Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്‌ലെയ്ഡിൽ ഓസീസിനും ബാറ്റിങ് തകർച്ച; രണ്ടാം ദിനം കളിനിർത്തുമ്പോൾ 191/7

kohli-ashwin ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിനിടെ കോഹ്‍ലിയും അശ്വിനും.

അഡ‌്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്ക് ഇനി തലയും വാലും ചേരണം! ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ചയിൽ ഉടൽ വേർപെട്ടു പോയ ആതിഥേയർ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഏഴിന് 191 എന്ന നിലയിൽ. 61 റൺസോടെ ട്രാവിസ് ഹെഡ് ക്രീസിലുണ്ട്. കൂട്ടിനു വാലറ്റവും. ഇന്നത്തെ ആദ്യ സെഷൻ നിർണായകം. അഡ‌്‌ലെയ്‌ഡിലെ കൊടുംചൂടിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീമിന് ഇത്തിരി തണുപ്പു കിട്ടുമെന്നുറപ്പ്. അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർ 2 വീതവും. ഇന്ത്യയെപ്പോലെ ബാറ്റിങ്ങിൽ തകർന്ന ഓസീസിനു വേണ്ടി രക്ഷാപ്രവർത്തനം ഏറ്റെടുത്തതു ട്രാവിസ് ഹെഡ്. ഹാൻഡ്സ്കോംബുമൊത്തും (34) പാറ്റ് കമ്മിൻസുമൊത്തുള്ള (10) ഹെ‍ഡിന്റെ കൂട്ടുകെട്ടുകളാണ് ഓസ്ട്രേലിയയെ 200ന് അരികെയെത്തിച്ചത്. കളി നിർത്തുമ്പോൾ 8 റൺസോടെ മിച്ചൽ സ്റ്റാർക്കാണ് ഹെ‍ഡിനു കൂട്ട്.

വീണു തുടങ്ങി

ഒന്നാംദിനം 9ന് 250 എന്ന നിലയിൽ കളി നിർത്തിയ ഇന്ത്യയുടെ ഇന്നിങ്സ് രാവിലത്തെ ആദ്യ പന്തിൽ തന്നെ തീർന്നു. ഹെയ്സൽവുഡിന്റെ പന്തിൽ ഷമി, പെയ്ന്റെ കയ്യിലേക്കു പോയി.  എന്നാൽ ബോളിങ്ങിന് ഇറങ്ങിയപ്പോൾ ഇഷാന്ത് അതിനു പരിഹാരം കണ്ടു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ  ഓസീസ് നിരയിലെ ഏറ്റവും പരിചയ സമ്പന്നനായ ആരോൺ ഫിഞ്ചിന്റെ (പൂജ്യം) സ്റ്റംപുകൾ ഇഷാന്ത് ചുഴറ്റി. അരങ്ങേറ്റ താരം മാർക്കസ് ഹാരിസിനെയും (26) ഉസ്മാൻ ഖവാജയെയും (28) അശ്വിൻ പുറത്താക്കി. അശ്വിനെതിരെ എന്നും കഷ്ടപ്പെടുന്ന ഷോൺ മാർഷിന് ഇത്തവണയും പിഴച്ചു. തലേദിവസം ഇന്ത്യ 5ന് 86 എന്ന നിലയിലായിരുന്നെങ്കിൽ ഓസീസ് നാലിന് 87 എന്ന നിലയിൽ. 

തല പൊക്കി...

ഹാൻഡ്സ്കോംബ്–ഹെഡ് കൂട്ടുകെട്ട് സ്കോർ 100 കടത്തിയതോടെ ഓസീസ് ഒന്നു തല പൊക്കി. എന്നാൽ നിലയുറപ്പിച്ചതിനു ശേഷം ഹാൻഡ്സ്കോംബ് വിക്കറ്റ് തുലച്ചു. ബുമ്രയുടെ അതിവേഗത്തിലുള്ള പന്തിനെ ഒരു ഫുട്‌വർക്കുമില്ലാതെ തേഡ്മാനിലൂടെ തിരിച്ചു വിടാൻ ശ്രമിച്ച ഹാൻഡ്സ്കോംബിനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. ക്യാപ്റ്റൻ പെയ്നിന്റെ (5) വേദനാജനകമായ ഇന്നിങ്സ് 20–ാം പന്തിൽ ഇഷാന്ത് തീർത്തതോടെ ഓസീസ് വീണ്ടും വലഞ്ഞു. എന്നാൽ പാറ്റ് കമ്മിൻസിലൂടെ ഹെഡിനു വീണ്ടും നല്ലൊരു കൂട്ട്. കമ്മിൻസ് ഉറച്ചു നിന്നതോടെ (47 പന്തിൽ 10) ഓസീസ് ഇന്നിങ്സിൽ ആദ്യ 50 റൺസ് കൂട്ടുകെട്ട്. എന്നാൽ ബുമ്രയുടെ പന്ത് കളിക്കാൻ മടിച്ചു നിന്ന കമ്മിൻസിന്റെ പാഡിൽ തട്ടി പന്ത്. റിവ്യൂവിനു പോയ കമ്മിൻസ് വിക്കറ്റും റിവ്യൂവും ഒന്നിച്ചു കളഞ്ഞു.

