sections
MORE

അവസാന മിനിറ്റിൽ പെനൽറ്റി, ഗോൾ; ബഹ്റൈനോടു തോറ്റ് ഇന്ത്യ പുറത്ത്

gurpreet-singh-sandhu-save
SHARE

ഷാർജ∙ ഇനി കണക്കുകളിലേക്കു കണ്ണയയ്ക്കേണ്ട. അടുത്ത മൽസരത്തിനായി കാത്തിരിക്കുകയും വേണ്ട. ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മൽസരത്തിൽ ബഹ്റൈനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബഹ്റൈനെതിരെ ഇന്ത്യയുടെ തോൽവി. ഇതോടെ, ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തായിപ്പോയ ഇന്ത്യ, ടൂർണമെന്റിനു പുറത്തായി. അതേസമയം, ഗ്രൂപ്പിൽ ഒന്നാമതെത്തിയ യുഎഇയും രണ്ടാമതെത്തിയ ബഹ്റൈനും മൂന്നാമതെത്തിയ തായ്‌ലന്‍ഡും (മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ആനൂകുല്യത്തോടെ) പ്രീക്വാർട്ടറിലേക്കു മുന്നേറി. ഗ്രൂപ്പിൽനിന്നു പുറത്തേക്കുള്ള വഴി കണ്ടത് ഇന്ത്യ മാത്രം.

കളിയുടെ അവസാന നിമിഷം വരെ പൊരുതിനിന്ന ഇന്ത്യയെ ഇൻജുറി ടൈമിൽ പെനൽറ്റിയിൽനിന്നു നേടിയ ഗോളിലാണ് ബഹ്റൈൻ മറികടന്നത്. ജമാൽ റഷീദാണ് വിജയഗോൾ നേടിയത്. ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്റൈനെ പ്രതിരോധക്കരുത്തിൽ അവസാന മിനിറ്റുവരെ പൂട്ടിയിട്ട ഇന്ത്യയ്ക്ക്, അവസാന മിനിറ്റിൽ ക്യാപ്റ്റൻ പ്രണോയ് ഹാൾദർ വഴങ്ങിയ പെനൽറ്റിയാണ് വിനയായത്. ഇതു ലക്ഷ്യത്തിലെത്തിച്ച് ജമാൽ റഷീദ് ബഹ്റൈനെ അടുത്ത റൗണ്ടിലെത്തിച്ചു.

ആദ്യ മൽസരത്തിൽ തായ്‌ലൻഡിനെ നേടിയ വിജയത്തിൽനിന്നു ലഭിച്ച മൂന്നു പോയിന്റു മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇതേസമയത്തു നടന്ന രണ്ടാം മൽസരത്തിൽ യുഎഇയെ സമനിലയിൽ തളച്ചാണ് തായ്‌ലൻഡ് ഗ്രൂപ്പിൽ മൂന്നാമതെത്തിയത്. ഒരു ജയവും രണ്ടു സമനിലയും ഉൾപ്പെടെ അഞ്ചു പോയിന്റുമായി യുഎഇയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഒരു ജയവും സമനിലയും ഉൾപ്പെടെ നാലു പോയിന്റുമായി ബഹ്റൈൻ രണ്ടാം സ്ഥാനത്തെത്തി. തായ്‌ലൻഡിനും നാലു പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതോടെ അവർ മൂന്നാമതായി.

∙ 'ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് ഇത്രയും നന്നായി കളിക്കാനാകുമെന്ന് കരുതിയിരുന്നില്ല. കരുത്തുറ്റ ടീമുകൾക്കൊപ്പം ഞങ്ങൾക്കും സ്ഥാനമുണ്ടെന്നു തെളിയിക്കാനായി. പക്ഷേ, പലപ്പോഴും ഫുട്ബോൾ ഒരു ക്രൂരമായ കളിയാണ്.' - സന്ദേശ് ജിങ്കാൻ (ഇന്ത്യൻ ഡിഫൻഡർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA