Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജി ട്രോഫിയിൽ ബിസിസിഐ നിയന്ത്രണം ‘ലംഘിച്ച്’ ഷമി

shami-bowling-vs-kerala കേരളത്തിനെതിരെ ഷമിയുടെ ബോളിങ്.

കൊൽക്കത്ത∙ ഒരു ഇന്നിങ്സിൽ പരമാവധി 15 ഓവർ മാത്രമേ ബോൾ ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് കേരളത്തിനെതിരെ രഞ്ജി ട്രോഫി കളിക്കാൻ ദേശീയ ടീമംഗം മുഹമ്മദ് ഷമിയെ ബിസിസിഐ അനുവദിച്ചതെങ്കിലും, ബംഗാളിനായി ഷമി എറിഞ്ഞത് 26 ഓവർ! ഒരു സ്പെല്ലിൽ മൂന്ന് ഓവറുകൾ വീതം 15 ഓവർ മാത്രമേ ബോൾ ചെയ്യാവൂ എന്നായിരുന്നു കേരളത്തിനെതിരായ രഞ്ജി മൽസരത്തിന് ഇറങ്ങുമ്പോൾ ഷമിക്കു ബിസിസിഐ നൽകിയ നിർദ്ദേശം. എന്നാൽ, അഞ്ച് ഓവർ വരെ ഒരു സ്പെല്ലിൽ ബോൾ ചെയ്ത ഷമി, മൽസരത്തിലാകെ 26 ഓവർ ബോൾ ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ, കായികക്ഷമത നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരമാവധി 15 ഓവറുകൾ മാത്രമേ ഒരു ഇന്നിങ്സിൽ എറിയാവൂ എന്ന് ബിസിസിഐ ഷമിക്കു മുന്നിൽ നിർദ്ദേശം വച്ചത്. ഈ നിയന്ത്രണം അംഗീകരിച്ച ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഷമിയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ, കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ വെറും 147 റൺസിനു പുറത്തായ ബംഗാൾ ബോളിങ്ങിലും പിന്നാക്കം പോയതോടെയാണ് ഷമി കൂടുതൽ ഓവറുകൾ എറിഞ്ഞത്. ഇത് തന്റെ മാത്രം വ്യക്തിപരമായ തീരുമാനമാണെന്ന് ഷമി പിന്നീടു പ്രതികരിക്കുകയും ചെയ്തു.

‘സ്വന്തം സംസ്ഥാനത്തിനായി ഒരു മൽസരം കളിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ്. അതിനാലാണ് ഞാൻ കൂടുതൽ ഓവറുകൾ എറിഞ്ഞത്. ബോൾ ചെയ്യുമ്പോൾ എനിക്കു യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. മാത്രമല്ല, പിച്ചും വളരെ അനുകൂലമായിരുന്നു. അതുകൊണ്ടാണ് സ്വന്തം നിലയ്ക്ക് കൂടുതൽ ഓവറുകൾ ബോൾ ചെയ്യാൻ ഞാൻ തീരുമാനിച്ചത്’ – ഷമി പറഞ്ഞു.

മറ്റെവിടെയെങ്കിലും പോയി പരിശീലനത്തിന് ബോൾ ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം സംസ്ഥാനത്തിനും ടീമിനുമായി ബോൾ ചെയ്യുന്നതല്ലേയെന്നും ഷമി ചോദിച്ചു. ഇവിടെ കൂടുതൽ ബോൾ ചെയ്യുന്നത് ഓസ്ട്രേലിയയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുകയേ ഉള്ളൂവെന്നും ഷമി അഭിപ്രായപ്പെട്ടു. ഈ വർഷം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഷമി.

നിയന്ത്രണങ്ങളോടെയാണ് കളിക്കാന്‍ ഇറങ്ങിയതെങ്കിലും മൽസരത്തിൽ ബംഗാളിനായി ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്തത് ഷമിയാണ്. മൽസരത്തിലാകെ 26 ഓവറുകൾ ബോൾ ചെയ്ത ഷമി മൂന്നു മെയ്ഡൻ ഓവറുകൾ സഹിതം 100 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് പിഴുതിരുന്നു. അതേസമയം, മൂന്നു വിക്കറ്റെടുത്തെങ്കിലും ബംഗാൾ ബോളർമാരിൽ ഏറ്റവും കൂടുതൽ പ്രഹരമേറ്റു വാങ്ങിയത് ഷമിയാണ്. ഓവറിൽ ശരാശരി 3.85 റൺസാണ് ഷമി വിട്ടുകൊടുത്തത്. കേരളം നേടിയ രണ്ടു സിക്സുകളും ഷമിയുടെ ഓവറിലായിരുന്നു. വൃട്ടിക് ചാറ്റർഡി ഓവറിൽ ശരാശരി അഞ്ചു റൺസ് വിട്ടുകൊടുത്തെങ്കിലും ആകെ ബോൾ ചെയ്തത് രണ്ട് ഓവർ മാത്രം.

കേരളത്തിന്റെ സ്കോർ ഒന്നിൽ നിൽക്കെ ഓപ്പണർ അരുൺ കാർത്തിക്കിനെ പുറത്താക്കിയ ഷമി ബംഗാളിന് മികച്ച തുടക്കം സമ്മാനിച്ചതാണ്. പിന്നീട് അപകടകാരിയായ സഞ്ജു സാംസണെ ‘സംപൂജ്യ’നാക്കിയും ക്യാപ്റ്റൻ സച്ചിൻ ബേബിയെ 23 റൺസിൽ പുറത്താക്കിയും ബംഗാളിന് നിർണായക ബ്രേക്ക് ത്രൂവും സമ്മാനിച്ചു.

കേരളത്തിനായി സെഞ്ചുറി നേടിയ ജലജ് സക്സേനയെയും പിന്നീട് കേരളത്തിന്റെ വാലറ്റവും തുടച്ചുനീക്കിയ ഇരുപതുകാരൻ ഇഷാൻ പോറെലാണ് ബംഗാളിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. നാലു വിക്കറ്റാണ് പോറെൽ വീഴ്ത്തിയത്. ഐപിഎല്ലിലൂടെ ശ്രദ്ധേയനായ അശോക് ഡിൻഡ 19 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അതേസമയം, ബംഗാളിന്റെ 147 റൺസിനെതിരെ 291 റൺസെടുത്ത കേരളം, 144 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടുകയും ചെയ്തു.

related stories