Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ നോട്ടം ഭാവിയില്‍, പൊള്ളാർഡ് പൊള്ളിക്കുമോ?; വിൻഡീസിനെതിരായ ആദ്യ ട്വന്റി20 ഇന്ന്

rohith-sharma-practice-session ഡബിളാ....: ഇന്ത്യൻ ട്വന്റി20 ടീം നായകൻ രോഹിത് ശർമ ഇന്നലെ കൊൽക്കത്തയിൽ പരിശീലനത്തിനിടെ.

കൊൽക്കത്ത∙ യുവനിരയിൽ പ്രതീക്ഷവച്ച് ഇന്ത്യ; മാച്ച് വിന്നർമാരുടെ പരിചയ സമ്പത്തുമായി വിൻഡീസ്. ഇന്ന് ആരംഭിക്കുന്ന മൂന്നു കളികളുടെ ട്വന്റി20 പരമ്പര ആവേശമാകാൻ ഈ ഘടകങ്ങൾ ധാരാളം. ടെസ്റ്റ്, ഏകദിന പരമ്പരകളിലെ വിജയം ആവർത്തിക്കാമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. എന്നാൽ, കീറോൺ പൊള്ളാർഡ്, കാർലോസ് ബ്രാത്ത്‌വൈറ്റ് തുടങ്ങിയവരുടെ തലയെടുപ്പ് ട്വന്റി20 ലോകചാംപ്യൻമാരായ വിൻഡീസ് നിരയിലുണ്ട്. ഇവർ ഫോമിലായാൽ കളി മാറും.

യുവനിര തകർക്കുമോ?

ടീമിലെ വെറ്ററൻ താരവും കൂൾ താരവുമായ എം.എസ്. ധോണി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്‌ലിക്കു ബിസിസിഐ വിശ്രമം അനുവദിച്ചതിതോടെ ‘ഹിറ്റ്മാൻ’ രോഹിത് ശർമ വീണ്ടും ക്യാപ്റ്റനായി. യുവതാരങ്ങളെ കൂടുതലായി ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ നോട്ടം ഭാവിയിലേക്കെന്നു വ്യക്തം. ശിഖർ ധവാൻ, രോഹിത് ശർമ എന്നിവർ മാത്രമാണു മെച്ചപ്പെട്ട രാജ്യാന്തര മൽസരപരിചയമുള്ളവർ.

ബാറ്റിങിൽ പിഴച്ചാൽ ബോളിങിൽ പിടിക്കാം എന്നതാകും ഇന്ത്യൻ തന്ത്രം. ട്വന്റി20യിലെ രണ്ടാം റാങ്കുകാരനായ ജസ്പ്രീത് ബുമ്രയും ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ഭുവനേശ്വറും ഉൾപ്പെടുന്ന ബോളിങ് നിരയ്ക്ക് ചാഹലിന്റെയും വാഷിങ്ടൻ സുന്ദറിന്റെയും സ്പിൻ വൈവിധ്യം കരുത്തു പകരും. ക്രുനാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, ഷഹ്ബാസ് നദീം തുടങ്ങിയവരാണു ടീമിലെ പുതുമുഖങ്ങൾ.

വീഴ്ത്താൻ വിൻഡീസ്

ഏകദിന പരമ്പരകൊണ്ടുതന്നെ പിഞ്ച് ഹിറ്റർ പേരു നേടിയെടുത്ത ഷിമ്രോൺ ഹെറ്റ്മിയറിനൊപ്പം പൊള്ളാർഡ്, ബ്രാത്ത്‌വൈറ്റ്, എന്നിവർ ചേരുന്ന ബാറ്റിങ് നിരയാണു വിൻഡീസിന്റെ കരുത്ത്. ദീർഘകാലമായി ഐപിഎൽ കളിക്കുന്ന പൊള്ളാർഡിന് ഇന്ത്യൻ പിച്ചുകളെ നന്നായറിയാം. എന്നാൽ, ടീമിലുൾപ്പെട്ടിരുന്നെങ്കിലും പരിശീലന സമയം വരെ ഇന്ത്യയിലെത്താത്ത ആന്ദ്രെ റസ്സൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ല.

വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലിനെയും സൂപ്പർ സ്പിന്നർ സുനിൽ നരെയ്നെയും പരമ്പരയ്ക്ക് എത്തിക്കാൻ വിൻഡീസ് അധികൃതർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ദുർബലമായ ബോളിങ് നിരയാണു വിൻഡീസിന്റെ തലവേദന.
 

related stories