എന്തൊരു വീഴ്ച! പാക്കിസ്ഥാൻ 1/101; പിന്നെ, 190നു പുറത്ത്!

ആറു വിക്കറ്റെടുത്ത ഒളിവർ.

സെഞ്ചൂറിയൻ ∙ നൂറു റൺസ് കടക്കുവോളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ പാക്കിസ്ഥാൻ പിന്നീട് 90 റൺസെടുത്തപ്പോഴേക്കും എല്ലാവരും പുറത്ത്! ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ, ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റെടുത്ത ഡുവാൻ ഒളിവർ തന്നെയാണ് രണ്ടാം ഇന്നിങ്സിലും പാക്കിസ്ഥാനെ തകർത്തത്. ഒളിവർ 59 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാദ മൂന്നും ഡെയ്ൽ സ്റ്റെയ്ൻ രണ്ടും വിക്കറ്റുകൾ നേടി. ഇമാമുൽ ഹഖും(57) ഷാൻ മസൂദും(65) മാത്രമാണ് പാക്ക് നിരയിൽ തിളങ്ങിയത്.

രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 190 റൺസിനു പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 148 റൺസ്. ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാന്റെ 181നു മറുപടിയായി ആതിഥേയർ 223 റൺസ് നേടിയിരുന്നു. പിച്ച് പേസ് ബോളർമാരുടെ പറുദീസയാണെങ്കിലും മൂന്നു ദിനം ശേഷിക്കുന്നതിനാൽ ദക്ഷിണാഫ്രിക്കയ്ക്കു വിജയം ലക്ഷ്യം കാണാം. നേരത്തെ ആറിന് 146 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ ടെംബ ബാവുമ(53), സ്റ്റെയ്ൻ(23), ഡികോക്ക്(45) എന്നിവരാണ് ഇരുനൂറു കടത്തിയത്.