വിദേശമണ്ണിൽ ഈ വർഷം ഉജ്വലമാകും: ജഡേജ

ബെംഗളൂരു ∙ വിദേശപര്യടനങ്ങളിൽ മോശം പ്രകടനക്കാരെന്ന വിലയിരുത്തൽ ഈ വർഷത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിട്ടുപോകുമെന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ‘‘ആരാധകരോട് ഒരു വാഗ്ദാനം പോലെ തന്നെ പറയുന്നു, വിദേശമണ്ണിൽ ഇന്ത്യയുടെ പ്രകടനം 2017ൽ മെച്ചപ്പെടും. വിദേശമണ്ണിൽ മോശക്കാർ എന്ന നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണു ടീം.’’– ജഡേജ പറഞ്ഞു.

പരമ്പരയ്ക്കു പിന്നാലെ പരമ്പര വിജയങ്ങളുമായി ഈ വർഷം ഇന്ത്യയ്ക്ക് ഏറെ മികച്ചതായിരുന്നുവെന്ന് ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റുമായി ടീമിനെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജഡേജ പറഞ്ഞു. ഈ വർഷം 11 ടെസ്റ്റുകളിൽ എട്ടെണ്ണത്തിൽ ഇന്ത്യ ജയിച്ചു.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങളെന്ന റെക്കോർഡിന് ഒപ്പമെത്തിയ പ്രകടനം. 2010ൽ എട്ടു വിജയങ്ങളും മൂന്നു പരാജയങ്ങളും മൂന്നു സമനിലകളുമാണ് ഇന്ത്യയെ കാത്തിരുന്നത്.

കായിക ക്ഷമതയിൽ ടീമംഗങ്ങൾ ഏറെ ശ്രദ്ധിക്കുന്നതാണു പ്രകടനത്തിലും പ്രതിഫലിക്കുന്നതെന്നു ജഡേജ പറഞ്ഞു. ‘‘എല്ലാവരും കായികമായി ഏറെ മികച്ച നിലയിലാണ്. ഏറെനേരം ജിമ്മിൽ എല്ലാവരും ചെലവിടുന്നു. അതിന്റെ ഗുണമാണ് ഫീൽഡിലും മറ്റും കാണുന്ന ഊർജത്തിനു പിന്നിൽ.’’– ജഡേജ പറഞ്ഞു.