‘ഞാനെന്റെ ഷൂസ് അഴിച്ചു വച്ച് എന്റെ വേരു തേടിപ്പോകും’

സി.കെ. വിനീത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം.

കളിക്കളത്തിൽ പന്തു തട്ടുന്ന അതേ ആവേശത്തിൽ പാടത്തു പണിയെടുക്കുന്ന ഫുട്ബോൾ താരം സി.കെ.വിനീതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഞാനെന്റെ ഷൂസ് അഴിച്ചു വച്ച് എന്റെ വേരു തേടിപ്പോകും എന്ന അടിക്കുറിപ്പോടെ വിനീത് പങ്കുവച്ച ചിത്രം റീട്വീറ്റ് ചെയ്ത് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇങ്ങനെ കുറിച്ചു: വന്ന വഴി ഓർമിക്കുന്നതും ഇപ്പോഴുള്ളിടത്ത് എത്തിപ്പെടാനുള്ള കഠിനമായ ശ്രമങ്ങളും മറക്കാതിരിക്കുന്നത് ഏറെ നല്ലതാണ്.

വിനീതമായ വരികൾക്കു പരിശീലകന്റെ സ്നേഹവായ്പിന്റെ മേമ്പൊടി. അതോടെ ചിത്രം ആരാധകലോകത്തു മാത്രമല്ല ഫുട്ബോൾ മാനേജ്മെന്റ് ലോകത്തും ഏറെ ചർച്ചയായി. എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അടക്കമുള്ളവർ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.

വീടിനു മുന്നിലെ വയലിലാണു വിനീത് ടില്ലർ ഉപയോഗിച്ച് ഉഴുതത്. അഞ്ചു സെന്റോളം പാടം വിനീത് ഉഴുതെന്ന് അച്ഛൻ സി.വാസു പറയുന്നു. ‘വിനീതിനു സമയം കിട്ടാത്തതിന്റെ കുഴപ്പമേയുള്ളു, അവന് കൃഷിയൊക്കെ ഏറെയിഷ്ടം’– കൃഷിക്കാരനായ അച്ഛന്റെ വാക്കുകൾ. പ്രദേശത്തെ വിഎഫ്പിസികെ വിപണിയുടെ ട്രഷററാണു വിനീതിന്റെ അച്ഛൻ വാസു. ആവശ്യമുള്ളതു സ്വയം കൃഷി ചെയ്യുകയാണ് വിനീതിന്റെ വീട്ടിൽ. വീട് ഇരിക്കുന്ന വട്ടിപ്രം പ്രദേശത്തെ പാടശേഖര സമിതി 25 ഏക്കറോളം നെൽകൃഷി നടത്തുന്നുണ്ട്.

പ്രദേശത്തെ പ്രധാന നെൽകൃഷി മേഖലയാണു വട്ടിപ്രമെന്നും സി.വാസു പറയുന്നു. എതിരാളികൾക്കു പേടി സ്വപ്നമായി ഗോളുകൾ ഉതിർക്കുന്ന ആ കാലുകൾ ചെളിയിൽ പുതഞ്ഞു നിൽക്കുന്ന ചിത്രവും വിനീത് പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനു താഴെ അഭിനന്ദന പ്രവാഹമുമായെത്തിയവർക്കു നന്ദി പറയാനും വിനീത് മറന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി പുതിയ കരാർ ഒപ്പു വയ്ക്കാൻ ഹൈദരാബാദിലായിരുന്നു വിനീത് ഇന്നലെ.