Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യൂസ്, ഓർമകളിൽ നീ ഇന്നും 63 നോട്ടൗട്ട്; ആ കണ്ണീരോർമയ്ക്ക് നാലു വയസ്സ്

phil-hughes ഫിൽ ഹ്യൂഗ്സ്

ക്രിക്കറ്റ് എന്ന സ്വപ്‌നം പാതിവഴിയിലാക്കി 25–ാം വയസ്സിൽ മൺമറഞ്ഞ ഫിൽ ഹ്യൂസ് എന്ന ഓസ്ട്രേലിയൻ യുവതാരത്തെ കായിക ലോകത്തിനു മറക്കാനാകുമോ? ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് മൽസരത്തിനിടെ ബൗൺസർ തലയിൽ പതിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ഫിൽ ഹ്യൂസ്, ഒരു തീരാവേദനയായി വേട്ടയാടാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകുമോ? വിടരും മുൻപേ വാടിക്കൊഴിഞ്ഞുപോയ ഹ്യൂസിന്റെ അനശ്വരമായ ഓർമകൾക്ക് ഇന്ന് നാലു വയസ്സ്. ഓസ്‌ട്രേലിയയെയും കായിക ലോകത്തെയും കണ്ണീരിലാഴ്ത്തി ഫിൽ ഹ്യൂസ് മൺമറഞ്ഞിട്ട് നാലു വർഷം പൂർത്തിയാവുകയാണ്.

കളിക്കിടെ ബൗൺസർ തലയിൽ പതിച്ചായിരുന്നു ഹ്യൂസിന്റെ ദാരുണാന്ത്യം. 2014 നവംബർ 25ന് ആഭ്യന്തര മൽസരത്തിനിടെ ബൗൺസർ തലയുടെ പിന്നിലേറ്റുവീണ ഹ്യൂസിന് അടിയന്തര ശസ്‌ത്രക്രിയ നടത്തിയിട്ടും ബോധം തിരിച്ചുകിട്ടിയില്ല. സിഡ്‌നിയിൽ, ഷെഫീൽഡ് ഷീൽഡ് മൽസരത്തിൽ എതിർതാരം സീൻ ആബട്ടിന്റെ പന്ത് അടിച്ചകറ്റാനുള്ള ശ്രമമാണ് ക്രിക്കറ്റിൽ മിന്നിത്തുടങ്ങിയ യുവതാരത്തിന്റെ ജീവനെടുത്തത്. 26–ാം ജന്മദിനത്തിനു മൂന്നുനാൾ ബാക്കിനിൽക്കെ 2014 നവംബർ 27നായിരുന്നു ഹ്യൂസിന്റെ വിടവാങ്ങൽ.

മരണം വിളിക്കുമ്പോൾ പ്രായം വെറും 25 ആയിരുന്നു ഹ്യൂസിന്. ക്രിക്കറ്റിൽ ഉദിച്ചതേയുണ്ടായിരുന്നുള്ളു ഹ്യൂസ്. അസ്‌തമയം പക്ഷേ, അതിവേഗമായി. 26 ടെസ്‌റ്റുകളിലാണ് ഹ്യൂസ് ഓസ്‌ട്രേലിയയ്‌ക്കായി പാഡണിഞ്ഞത്. മൂന്നു സെഞ്ചുറികളും ഏഴ് അർധസെഞ്ചുറികളും. 32.65 ശരാശരിയിൽ 1535 റൺസ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനസ് ബർഗിൽ 2009 ഫെബ്രുവരി 26നായിരുന്നു അരങ്ങേറ്റം. ഏകദിനത്തിൽ അരങ്ങേറിയത് 2013 വർഷം ജനുവരി 11ന്. ശ്രീലങ്കയ്‌ക്കെതിരെ 112 റൺസെടുത്ത് അരങ്ങേറ്റ ഏകദിന സെഞ്ചുറി നേടിയ ആദ്യ ഓസീസ് താരമായ ഹ്യൂസ് അന്ന് മാൻ ഓഫ് ദ് മാച്ചുമായി. 25 ഏകദിനങ്ങളിലാണ് കളിച്ചത്.

