Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോൽവി‘ത്തുമ്പ’ത്തു നിന്നു തിരിച്ചടിച്ച് കേരളം ലീഡിൽ; സച്ചിനും വിഷ്ണുവിനും സെഞ്ചുറി

sachin-baby-batting സെഞ്ചുറി നേടിയ സച്ചിൻ ബേബി.

തിരുവനന്തപുരം∙ മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കൂട്ടത്തകർച്ചയിൽനിന്നും കേരളത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. ഒന്നാം ഇന്നിങ്സിൽ 265 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങുകയും പിന്നീടു നാലു വിക്കറ്റിന് എട്ടു റൺസ് എന്ന നിലയിൽ തകരുകയും ചെയ്ത കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് സ്കോർ 400 റൺസിനു തൊട്ടടുത്ത്! ക്യാപ്റ്റൻ സച്ചിൻ ബേബി, വിനോദ് വിഷ്ണു എന്നിവരുടെ സെഞ്ചുറി പ്രകടനങ്ങളാണ് കേരളത്തിന് തുണയായത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 102 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എന്ന നിലയിലാണ് കേരളം. കേരളത്തിന് ഇപ്പോൾ 125 റൺസിന്റെ ലീഡുണ്ട്.

രഞ്ജിയിലെ കന്നി സെഞ്ചുറി നേടിയ വിഷ്ണു വിനോദ് 155 റൺസോടെയും ബേസിൽ തമ്പി 30 റൺസോടെയു ക്രീസിലുണ്ട്. സച്ചിൻ 143 റൺസെടുത്തു പുറത്തായി. 211 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് സച്ചിൻ 143 റൺസെടുത്തത്. ഇതുവരെ 226 പന്തുകൾ നേരിട്ട വിഷ്ണു, 18 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 155 റൺസെടുത്തത്. ബേസിൽ തമ്പി 49 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 30 റൺസെടുത്തു.

∙ കേരളത്തെ കാത്ത് സച്ചിൻ, വിഷ്ണു

ഏഴാം വിക്കറ്റിൽ സച്ചിൻ ബേബി–വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേർത്ത 199 റൺസ് കൂട്ടുകെട്ടാണ് മൽസരത്തിൽ കേരളത്തിന്റെ സാധ്യതകൾ നിലനിർത്തിയത്. അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബി–വി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേർത്ത 72 റൺസ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു. പിരിയാത്ത ഒൻപതാം വിക്കറ്റിൽ വിഷ്ണു വിനോദ്–ബേസിൽ തമ്പി സഖ്യം കൂട്ടിച്ചേർത്ത 70 റൺസ്, തോൽവിത്തുമ്പത്തുനിന്ന് കേരളത്തെ വിജയപ്രതീക്ഷകളിലേക്കു നയിക്കുകയും ചെയ്തു. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ പരമാവധി റൺസിന്റെ ലീഡു നേടി മധ്യപ്രദേശിനെ എറിഞ്ഞുവീഴ്ത്താനാകും കേരളത്തിന്റെ ശ്രമം.

അപ്രതീക്ഷിത തകർച്ചയിൽനിന്നുള്ള കേരളത്തിന്റെ അവിശ്വസനീയ തിരിച്ചുവരവിന് നന്ദി പറയേണ്ടത് ക്യാപ്റ്റൻ സച്ചിൻ ബേബിയോടാണ്. സച്ചിന് ഏറ്റവും ഉറച്ച കൂട്ടായി കൂട്ടുനിന്ന വിഷ്ണു വിനോദിനോടും. സ്കോർ ബോർഡിൽ 100 റൺസ് മാത്രമുള്ളപ്പോൾ വിശ്വസ്തനായ സഞ്ജു സാംസൺ റണ്ണൗട്ടായതോടെയാണ് ഇരുവരും ക്രീസിൽ ഒരുമിക്കുന്നത്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പോലും ആ സമയത്തു വേണ്ടിയിരുന്നത് 165 റൺസ്. എന്നാൽ പതുക്കെ പോരാട്ടം മധ്യപ്രദേശ് ക്യാംപിലേക്കു നയിച്ച ഇരുവരും കേരളത്തെ കരകയറ്റി.