സ്കോർ ബോർഡ് 

ഇന്ത്യ ഒന്നാം ഇന്നിങ്സ്: 250 

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ്: 

ഫിഞ്ച് ബി ഇഷാന്ത്–0, ഹാരിസ് സി വിജയ് ബി അശ്വിൻ–26, ഖവാജ സി പന്ത് ബി അശ്വിൻ–28, മാർഷ് ബി അശ്വിൻ–2, ഹാൻഡ്സ്കോംബ് സി പന്ത് ബി ബുമ്ര–34, ഹെഡ് ബാറ്റിങ്–61, പെയ്ൻ സി പന്ത് ബി ഇഷാന്ത്–5, കമ്മിൻസ് എൽബി ബി ബുമ്ര–10, മിച്ചൽ സ്റ്റാർക് ബാറ്റിങ്–8, എക്സ്ട്രാസ്–17. ആകെ 88 ഓവറിൽ ഏഴിന് 191. 

വിക്കറ്റ് വീഴ്ച: 1–0, 2–45, 3–59, 4–87, 5–120, 6–127, 7–177. 

ബോളിങ്: ഇഷാന്ത് 15–6–31–2, ബുമ്ര 20–9–34–2, ഷമി 16–6–51–0, അശ്വിൻ 33–9–50–3, വിജയ് 4–1–10–0.

ഇന്ത്യയ്ക്ക് പേടി വാലറ്റത്തെ!

ഓസ്ട്രേലിയയെ വിഷമസ്ഥിതിയിലേക്കു തള്ളി വിട്ടെങ്കിലും വാലറ്റത്തെ ഇന്ത്യ പേടിക്കണം. കഴിഞ്ഞ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനങ്ങളിൽ എതിർ ടീമിന്റെ മുൻനിരയെ തകർത്തിട്ടും വാലറ്റത്തിന്റെ ചെറുത്തു നിൽപ് ഇന്ത്യയെ വലച്ചിട്ടുണ്ട്. കഴിഞ്ഞ 14 ടെസ്റ്റ് ഇന്നിങ്സുകളിൽ എട്ടെണ്ണത്തിലും ഇന്ത്യയ്ക്കെതിരെ എതിർ ടീമുകളുടെ വാലറ്റം (7 മുതൽ 10 വരെ കൂട്ടുകെട്ട്) എൺപതിനപ്പുറം സ്കോർ ചെയ്തു. അതിൽ 6 ടെസ്റ്റും ഇന്ത്യ തോറ്റു.

എതിരാളികൾ, വേദി, കൂട്ടുകെട്ട്, റൺസ്, മൽസരഫലം എന്ന ക്രമത്തിൽ

ദക്ഷിണാഫ്രിക്ക        കേപ് ടൗൺ      7–10      84         തോൽവി

ദക്ഷിണാഫ്രിക്ക        സെഞ്ചൂറിയൻ    7–10      84         തോൽവി

ഇംഗ്ലണ്ട്                  ബർമിങം          7–10       94         തോൽവി

ഇംഗ്ലണ്ട്                  ലോർഡ്സ്        7–10       76         തോൽവി

ഇംഗ്ലണ്ട്                  നോട്ടിങ്ങം          7–10       86         ജയം

ഇംഗ്ലണ്ട്                 സതാംപ്ടൻ         7–10       160        തോൽവി

ഇംഗ്ലണ്ട്                 സതാംപ്ടൻ         7–10       93 –––––––(രണ്ടാം ഇന്നിങ്സ്)

ഇംഗ്ലണ്ട്                 ഓവൽ                7–10       155         തോൽവി

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.