hughes-1

ആദ്യ ഏകദിനത്തിൽതന്നെ സെഞ്ചുറി നേടിയ ഏക ഓസ്‌ട്രേലിയൻ താരമെന്ന നേട്ടത്തോടെ പിച്ചിൽ വലതുകാൽ വച്ചെത്തിയ ഹ്യൂസ് അതേ പിച്ചിൽനിന്ന് തീരാവേദനയായി വിടപറഞ്ഞു. ന്യൂ സൗത്ത് വെയിൽസിനെതിരെ 63 റൺസെടുത്തുനിൽക്കെയാണ് സൗത്ത് ഓസ്‌ട്രേലിയൻ താരമായ ഹ്യൂസിന്റെ ഹെൽമറ്റിനടിയിലൂടെ ബൗൺസർ തലയിൽ കൊണ്ടത്. ടെസ്റ്റ് മത്സരത്തിന്റെ ഹ്യൂസിന്റെ അവസാന സ്‌കോര്‍ 63 റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നതിന് പകരം 63 നോട്ടൗട്ട് എന്നാണ് നല്‍കിയിരിക്കുന്നത്. ഏകദിനത്തില്‍ ഹ്യൂസിന്റെ ജേഴ്സി നമ്പറായിരുന്ന 64 പിന്നീട് ആര്‍ക്കും നല്‍കിയിട്ടില്ല. അത് ഹ്യൂസിന്റെ സ്മരണയ്ക്കായി നിലനിർത്തിയിരിക്കുന്നു.

ഓസ്‌ട്രേലിയയുടെ ദേശീയ ദുഃഖം എന്നതിലുപരി കായിക ലോകത്തിനാകെ കണ്ണീരായ് മാറിയ ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെപ്പേരാണ് പങ്കെടുത്തത്. ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ മൈക്കൽ ക്ലാർക്കായിരുന്നു ശവമഞ്ചമേന്തിയവരിൽ ഒരാൾ. സംസ്കാര ചടങ്ങിൽ കണ്ണീരോടെ നിന്ന ക്ലാർക്കും ആരാധകരിൽ സൃഷ്ടിച്ച നൊമ്പരം ചെറുതല്ല. 

hughes-2

‘‘ഹ്യൂസ് ഇപ്പോഴും എന്റെ കൂടെയുണ്ടെന്നൊരു തോന്നൽ. ഒരു ഫോൺകാൾ, വാതിലിനപ്പുറം അദ്ദേഹത്തിന്റെ ഒരു തലവെട്ടം..ഇതിനാണോ ആത്മാവ് എന്നു പറയുന്നത്. എങ്കിൽ അദ്ദേഹം എന്നെ വിട്ടുപിരിയുമെന്നു തോന്നുന്നില്ല...’’ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ക്ലാർക്ക് പറഞ്ഞു. ഹ്യൂസ് വിടപറഞ്ഞതിന്റെ നാലാം വാർഷികമായ ഇന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ക്ലാർക്ക് എഴുതി: ‘ഹ്യൂസ്, നിന്നെ ഞാൻ വീണ്ടും കാണും’.

മരണകാരണം 

ഫിൽ ഹ്യൂസിന്റെ തലയിൽ പന്ത് കൊണ്ടത് തലച്ചോറിലേക്കുള്ള രക്‌തധമനി (വെർട്ടിബ്രൽ ആർട്ടറി) കടന്നു പോകുന്ന ചെവിയ്‌ക്കു പിന്നിലുള്ള ഭാഗത്ത്.തലച്ചോറിലേക്കുള്ള ഓക്‌സിജനും നൽകുന്നത് ഇതേ ധമനി തന്നെ. ആഘാതം അതിശക്‌തമായതിനാൽ (പന്ത് 135 കി.മി മണിക്കൂർ വേഗത്തിൽ)ധമനി തലയോട്ടിയോടു ചേർന്നമർന്ന് പൊട്ടിപ്പോയി. ധമനിയിൽ നിന്നുള്ള രക്‌തം തലച്ചോറിലേക്കു പ്രവഹിച്ചു. ഓക്‌സിജൻ തടസ്സപ്പെടുകയും തലച്ചോറിലെ മർദ്ദം വർധിക്കുകയും ചെയ്‌തു. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ഡോക്‌ടർമാർ ആദ്യം ചെയ്‌തത് തലച്ചോറിലെ മർദ്ദം കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയ. തലയോട്ടിയിൽ ദ്വാരമിട്ടതിനു ശേഷം രക്‌തം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും രക്‌തപ്രവാഹം നിലച്ചില്ല. മസ്‌തിഷ്‌കമരണം സംഭവിച്ചതിനാൽ ഹ്യൂസ് മരണപ്പെട്ടെന്ന് ഡോക്‌ടർമാരുടെ സ്‌ഥിരീകരണം. 

warner-hughes-memory
hughes-accident-1
hughes-accident-2
clarke-hughes-1
clarke-hughes
related stories