അശ്വിൻ ഒന്നാമൻ, എട്ടു പോയിന്റ് വ്യത്യാസത്തിൽ ജഡേജ രണ്ടാമതും; നേട്ടം 42 വർഷത്തിനുശേഷം

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. 42 വർഷത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ബോളർമാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങൾ ഒന്നും രണ്ടും സ്ഥാനത്തെത്തി. 887 പോയിന്റുമായി രവിചന്ദ്ര അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അവസാന ടെസ്റ്റിലെ ഉജ്വല ബോളിങ് പ്രകടനത്തിന്റെ പിൻബലത്തിൽ രവീന്ദ്ര ജഡേജ രണ്ടാമതെത്തി. അശ്വിനേക്കാൾ എട്ടു പോയിന്റു മാത്രം പിന്നിലാണ് ജഡേജ. ബോളർമാരുടെ പട്ടികയിൽ രണ്ടു സ്ഥാനം കയറിയ ഇഷാന്ത് ശർമ 23-ാം റാങ്കിലെത്തി.

1974ൽ ബിഷൻസിങ് ബേദിയും ഭഗ്‌വത് ചന്ദ്രശേഖറും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയശേഷം ഈ നേട്ടത്തിലേക്ക് പന്തെറിയുന്ന ആദ്യ ഇന്ത്യൻ താരങ്ങളാണ് അശ്വിനും ജഡേജയും. അശ്വിൻ തന്നെ ഒന്നാമതുള്ള ഓൾറൗണ്ടർമാരുടെ പട്ടികയിലും ജഡേജ മൂന്നാമതെത്തി. ഈ പട്ടികയിൽ ജഡേജയുടെ ഏറ്റവും മികച്ച റാങ്കാണിത്. ഈ വർഷം ഒൻപത് ടെസ്റ്റുകളിൽനിന്ന് 43 വിക്കറ്റുകളും മൂന്ന് അർധസെഞ്ചുറികളും നേടിയ ജഡേജ ഇന്ത്യന്‍ വിജയങ്ങളിലെ നിർണായക സാന്നിധ്യമായിരുന്നു. 90 റൺസുമായി തന്റെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്താനും ജഡേജയ്ക്കായി.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ മികവിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയ ഏഴു വിക്കറ്റുകളാണ് മൽസരത്തിൽ നിർണായകമായത്. പരമ്പരയിലെ പ്രകടനം നേടിക്കൊടുത്ത 66 പോയിന്റുമായാണ് റാങ്കിങ്ങിൽ ജഡേജയുടെ കുതിച്ചുചാട്ടം. പരമ്പരയിലാകെ അശ്വിൻ 28 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ 26 വിക്കറ്റുകൾ സ്വന്തമാക്കി. പരമ്പര ഇന്ത്യ 4-0ന് വിജയിക്കുകയും ചെയ്തു.

ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി രണ്ടാം സ്ഥാനത്തുണ്ട്. ഓസീസ് നായകൻ സ്റ്റീവ് സ്മിത്താണ് ഒന്നാമത്. ഒൻപതാം സ്ഥാനത്തുള്ള ചേതേശ്വർ പൂജാരയാണ് പട്ടികയിൽ ആദ്യ പത്തിലുള്ള രണ്ടാമത്തെ ഇന്ത്യൻ താരം. ചെന്നൈ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർ 122 സ്ഥാനം മെച്ചപ്പെടുത്തി 55-ാം റാങ്കിലെത്തി. 199 റൺസെടുത്ത ലോകേഷ് രാഹുൽ 51-ാം സ്ഥാനത്തുണ്ട്.