വിൻഡീസ് ടീമിലേക്കു വിളിയും കാത്തൊരു ‘ഡാ തടിയാ...’ – വിഡിയോ

കിങ്സ്റ്റൺ∙ ക്രിക്കറ്റിന്റെ വിസ്തൃതമായ ആകാശം സ്വപ്നം കാണാനുള്ള ‘പരമ്പരാഗത രൂപം’ റഖീം കോൺവാളെന്ന വെസ്റ്റ് ഇൻഡീസുകാരനില്ല. എന്നാൽ, രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാനുള്ള സർവ യോഗ്യതകളും തെളിയിച്ചു കാത്തിരിക്കുകയാണ് വിൻഡീസ് ദ്വീപുകളുടെ ഭാഗമായ ആന്റിഗ്വയിൽനിന്നുള്ള ഈ ‘തടിയൻ’ താരം. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനെത്തിയിട്ടുള്ള ഇംഗ്ലണ്ട് ടീമിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഏറ്റവുമൊടുവിൽ കോൺവാൾ വാർത്തകളിൽ ഇടം നേടിയത്.

പരിശീലന മൽസരത്തിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഇലവനു വേണ്ടി കളിക്കാനിറങ്ങിയ താരം 61 പന്തുകളിൽനിന്ന് നേടിയത് 59 റൺസ്. ആറു ബൗണ്ടറികളും മൂന്നു സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. മൽസരം ബോർഡ് ഇലവൻ രണ്ടു വിക്കറ്റിന് തോറ്റെങ്കിലും ക്യാപ്റ്റൻ ജഹമർ ഹാമിൽട്ടനു (90 പന്തിൽ 73) ശേഷം ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോററായി മാറിയ കോൺവാളിന്റെ പ്രകടനം ശ്രദ്ധേയമായി. ആദ്യം ബാറ്റു ചെയ്ത ബോർഡ് ഇലവൻ 48 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് പതറിയെങ്കിലും ഒഠുവിൽ ഏഴു പന്തുകൾ മാത്രം ബാക്കിനിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യത്തിലെത്തി. 97 പന്തിൽ 86 റൺസെടുത്ത ജോണി ബെയർസ്റ്റോ ആയിരുന്നു അവരുടെ ടോപ് സ്കോറർ. ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമായിരുന്നു കോൺവാളിന്റേത്. 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ്! ബെയർസ്റ്റോ, സാം ബില്ലിങ്സ്, ജോ റൂട്ട്, ജോസ് ബട്‌ലർ, ഒയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ് തുടങ്ങിയ വമ്പൻമാർ അണി നിരന്ന ടീമിനെതിരെയാണ് ഈ പ്രകടനം എന്നോർക്കണം. പുറത്താക്കിയതാകട്ടെ മോയിൻ അലിയെയും.

ഇക്കഴിഞ്ഞ ജൂലൈയിൽ വിൻഡീസിൽ പര്യടനത്തിനു പോയ ഇന്ത്യയും ഈ ആറടി അഞ്ചിഞ്ചുകാരന്റെ ഏറു മേടിച്ചിട്ടുണ്ട്. ബോർഡ് പ്രസിഡന്റ് ഇലവനെ നേരിട്ട ഇന്ത്യയുടെ അഞ്ചു വിക്കറ്റുകളാണ് അന്ന് കോൺവാൾ കടപുഴക്കിയത്. ആഭ്യന്തര മൽസരങ്ങളിൽ ലീവാർഡ് ഐലൻഡിന്റെ താരമാണ് ഈ ഇരുപത്തിനാലുകാരൻ.

കോൺവാളിന്റേതിന് ഏതാണ്ടൊരു സമാന ആകാരമുള്ളയാളെ ചൂണ്ടിക്കാണിച്ചാൽ മുന്നിലുള്ള മാതൃക മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് ആയിരിക്കും. ഇന്ത്യയുടെ തന്നെ മുൻ താരം രമേഷ് പവാർ, 2007 ലോകകപ്പിൽ റോബിൻ ഉത്തപ്പയെ പുറത്താക്കിയ ഉജ്വല ക്യാച്ചിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടം നേടിയ ബർമുഡ താരം ഡ്വെയിൻ ലെവെറോക്ക്, ശ്രീലങ്കൻ താരം അർജുന രണതുംഗ, ഇംഗ്ലണ്ടിന്റെ ഇന്ത്യൻ വംശജനായ താരം സമിത് പട്ടേൽ തുടങ്ങിയ കുറച്ചു ‘തടിയൻമാരും’ മുൻ മാതൃകകളായുണ്ട്.‌

കോൺവാൾ കളിച്ച അവസാന 10 അംഗീകൃത മൽസരങ്ങളിലെ പ്രകടനം:

59 and 1/39
2/53 and 30
2 and 3/40
0/40 and 74*
1/6
43 and 1/26
0/45 and 15
70* and 1/25
18 and 0/43
2/35