∙ കേരളത്തിന് നല്ല ദിനം, മൂന്നാം ദിനം

നാലിന് 37 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച കേരളത്തിനായി സച്ചിൻ–ജഗദീഷ് സഖ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഈ സഖ്യം പൊളിച്ചത് മുൻ ഇന്ത്യൻ താരം നരേന്ദ്ര ഹിർവാനിയുടെ മകൻ മിഹിർ ഹിർവാനി. 57 പന്തിൽ രണ്ടു ബൗണ്ടറികളോടെ 26 റൺസെടുത്ത ജഗദീഷിനെ ഹിര്‍വാനി വിക്കറ്റ് കീപ്പർ നമാൻ ഓജയുടെ കൈകളിലെത്തിച്ചു.

അടുത്തതായി ക്രീസിലെത്തിയ സഞ്ജു സാംസൺ സിക്സറോടെ തുടക്കമിട്ടെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. 18 പന്തിൽ ഒരു സിക്സും രണ്ടു ബൗണ്ടറിയും സഹിതം 19 റൺസെടുത്ത സഞ്ജു ശുഭം ശർമയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. ഇതോടെ ആറിന് 100 റൺസെന്ന നിലയിലേക്കു വഴുതിയ കേരളം ഇന്നിങ്സ് തോൽവിയുടെ വക്കത്തെത്തി. എന്നാൽ, പിരിയാത്ത ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദിനൊപ്പം പോരാട്ടം മുന്നോട്ടുനയിച്ച സച്ചിൻ കേരളത്തിനു പ്രതീക്ഷ സമ്മാനിച്ചു.

30.4 ഓവറിൽ കേരളം 100 കടന്നു. 85 പന്തുകളിൽനിന്ന് സച്ചിൻ ബേബിയാണ് ആദ്യം അർധസെഞ്ചുറി പൂർത്തിയാക്കിയത്.ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയിലായിരുന്നു കേരളം. 49.5 ഓവറിൽ കേരവം 200 കടന്നു. അധികം വൈകാതെ വിഷ്ണു വിനോദും അർധസെഞ്ചുറി പൂർത്തിയാക്കി. 63 പന്തുകളിൽനിന്നാണ് വിഷ്ണു 50 കടന്നത്. കേരളത്തിന്റെ പോരാട്ടത്തിന് പുതിയമുഖം സമ്മാനിച്ച് 141 പന്തിൽ ക്യാപ്റ്റൻ സച്ചിൻ ബേബി സെഞ്ചുറി തൊട്ടു.

ഇവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇരട്ടസെഞ്ചുറി പൂർത്തിയാക്കുന്നതിന് ഒരു റൺ മാത്രം മുൻപ് സച്ചിൻ ബേബി പുറത്തായി. 211 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 143 റണ്‍സെടുത്ത സച്ചിനെ സാരാൻഷ് ജെയിനിന്റെ പന്തിൽ കാർത്തികേയ സിങ് ക്യാച്ചെടുത്തു പുറത്താക്കി. തുടർന്നെത്തിയ കെ.സി. അക്ഷയിനെ കൂട്ടുപിടിച്ച് 77.3 ഓവറിൽ വിഷ്ണു കേരളത്തെ 300 കടത്തി. അധികം വൈകാതെ 149 പന്തിൽ വിഷ്ണു വിനോദും സെഞ്ചുറിയിലെത്തി.

സ്കോർ ബോർഡിൽ 320 റൺസുള്ളപ്പോൾ അക്ഷയ് പുറത്തായി. 20 പന്തു നേരിട്ട അക്ഷയിനെ ഒരു റണ്ണുമായി കുൽദീപ് സെൻ പുറത്താക്കി. ഇതോടെ ശേഷിച്ച രണ്ടു വിക്കറ്റു കൂടി വീഴ്ത്തി കേരളത്തെ ചുരുട്ടിക്കെട്ടാമെന്ന് മധ്യപ്രദേശ് നിനച്ചെങ്കിലും വിഷ്ണു വിനോദും ബേസിൽ തമ്പിയും തരിമ്പും വിട്ടുകൊടുത്തില്ല. സച്ചിൻ സമ്മാനിച്ച ആത്മവിശ്വാസത്തിന്റെ ഊർജത്തിൽ തകർത്തടിച്ച ഇരുവരും പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇതുവരെ 70 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.