Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡിട്ട് സക്സേന (സെഞ്ചുറി, എട്ടു വിക്കറ്റ്); വിജയവഴിയിൽ കേരളം

saxena-batting ജലജ് സക്സേന (വലത്) ആന്ധ്രയ്ക്കെതിരായ മൽസരത്തിനിടെ.

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് 9 വിക്കറ്റിന്റെ മിന്നുന്ന ജയം. ആന്ധ്രയെ രണ്ടാം ഇന്നിങ്സിൽ 115 റൺസിനു പുറത്താക്കി 43 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 13 ഓവറിൽ വിജയത്തിലെത്തി. രണ്ട് ഇന്നിങ്സുകളിലായി 152 റൺസും 9 വിക്കറ്റുകളും സ്വന്തമാക്കിയ ഓൾ റൗണ്ടർ ജലജ് സക്സേനയാണ് കളിയിലെ താരം.

സ്കോർ ആന്ധ്ര 254, 115. കേരളം- 328, 43/1.

കളിയുടെ അവസാനദിവസമായ ഇന്നലെ 8 വിക്കറ്റിനു 102 റൺസ് എന്ന നിലയിൽ കളി തുടങ്ങിയ ആന്ധ്ര എത്ര നേരം പിടിച്ചുനിൽക്കും എന്നതായിരുന്നു ചോദ്യം. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ റിക്കി ഭുയിയിലായിരുന്നു അവരുടെ പ്രതീക്ഷയത്രയും. 32 റൺസെടുത്ത റിക്കിയെ കളി തുടങ്ങി അധികം വൈകാതെ കെ.സി.അക്ഷയ് വീഴ്ത്തി. മനീഷ് ഗോലമാരുവിനെ വീഴ്ത്തി ജലജ് ആന്ധ്രയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. ജലജിന്റെ എട്ടാമത്തെ വിക്കറ്റ്. രണ്ടു വിക്കറ്റുകൾ കെ.സി.അക്ഷയ് സ്വന്തമാക്കി.

43 റൺസ് വിജയലക്ഷ്യത്തിലേക്കു പതറാതെ ബാറ്റ് വീശിയ കേരളത്തിന് അരുൺ കാർത്തിക്കിന്റെ (16) വിക്കറ്റ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ. ജലജ് (19), റോഹൻ പ്രേം (8) എന്നിവർ ചേർന്നാണു കേരളത്തെ വിജയത്തിലെത്തിച്ചത്.

രഞ്ജി ട്രോഫിയിൽ ആന്ധ്രക്കെതിരെ കേരളത്തിന്റെ 14–ാം വിജയമാണിത്. 2011- 12 സീസണിലാണ് കേരളം ആന്ധ്രയെ അവസാനം പരാജയപ്പെടുത്തിയത്. കേരളത്തിന് രണ്ടു കളികളിൽ നിന്ന് 7 പോയിന്റായി. ബംഗാളുമായി 20ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവിലുള്ള കളിക്കാർക്കു പുറമെ ഓൾ റൗണ്ടർ വിനോദ്കുമാറിനെ അടുത്ത മത്സരത്തിനായി ടീമിൽ ഉൾപ്പെടുത്തി.

∙ ഒരു നിമിഷത്തെ പിഴവ്, നഷ്ടം ഒരു പോയിന്റ്

ഓപ്പണർ അരുൺ കാർത്തിക്കിന് ഒരു നിമിഷം പിഴച്ചപ്പോൾ കേരളത്തിനു നഷ്ടമായതു വിലപ്പെട്ട ഒരു പോയിന്റ്. 10 വിക്കറ്റിനു ജയിച്ചിരുന്നെങ്കിൽ കേരളത്തിന് ബോണസ് ഉൾപ്പെടെ 7 പോയിന്റ് ലഭിക്കുമായിരുന്നു. എട്ടാം ഓവറിൽ സ്കോർ 25ൽ നിൽക്കെയാണ് അരുൺ ബോൾഡ് ആയത്. ശക്തരായ ടീമുകൾ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പിലാണ് കേരളം. അടുത്ത റൗണ്ടിലേയ്ക്കു കടക്കാൻ ഓരോ പോയിന്റും നിർണായകമാകും.

∙ റെക്കോർഡ് ബുക്കിൽ സക്സേന

ഒരു ഫസ്റ്റ് ക്ലാസ് മൽസരത്തിൽ സെഞ്ചുറിയും എട്ടു വിക്കറ്റും ജലജ് സക്സേന കരസ്ഥമാക്കുന്നത് ഇത് രണ്ടാം തവണ. രണ്ടു വട്ടം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് സക്സേന. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡബ്ലിയുജി ഗ്രേസ് മൂന്നു തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ 5000 റൺസും 200 വിക്കറ്റും തികയ്ക്കുന്ന ഏഴാമത്തെ കളിക്കാരനാണ് സക്സേന. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരവും സക്സേന തന്നെ.